ടി. സുരേഷ് കുമാര്‍

ആര്‍. ബി. പ്രമോദ്

“സാഹിത്യവിമര്‍ശകര്‍ക്ക് എങ്ങുംതന്നെ പ്രതിമ പണിയാറില്ല എന്ന പഴയകാലമൊഴിയില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടെന്നു തോന്നുന്നില്ല. വിമര്‍ശകര്‍ ഒന്നുകില്‍ സഹിക്കപ്പെടുന്നു, അല്ലെങ്കില്‍ ഭയക്കപ്പെടുന്നു; വിരളമായി മാത്രം സ്നേഹിക്കപ്പെടുന്നു. വിമര്‍ശനചരിത്രത്തിന്‍റെ പ്രാരംഭം മുതല്‍ അതിനെ വേട്ടയാടുന്ന ദുര്‍വിധിയാണിതെങ്കിലും അടുത്തകാലത്ത് ഒരു നിരൂപകന്‍റെ മരണശേഷം നമ്മുടെ കൊച്ചുകേരളം സാക്ഷ്യംവഹിച്ചത്, സാഹിത്യവിമര്‍ശനത്തെ അനുധാവനം ചെയ്തിരുന്ന കാലപ്പഴക്കമാര്‍ന്ന  ആ ശാപത്തിന്‍റെ മോചനത്തിനായിരുന്നു”. കെ.പി.അപ്പന് സ്മരണാഞ്ജലിയര്‍പ്പിച്ചുകൊണ്ട് വി. രാജകൃഷ്ണന്‍, കേന്ദ്രസാഹിത്യ അക്കാദമിയുടെ ‘ഇന്ത്യന്‍ ലിറ്ററേച്ചര്‍’ ജേര്‍ണലില്‍ (മാര്‍ച്ച്/ഏപ്രില്‍ 2009) എഴുതിയ ലേഖനത്തിലെ വരികളാണിത്‌.

“മരണശേഷം അഥവാ ഞാന്‍ സ്വര്‍ഗ്ഗത്തിലകപ്പെട്ടാല്‍ അവിടെ വിമര്‍ശനമില്ലെങ്കില്‍ അത് എനിക്കു സ്വര്‍ഗ്ഗമായിരിക്കുകയില്ല.” കെ. പി. അപ്പന്‍ ‘ഫിക്ഷന്‍റെ അവതാരലീലകള്‍’ എന്ന തന്‍റെ പുസ്തകം തുടങ്ങുന്നത് ഈ പ്രഖ്യാപനത്തിലൂടെയാണ്. വിമര്‍ശനം രാപ്പകലാകമാനം, തന്നെ വലയം ചെയ്യുന്നുവെന്നും തന്‍റെ ജീവിതബോധത്തിന്‍റെ വികാസവും വിമര്‍ശനബോധത്തിന്‍റെ വികാസവും ഒന്നിച്ചാണ് സംഭവിക്കുന്നതെന്നും വിളംബരം ചെയ്ത്, സാഹിത്യനിരൂപണത്തെ സര്‍ഗ്ഗസാഹിത്യത്തിന്‍റെ  ഇടുങ്ങിയതും ഇരുളടഞ്ഞതുമായ സമാന്തരപാതയിലൂടെയാനയിച്ച്, ഉദാത്തമായ ആസ്വാദനബോധത്തിന്‍റെ സുന്ദരവും പ്രകാശലസിതവുമായ ഉച്ചസ്ഥലികളില്‍ പ്രതിഷ്ഠിച്ച തൂലികയിലെ അക്ഷരസ്പന്ദം നിലച്ചിട്ട് ആറു വര്‍ഷം കഴിഞ്ഞിരിക്കുന്നു. സര്‍ഗ്ഗാത്മകവിമര്‍ശനത്തിന്‍റെ അമരക്കാരന്‍ കെ. പി. അപ്പന്‍ 2008 ഡിസംബര്‍ 14നാണ് വിട പറഞ്ഞത്. എന്തോ പറയാനെന്നപോലെ, പെയ്യാന്‍ വെമ്പി നില്‍ക്കുന്ന കാര്‍മേഘങ്ങളെ മഴയേക്കാള്‍ ഇഷ്ടപ്പെട്ട ആ “കാര്‍ത്തിക” നക്ഷത്രം മകരമഞ്ഞു പൊഴിയാന്‍ കാത്തു നില്‍ക്കാതെ പൊലിഞ്ഞു.

