വീണ്ടും പറന്നുയരാന്‍

0

ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ സെന്റര്‍ ആയ വിക്രം സാരാഭായ് സ്പേസ് സെന്ററിലെ  RLV ടെക്നോളജി ഡവലപ്മെന്‍റ് ടീമിന്‍റെ 10 വര്‍ഷത്തെ പരീക്ഷണങ്ങളുടെ ഫലമായി  'റീ യൂസബിള്‍ ലോഞ്ച് വെഹികിള്‍'  ശ്രീഹരിക്കോട്ടയില്‍ പരീക്ഷണ പറക്കലിനായുള്ള തയ്യാറെടുപ്പില്‍.

ദൌത്യവുമായി ഒരു തവണ പറന്നുയര്‍ന്ന ശേഷം തിരിച്ചു വരവില്‍ കടലാഴങ്ങളില്‍ പതിക്കുകയോ അല്ലെങ്കില്‍ അന്തരീക്ഷത്തില്‍ പൊട്ടിച്ചിതറുകയോ ചെയ്തു പോകുകയാണ് ഓരോ ബഹിരാകാശ വാഹനവും. ഒരുതവണ ഉപയോഗിച്ച് കളയുക എന്ന സാധാരണ സങ്കല്‍പ്പം ഒഴിവാക്കി വീണ്ടും ഉപയോഗിക്കാനാകുന്ന തരത്തിലുള്ള ശൂന്യാകാശ വാഹന നിര്‍മ്മാണത്തിലാണ് RLV ടെക്നോളജി ഡവലപ്മെന്‍റ് സംഘം .

റോക്കറ്റ് വിക്ഷേപണം സാധാരണമാണെങ്കിലും ഫ്ലോറിഡയില്‍ ജനുവരി 10 ന് ഡ്രാഗണ് സാറ്റലൈറ്റുമായി ഇന്‍റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനിലേക്കുള്ള ഭക്ഷണവും ഉപകരണങ്ങളുമായി പുറപ്പെട്ട ‘സ്പേസ് X’ ന്‍റെ വിമാന മാതൃകയിലുള്ള റോക്കറ്റ് ‘ഫാല്‍കന്‍ 9' ലാന്‍ഡ് ചെയ്യുന്നത് ലോകം ശ്വാസം അടക്കിപ്പിടിച്ചു കാണുകയായിരുന്നു. പ്രതീക്ഷകള്‍ തെറ്റിച്ചു  അത് ലാന്‍റിക് സമുദ്രത്തിനു മുകളില്‍ പൊങ്ങിക്കിടക്കുന്നതിനു പകരം മുങ്ങിപോവുകയായിരുന്നു. അതോടെ നവീകരിച്ചു പുതിയൊരു വിമാനം ഉണ്ടാക്കുക എന്ന ‘സ്പേസ് X’ ന്‍റെ സ്വപ്നം നിരാശയായി മാറി.

ഇപ്പോള്‍ ഇന്ത്യയും RLV എന്ന സ്വപ്ന യാഥാര്‍ത്ഥ്യത്തിനായുള്ള പരീക്ഷണങ്ങളിലാണ്. വീണ്ടും ഉപയോഗിക്കാനാവുക എന്നത് കൂടാതെ ജലോപരിതലത്തില്‍ ലാന്‍ഡ് ചെയ്യുന്നതിന് പകരം റണ്‍ വേയില്‍ തന്നെ പതുക്കെ ലാന്‍ഡ് ചെയ്യാനാകുന്ന തരത്തിലും സ്പേസ് ഫ്ലൈറ്റുകളെ മാറ്റിയെടുക്കാനുള്ള പരീക്ഷണങ്ങളും നടക്കുന്നുണ്ട്. ഇതിനു ഇനിയും കാല താമസം എടുക്കും. ISRO കൂടാതെ സ്പേസ് X, US ലെ ബ്ലൂ ഒറിജിന്‍ ആന്‍ഡ് വിര്‍ജിന്‍ ഗാലാക്ടിക്, ചൈന വര്‍ക്ക് ചെയ്യുന്ന പാരാഗ്ലൈഡര്‍ ടൈപ്പ് വിംഗ് ഉള്ള റോക്കറ്റ് ബൂസ്റ്റര്‍ റിക്കവര്‍, ബ്രിട്ടീഷ് പ്രോജക്റ്റ് സ്കൈലോണ്, ഫ്രഞ്ച് സ്പേസ് ഏജന്‍സി CNES യും ചില യൂറോപ്യന്‍ രാജ്യങ്ങളും ചേര്‍ന്നും RLV സാധ്യമാക്കാനുള്ള പരീക്ഷണങ്ങളിലാണ്. റഷ്യ എയര്‍ ഷോയില്‍ റണ്വേയില്‍ ഇറക്കാവുന്ന സ്പേസ് ക്രാഫ്റ്റ് ക്ളിപ്പര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. എങ്കിലും ഇതൊക്കെ യാഥാര്‍ത്ഥ്യമാകാന്‍ ഇനിയും വര്‍ഷങ്ങള്‍ വേണ്ടി വരും.

