ഇടങ്ങള്‍ സൃഷ്ടിക്കപ്പെടേണ്ട ക്രിസ്തുമസ്സ്

0

കാലം ചില 'ഇസങ്ങളെ' (-ism) ചരിത്രത്തില്‍ പതിപ്പിച്ചുകൊണ്ടാണ് തന്‍റെ യാത്ര തുടരുന്നത്. ആദിമ ജനസമൂഹം മുതല്‍ ഇന്നുവരേയും ആ ചരിത്രനിര്‍മ്മിതി തുടര്‍ന്നുകൊണ്ടിരിക്കുന്നു. റിയലിസവും, റോമാന്‍റിസവും, നാഷണലിസവും, ക്യാപ്പിറ്റലിസവും, മോഡേണിസവും, പോസ്റ്റ്-മോഡേണിസവും എല്ലാം അതിന്‍റെ വ്യത്യസ്ത ഭാവലങ്ങള്‍ മാത്രം. 'എക്‌സ്ട്രീമിസം' ആണ് ആധുനിക സമൂഹത്തില്‍  കാലം പതിപ്പിച്ച 'ഇസം'  എന്ന് കരുതപ്പെടുന്നു. (ഇതിന്‍റെ മലയാള പരിഭാഷപോലും അധുനിക സമൂഹത്തില്‍ ഭയം ജനിപ്പിക്കുന്നു). എല്ലാ കാലഘട്ടത്തിലും എക്‌സ്ട്രീമിസ്റ്റുകള്‍ ഉണ്ടായിരുന്നെങ്കിലും അവരെല്ലാം മുഖ്യധാരാ രാഷ്ട്രീയത്തിലോ,  അപ്രസക്തമായ മത നിലപാടുകളിലോ മാത്രമായി ഒതുങ്ങിനിന്നിരുന്നു.

എന്നാല്‍  ഇന്ന് ജീവിതത്തിന്‍റെ സമസ്ത മേഖലകളിലും എക്‌സ്ട്രീമിസ്റ്റുകളുടെ സ്വാധീനം വളരെ നിര്‍ണ്ണായകമായിരിക്കുന്നു. വൈകാരികവിഷയമായ മതത്തില്‍  ഇന്ന് ഇവരൂടെ സാന്നിധ്യം  ഭയാശങ്ക  ഉളവാക്കുന്നു. നിത്യ ജീവിതത്തില്‍  ഈ പ്രതിഭാസം മറ്റൊരു  വിധത്തില്‍   പ്രതിബിംബിക്കുന്നു.   അത് ജീവനത്തിന്‍റെ സാമൂഹിക വ്യവസ്ഥിതികളില്‍  നിന്ന്  “മധ്യവര്‍ഗ്ഗത്തെ” (middle class/moderates) നിഷ്‌കാസനം ചെയ്യിപ്പിച്ചിരിക്കുന്നു. ഉദാഹരണമായി പഴയ തലമുറ സമൂഹത്തെ മൂന്നായി തരം തിരിച്ചിരുന്നു; പാവങ്ങള്‍ , ഇടത്തരക്കാര്‍ , സമ്പന്നര്‍. ഇന്ന് “ഇടത്തരക്കാര്‍”  എന്ന വര്‍ഗ്ഗം  സമൂഹത്തില്‍ ഇല്ലാതായിരിക്കുന്നു. ഒന്നുകില്‍  സമ്പന്നര്‍ അല്ലെങ്കില്‍ ദരിദ്രര്‍ എന്ന് സമൂഹത്തെ  വര്‍ഗീകരിച്ചിരിക്കുന്നു. ക്യാപ്പിറ്റലിസത്തിന്റെ വളര്‍ച്ച  ഒരു പരിധി വരെ ഈ പ്രതിഭാസത്തിന് ത്വരിതവേഗം നല്‍കിയിട്ടുണ്ട്.