പ്രവാഹസന്നദ്ധമായി നില്ക്കുന്ന കവിതപോലെയാണ് കാര്‍മേഘമെന്ന് എഴുതിയ  കെ. പി. അപ്പന്‍റെ ‘പ്രകോപനങ്ങളുടെ പുസ്തകം’ നിരൂപണം ചെയ്ത ആഷാ മേനോന്‍ ഈ കല്പനയെ വിമര്‍ശനത്തിന്‍റെ ഭൂമികയില്‍ ഇങ്ങനെ പരാവര്‍ത്തനം ചെയ്യുന്നു: “വായന, അനുസ്യൂതമായ വായന, മേഘശകലങ്ങളിലെ വിഹാരമാണ്; അത് വാര്‍ന്നൊഴുകുമ്പോഴാണ് വിമര്‍ശനം സംഭവിക്കുക”. പ്രകോപനത്തോടെ നില്‍ക്കുന്ന ഓരോ കൃതിക്കും മുന്‍പില്‍,  തന്നെ നിരായുധനും നിരാലംബനുമാക്കൂ എന്ന് വിനീതനായി അപേക്ഷിച്ചു കൊണ്ട്, ആ കലാസൃഷ്ടികള്‍ക്കുമേല്‍ വായനയിലൂടെ താന്‍ വരിച്ച വിജയം, ആസ്വാദകരില്‍ നവ്യദര്‍ശനങ്ങളായി വര്‍ഷിക്കപ്പെട്ടതാണ് അപ്പന്‍റെ വിമര്‍ശന സാഹിത്യമെന്നു നാമറിയുന്നു.

നാം അതുവരെയറിയാത്ത മറ്റൊരു കാഫ്കയെയും കമ്യുവിനെയും പരിചയപ്പെടുത്തിയ അദ്ദേഹം, മരണത്തിന്‍റെ സംഗീതം മുഴങ്ങുന്ന ഇടപ്പള്ളിക്കവിതകളുടെ ഇടനാഴികളും കാട്ടിത്തന്നു. ഖസാക്കിന്‍റെ നിത്യഹരിതഭംഗിയിലേക്കും നാട്ടിടവഴികളിലേക്കും നാം അപ്പനോടോപ്പം നടന്നു. ക്ലാസ്സ് മുറികളില്‍ ഇളം കാറ്റായി, ചാറ്റല്‍മഴയായി, വാക്കിന്‍റെ പൂമാരിയായി അദ്ദേഹം പെയ്തിറങ്ങിയിരുന്നു. സി.വി. രാമന്‍പിള്ളയും കുമാരനാശാനും പി. കുഞ്ഞിരാമന്‍നായരും ഒ.വി. വിജയനും  അദ്ദേഹത്തിനു പ്രിയപ്പെട്ടവരായി. ആ ക്ലാസുകളില്‍ അവര്‍ നിത്യസാന്നിദ്ധ്യമായി. പ്രജാപതിയുടെ ആധികാരികസ്വഭാവവും, പ്രവാചകന്‍റെ ദീര്‍ഘദൃഷ്ടിയും സുവിശേഷകന്‍റെ സുവചനവും, ഇതിനെല്ലാമുപരി അഭിപ്രായസ്ഥിരതയും അദ്ദേഹത്തിന്‍റെ ക്ലാസ്സുകളിലും പ്രഭാഷണങ്ങളിലും രചനകളിലും നിറഞ്ഞുനിന്നു.

വിവാദം സൃഷ്ടിക്കുംവിധം മാത്രം നിര്‍വചിക്കാവുന്ന സാഹിത്യരൂപമായിരിക്കണം വിമര്‍ശനമെന്നു വിശ്വസിച്ച അപ്പന്‍, ആ പദത്തിന്‍റെ പര്യായവും നാനാര്‍ത്ഥവും മലയാളികള്‍ക്ക്  വിശദമായി പറഞ്ഞു കൊടുത്ത്, വിമര്‍ശനശാഖയ്ക്ക് തനതായ വ്യക്തിത്വവും അസ്തിത്വവും ഉണ്ടെന്ന് വേറിട്ട ശബ്ദത്തിലൂടെ തെളിയിച്ചു. തന്‍റെ  വ്യക്തമായ അഭിപ്രായങ്ങളില്‍, കലഹിക്കാതെതന്നെ വിശ്വസിക്കാനും ഉറച്ചു നില്ക്കാനും കഴിഞ്ഞിരുന്ന അപ്പന്‍, ‘തിരസ്കാരം’ എന്ന തന്‍റെ കൃതി “കലാ തത്വശാസ്ത്രം” എന്ന ഗണത്തില്‍പ്പെടുത്തുമ്പോള്‍, മലയാളിക്ക് ഏറെക്കുറെ അപരിചിതമായിരുന്ന ഒരു പാത കാട്ടിക്കൊടുത്തതോടോപ്പം ചിലതെല്ലാം ഉറക്കെ പ്രഖ്യാപിക്കുകയും കൂടിയായിരുന്നു.