ശൂന്യാകാശ വാഹനങ്ങള്‍ വീണ്ടും ഉപയോഗിക്കാനാകുമ്പോള്‍, വാഹന നിര്‍മ്മാണ ചിലവ് വളരെയധികം കുറയ്ക്കാനാകും. വിക്രം സാരാഭായ് സ്പേസ് സെന്‍ററിലെ അസ്സോസ്സിയേറ്റ് ഡയറക്ടറും RLV TD ടീമിലെ അംഗവുമായ എസ്. സോമനാഥ് പറഞ്ഞു. അദ്ദേഹമായിരുന്നു GSLV MK 111യുടെ പ്രോജക്റ്റ് ഡയറക്ടര്‍. ഇന്ത്യയുടെ തന്നെ ശാസ്ത്രജ്ഞരും മറ്റു വിദഗദ്ധരും ഉള്ളതുകൊണ്ട് പരീക്ഷണങ്ങള്‍ക്കായുള്ള ഗവന്മെന്‍റ് ബഡ് ജറ്റില്‍ അധിക ചിലവില്ലാതെ RLV വികസിപ്പിച്ചെടുക്കാനാകും. യഥാര്‍ത്ഥ RLV 60 മീറ്റര്‍ നീളം വരും. ഇത് പ്രാവര്‍ത്തികമാക്കാനുള്ള ഗവണ്‍മെന്‍റ് അനുവാദം ലഭിക്കണം. ഗ്രീന്‍ സിഗ്നല്‍ ലഭിച്ചാല്‍ ഇനി ഒന്നില്‍ നിന്നും തുടങ്ങേണ്ട ആവശ്യമില്ല. സാധാരണ വിമാന യാത്രകള്‍ക്ക് ഇന്ധന ചിലവാണ് കൂടുതല്‍ എങ്കില്‍ ശൂന്യാകാശ വാഹനങ്ങളില്‍ ഇന്ധനമായി ഉപയോഗിക്കുന്ന ഓക്സിജന്‍, നൈട്രജന്‍, ഹൈഡ്രജന്‍ ചെലവ് താരതമ്മ്യേന വളരെ കുറവാണ് എങ്കിലും ഇതിന്‍റെ നിര്‍മ്മാണത്തിനാവശ്യമായ ഉത്പന്നങ്ങളുടെ ചിലവ് വളരെ അധികമാണ്. ഒരു കിലോ ഉത്പന്ന നിര്‍മ്മാണത്തിന് തന്നെ വേണം $5000. ഇത് $500 ആയി കുറച്ചാല്‍ സ്പേസ് ബജറ്റില്‍ വളരെയധികം ലാഭിക്കാന്‍ കഴിയും അദ്ദേഹം വ്യക്തമാക്കി.

5 മീറ്റര്‍ നീളത്തിലുള്ള, ഇരട്ട വാലും, ചിറകുമുള്ള സ്പേസ് ക്രാഫ്റ്റ്, റോക്കറ്റിന് മുകളില്‍ ഘടിപ്പിച്ചിട്ടുള്ള മാതൃകയിലുള്ള ഈ വാഹനം ശബ്ദത്തിന്‍റെ 5 മടങ്ങ് വേഗതയില്‍ സഞ്ചരിക്കും. ഇത് കടലിനു മുകളില്‍ സീ പ്ലയിന്‍ പോലെ ലാന്‍ഡ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരികെ വരുന്പോള്‍ താപത്താല്‍ പൊട്ടി തകരാതിരിക്കാന്‍ RLV അലൂമിനിയം ലോഹക്കൂട്ടുകള്‍ തെര്‍മല്‍ ഇന്‍സുലേഷന്‍റെ രണ്ടു അടുക്കുകളാല്‍ ആവരണം ചെയ്തു നിര്‍മ്മിച്ചതാണ്. താപ വ്യതിയാനങ്ങളില്‍ സംരക്ഷണം നല്‍കാന്‍ വാലിന്‍റെയും ചിറകിന്‍റെയും അറ്റങ്ങളില്‍, റോക്കറ്റ് നോസിലില്‍ ഉപയോഗിക്കാറുള്ള നിക്കല്‍-ക്രോമിയം (Inconel) ലോഹക്കൂട്ടു കൊണ്ടു ആവരണം ചെയ്തിട്ടുണ്ട്. യഥാര്‍ത്ഥ RLV യില്‍ നിന്നും ഒരുപാട് വ്യത്യസ്തതയുള്ളതാണ് ഈ ടെക്നോളജിക്കല്‍ ഡവലപ്മെന്‍റ് ഫ്ലൈറ്റ് . ആദ്യഘട്ട (HEX) പ്രദര്‍ശനം വിജയകരമായാല്‍ TSTO മാതൃകയില്‍  RLV എന്ന യാഥാര്‍ത്ഥ്യത്തിലേക്കുള്ള ISRO സ്വപ്നം എളുപ്പം സാധ്യമാകും. ശ്യാം മോഹന്‍ ആണ് RLV TD പ്രൊജക്റ്റ് ഡയറക്ടര്‍.

ശൂന്യാകാശ വിമാനം ഓരോ തവണയും ഉപയോഗിച്ച് കളയുമ്പോള്‍ ഉണ്ടാകുന്ന ഭീമമായ നഷ്ടത്തിന് അറുതി വരുത്താന്‍ ഈ ടെക്നോളജിയുടെ വിജയത്തോടെ സാധ്യമാകുന്നതാണ്. ഭദ്രമായും സുഖപ്രദമായും അധിക ചിലവില്ലാതെയും ബഹിരാകാശത്തേക്കും തിരിച്ചും ഒരു യാത്ര ആഗ്രഹിക്കുന്നവര്‍ക്കും ടെക്നോളജിയുടെ വിജയം ഭാവിയില്‍ ബഹിരാകാശയാത്ര എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയേക്കാം.