സമൂഹത്തെ  രണ്ടായി തരം തിരിക്കുകയും, അവരെ പരസ്പരം കൂടിച്ചേരാന്‍  അനുവദിക്കാതിരിക്കുകയും ചെയ്യുന്ന  സാമൂഹിക വ്യവസ്ഥിതിയുടെ മധ്യത്തിലാണ് 2014 ലെ ക്രിസ്തുമസ്  പ്രസക്തമാകുന്നത്. ക്രിസ്തുമസ്  ക്രിസ്ത്യാനികളുടെ മാത്രം ആഘോഷമല്ല . ആ വിധം അത് ചുരുക്കപ്പെടുമ്പോഴാണ് ക്രിസ്തുമതത്തിന്‍റെ തത്വസംഹിതകള്‍ക്ക് ഇടിവ് സംഭവിച്ചത്. ക്രിസ്തുവിന്‍റെ ജനന സമയത്ത്  വാനില്‍ മാലാഖമാര്‍  പാടിയ ഗാനം ഇന്നും  പ്രസക്തമാകുന്നത് അവിടെയാണ്; “സര്‍വജനത്തിനും ഉണ്ടാകുവാനുള്ള  മഹാസന്ദേശം” . ക്രിസ്ത്യാനിക്ക്  മാത്രമല്ല, മറിച്ച്  സര്‍വ്വജനത്തിനുമുള്ള  സദ്-വാര്‍ത്ത. 'ക്രിസ്തു’ എന്ന  ഗ്രീക്ക്  പദത്തിന് അഭിഷേകം ചെയ്യപ്പെട്ടവന്‍  എന്നാണ് അര്‍ഥം. താന്‍  ഏതിനെല്ലാമാണ് അഭിഷേകം ചെയ്യപ്പെട്ടിരിക്കുന്നത് എന്നതിന്‍റെ ഉത്തരമായിരുന്നു, അവിടുത്തെ ജീവിതം. അതില്‍ ആദ്യ സംഭവമായിരുന്നു  'തിരുജനനം'.  ബേത്‌ലഹേം എന്ന  ചെറുപട്ടണത്തിലെ ജനനത്തിന്‍റെ  ചിത്രങ്ങള്‍ ആ ദൂതിനെ സാക്ഷീകരിക്കുന്നു.

സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ പ്രതിനിധിയായ തച്ചനായ ഒരൂ വൃദ്ധന്‍. ലോക പരിജ്ഞാനമില്ലാത്ത, അവഗണിക്കപ്പെടുന്ന  സ്ത്രീത്വത്തിന്‍റെ ഭാഗിനേയിയായ ഒരു പെണ്‍കുട്ടി. തങ്ങള്‍ക്ക് അവകാശമില്ലാത്തതും, എന്നാല്‍  സ്വന്തം ജീവന്‍ നല്‍കി സംരക്ഷിക്കേണ്ടതുമായ ആടുകളെ പരിപാലിക്കുന്ന  ഇടയന്മാര്‍. തങ്ങളുടെ പാലും, രോമങ്ങളും, മാംസവും നല്‍കി, തന്‍റെ സമസ്തവും മറ്റുള്ളവര്‍ക്കായി നല്‍കുന്ന  ബലിമൃഗങ്ങളായ ആടുകള്‍. ഈ നിത്യദരിദ്രരുടെ മധ്യത്തിലേക്കാണ് ദൈവം ഇറങ്ങി വരുന്നത്. 'ദൈവം ദരിദ്രനാകുന്നു' എന്ന കവിയുടെ സന്ദേശം എല്ലാ ദരിദ്രരെയും തെല്ലൊന്ന്  ആശ്വസിപ്പിക്കുന്നതാക്കുന്നു.. വീണ്ടും  മറ്റൊരു കൂട്ടര്‍. അവര്‍ക്ക് സാധാരണക്കാരന്‍റെ പ്രശ്‌നങ്ങളെക്കുറിച്ച്  വലിയ ധാരണകള്‍  ഒന്നുമില്ല. സമ്പന്നതയുടെ മടിത്തട്ടില്‍, സുഖഭോഗങ്ങളുടെ ആസക്തി ജീവിതത്തില്‍  പടര്‍ത്തിയ രാജകീയ പ്രതിനിധികള്‍. അതോടൊപ്പം  സാധാരണക്കാരന് അന്യമായ വിജ്ഞാനവും, സാങ്കേതികത്വവും കൈമുതലാക്കിയ ഉന്നതരുടെ പ്രതിനിധികള്‍ . മഹാരാജാവിന്‍റെ ജനനം നക്ഷത്രത്തിന്റെ വഴികളിലൂടെ കണ്ടെത്തിയ മഹാന്മാരുടെ പ്രതിനിധികള്‍. പക്ഷേ രാജ കൊട്ടാരത്തിലല്ല , താഴ്മയുടെ പുല്‍തൊട്ടിലിലാണ് ദൈവം ഉറങ്ങുന്നതെന്ന്  ഉന്നതത്തിലെ നക്ഷത്രം അവരെ ബോദ്ധ്യപ്പെടുത്തി. അവസാനമായി ആകാശത്തിലെ സാലഭഞ്ജികമാര്‍. തങ്ങളുടെ നഗ്ന നേത്രങ്ങള്‍ കൊണ്ട്  കാണുവാന്‍ സാധിക്കാത്ത വിധത്തില്‍ പ്രഭാപൂരിതനായ ദൈവം വെറും മാനവ കരങ്ങളില്‍ ലാളിക്കപ്പെടുന്നത് കണ്ട്  അതിശയം കൊള്ളുന്ന  മാലാഖക്കൂട്ടം. ആ അത്ഭുതം  ഗീതികളാല്‍  അവര്‍  ഉച്ചത്തില്‍ പാടുന്നു. ആകാശം പ്രഭാപൂരിതമാകുന്നു.  മേല്‍പ്പറഞ്ഞവരെല്ലാം തിരു ജനനത്താല്‍  'ഒരിടത്തിന്‍റെ'  പങ്കുകാരാകുന്നു.

