എയര്‍കേരളയ്ക്ക് മുന്നോടിയായി ആഭ്യന്തര വിമാനസര്‍വ്വീസ് തുടങ്ങുമെന്ന് മുഖ്യമന്ത്രി

0

കൊച്ചി: എയര്‍ കേരള വിമാനക്കമ്പനി രൂപീകരിക്കുന്നതിനു മുന്നോടിയായി ചെറിയ വിമാനം ഉപയോഗിച്ച് കേരളത്തിലെ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് ആഭ്യന്തര വിമാനസര്‍വ്വീസ് തുടങ്ങുമെന്ന് മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി അറിയിച്ചു. ആഗോള പ്രവാസി കേരളീയ സംഗമത്തോടനുബന്ധിച്ച് നടന്ന മുഖാമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

എയര്‍ കേരള ആരംഭിക്കണമെങ്കില്‍ അഞ്ചുവര്‍ഷമെങ്കിലും ആഭ്യന്തര വിമാനസര്‍വ്വീസ് നടത്തിയിരിക്കണമെന്ന് നിബന്ധനയുണ്ട്. ഇത് ഒഴിവാക്കണമെന്ന കേരളത്തിന്റെ അഭ്യര്‍ഥന അംഗീകരിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തില്‍ കമ്പനി തുടങ്ങുന്നതിനുള്ള അനുഭവപരിചയം നേടുന്നതിനായാണ് ആഭ്യന്തര സര്‍വ്വീസ് ആരംഭിക്കാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികള്‍ അനുഭവിക്കുന്ന യാത്രാ പ്രശ്‌നങ്ങള്‍ പ്രതിനിധികളിലൊരാള്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
 
വിദേശരാജ്യങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി കേരളത്തില്‍ മടങ്ങിയെത്തുന്ന കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസം സംബന്ധമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായി പ്രത്യേകം സെല്‍ ആരംഭിക്കണമെന്ന ആവശ്യവും മുഖ്യമന്ത്രി അംഗീകരിച്ചു. ഇതില്‍ വിവിധ വിദ്യാഭ്യാസ മാനേജ്‌മെന്റുകളേയും വിദ്യാഭ്യാസ രംഗത്തെ വിദഗ്ദ്ധരേയും ഉള്‍പ്പെടുത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദേശരാജ്യങ്ങളില്‍ സാങ്കേതിക മേഖലയിലും മറ്റും അനവധി വര്‍ഷങ്ങള്‍ പ്രവര്‍ത്തനപരിചയം നേടിയാലും അക്കാര്യം വ്യക്തമാക്കുന്ന ഔദ്യോഗിക സര്‍ട്ടിഫിക്കറ്റുകളില്ലാത്തത് ഉന്നത ജോലി നേടുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് മറ്റൊരു പ്രതിനിധി ചൂണ്ടിക്കാട്ടി. കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സിനു (കെയ്‌സ്) കീഴിലുള്ള പദ്ധതിയിലൂടെ ഇതിന് പരിഹാരം കാണാനാകുമെന്ന് തൊഴില്‍- നൈപുണ്യ വകുപ്പു മന്ത്രി ശ്രീ ഷിബു ബേബി ജോണ്‍ പറഞ്ഞു. കെയ്‌സ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന് ആഗോളതലത്തില്‍ അംഗീകാരമുണ്ടായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

നോര്‍ക്ക വകുപ്പു മന്ത്രി ശ്രീ കെ.സി.ജോസഫ്, അഡീഷണല്‍ ചീഫ് സെക്രട്ടറി ശ്രീ ജിജി തോംസണ്‍, നോര്‍ക്ക സെക്രട്ടറി ശ്രീമതി റാണി ജോര്‍ജ്, നോര്‍ക്ക റൂട്‌സ് വൈസ് ചെയര്‍മാന്‍മാരായ ശ്രീ എം.എ.യൂസുഫലി ശ്രീ സി.കെ.മേനോന്‍ എന്നിവരും പ്രവാസികാര്യ പ്രമുഖരും സംഘടനാ പ്രതിനിധികളും മുഖാമുഖത്തില്‍ പങ്കെടുത്തു.