“ഒരു പുതിയ സൃഷ്ടി എന്നു പറഞ്ഞാല്‍ ഒരു പുതിയ ഭാഷയുടെ സൃഷ്ടിയാണെ”ന്ന ‘തിരസ്കാര’ത്തിലെ വെളിപാടിനോട്, യാഥാര്‍ഥ്യത്തെ രൂപപ്പെടുത്തുന്നതു ഭാഷയാണെന്നും, ഭാഷകളെ പഠിക്കുന്ന ഭാഷയായി വിമര്‍ശനത്തെ കാണാമെന്നുമുള്ള അദ്ദേഹത്തിന്‍റെ വീക്ഷണത്തെ ചേര്‍ത്തുവായിക്കുമ്പോള്‍, ‘മൈനര്‍ ആര്‍ട്ടെ’ന്ന് അദ്ദേഹം തന്നെ പറയാറുണ്ടായിരുന്ന വിമര്‍ശനകല, സര്‍ഗ്ഗാത്മകസൃഷ്ടിയോളം ഉയരുന്നതു നാം കാണുന്നു. ടി.പത്മനാഭനുമായുള്ള ഒരു ആശയസംവാദത്തില്‍ കെ. പി. അപ്പന്‍ ഇക്കാര്യം ഗരിമയോടും തെളിമയോടും കൂടി ഇങ്ങനെ പ്രസ്താവിക്കുന്നു: “സൃഷ്ടിയെ മുന്‍നിര്‍ത്തി വിപുലമായ ആശയലോകം തുറന്നിട്ടുകൊണ്ട് ഒരു പുന:സൃഷ്ടിയുടെ സാദ്ധ്യത ആരായുകയാണ് വിമര്‍ശകന്‍ ചെയ്യുന്നത്. ചിലപ്പോള്‍ അതീത വിമര്‍ശനത്തില്‍ അയാള്‍ പ്രതീക്ഷ വയ്ക്കുകയും ചെയ്യുന്നു”. പിന്നീട്, ടി. പത്മനാഭന്‍റെ ‘ഗൗരി’യ്ക്കെഴുതിയ വിമര്‍ശനപഠനം ഇതിനുള്ള പ്രത്യക്ഷസാക്ഷ്യമായി ഭവിക്കുന്നു. ഇവിടെ, പ്രണയത്തിന്‍റെ അധരസിന്ദൂരത്താല്‍ മലയാള വിമര്‍ശനസാഹിത്യത്തിനു സീമന്തതിലകം ചാര്‍ത്തി, ദീര്‍ഘസൗമംഗല്യം നേരുന്നു, അപ്പന്‍.

“കാലപ്രവാഹത്തിലെ നീന്തല്‍ക്കാരനാണ് കവി. അയാള്‍ പെട്ടെന്ന് ക്ഷീണിതനാകുന്നു. അതിനാല്‍ കവി പെട്ടെന്ന് മരിക്കുന്നു”. ‘സമയപ്രവാഹവും സാഹിത്യകലയും’ എന്ന കൃതിയില്‍, അപ്പന്‍റെ ഈ നിരീക്ഷണം അദ്ദേഹത്തിന്‍റെ കാര്യത്തിലും സംഗതമാണെന്നു തോന്നുന്നു. വിമര്‍ശനകലയെ സര്‍ഗ്ഗാത്മകസൃഷ്ടിയോടടുപ്പിക്കുകയും അതിനെ കാവ്യാത്മകഭാഷയുടെ മണിച്ചിലമ്പണിയിക്കുകയും ചെയ്ത കവിസമാനനായ നിരൂപകനായിരുന്നു കെ.പി.അപ്പന്‍. മലയാളിയുടെ സാഹിത്യസൗന്ദര്യബോധത്തെ നവീകരിച്ചുകൊണ്ടേയിരുന്ന ദര്‍ശനങ്ങളുടെ പ്രഘോഷകന്‍- സമരമുഖത്തെ തൂലികയില്‍ നിന്നുദിച്ച ആഢ്യവിമര്‍ശനത്തിന്‍റെ ആള്‍രൂപം – തലക്കനമില്ലാതെ, എന്നാല്‍ തലയെടുപ്പോടെ ഇതുവഴി നടന്നു കാലയവനികക്കപ്പുറം മറഞ്ഞത് അല്പം നേരെത്തേയായിരുന്നോ എന്നൊരു തോന്നല്‍ ഇപ്പോഴും ബാക്കി നില്‍ക്കുന്നു. (ലോകസാഹിത്യത്തിലെ നൂറു നോവലുകളെ വിവേകശാലിയായ വായനക്കാര്‍ക്കു പരിചയപ്പെടുത്തുന്ന നൂറു പഠനങ്ങള്‍ രചിക്കണമെന്ന തന്‍റെ സ്വപ്നപദ്ധതിയിലെ, ഇരുപത്തഞ്ചെണ്ണമേ പൂര്‍ത്തീകരിക്കാന്‍ അപ്പന് കഴിഞ്ഞു