ക്രിസ്തുമസ്  ഒരു ഇടം സൃഷ്ട്ടിക്കലാണ്. എല്ലാവര്‍ക്കും ഒരു പോലെ എത്തിച്ചേരാവുന്ന ഒരിടം. ജഗത്ഗുരു ശ്രീനാരായണന്‍റെ വാക്കുകള്‍  കടമെടുത്താല്‍  ''…സോദരത്വേന വാഴുന്ന…'' ഒരു മാതൃകാ സ്ഥാനം. അത് അഭൗമമായ മറ്റൊരു ലോകമല്ല , മറിച്ച് ഈ ഭൂമിയില്‍  തന്നെ  സൃഷ്ട്ടിക്കപ്പെടെണ്ട ഒന്നാണെന്ന് ക്രിസ്തു ഓര്‍മ്മിപ്പിക്കുന്നു. ''ദൈവരാജ്യം നിങ്ങള്‍ക്കിടയിലാണ്'' (വി. ലൂക്കോസ് 17:21).  ഇവിടെ ആവശ്യം എക്‌സ്ട്രീമിസ്റ്റുകളെ അല്ല, , മറിച്ച് സര്‍വ്വരെയും ഉള്‍ക്കൊള്ളുന്ന സമത്വത്തിന്റെ ഇടമാണ്.

വിഭജനത്തിന്‍റെ മുറിവുകളാല്‍  ലോകം പരിക്ഷീണിതമായായിരിക്കുന്നു. ആധുനിക മനുഷ്യനാകട്ടെ  ഇതിന്‍റെ ഭയാനകതയില്‍ വിരണ്ടിരിക്കുന്നു. ആര്‍ക്കും ഒന്നും ചെയ്യാനാകാത്ത ഈ സാഹചര്യത്തില്‍ പരസ്പരം ഒത്തിരിക്കാവുന്ന  'ഇടങ്ങള്‍' സൃഷ്ടിക്കപ്പെടുകയാണ്  ഇന്നിന്‍റെ ആവശ്യം. ക്രിസ്തുമസ് ലോകത്തിന് നല്‍കുന്ന മഹത്തായ സന്ദേശവും അത് തന്നെ. 'ഒരുമിച്ച്, സമാധാനത്തോടെ  ഒത്തിരിക്കാവുന്ന ഒരിടം' ,  ഭൂമിയെ ആ ഇടമാക്കി മാറ്റുവാന്‍ ഈ ക്രിസ്തുമസ്  മുഖാന്തിരമാകട്ടെ! പേഷ്‌വാറിലെ കുരുന്നുകളുടെ നിണം അത് നമ്മോട് ആവശ്യപ്പെടുന്നു. പ്രവാസി എക്‌സ്പ്രസിന്‍റെ എല്ലാ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ  ക്രിസ്തുമസ് –നവ വത്സരാശംസകള്‍..

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.