വിഷു മാഹാത്മ്യം

0

കണിക്കൊന്നകള്‍ പൂത്തുലഞ്ഞു, കണി കാണാന്‍ നേരമായി, ഐശ്വര്യത്തിന്റെ സമൃദ്ധിയുടെ ഒരു വിഷു ദിനം കൂടെ.

വിഷു നാളില്‍ ഏറ്റവും പ്രധാനം, വിഷു ദിനത്തിന് തൊട്ടു മുന്‍പുള്ള ദിവസം രാത്രി ഒരുക്കി വച്ച കണി കാണുക എന്നതാണ്. കണ്ണടച്ചു കൊണ്ട് പൂജാമുറിയ്ക്ക് മുന്നില്‍ വരുമ്പോള്‍ നിറ വിളക്കിന്റെ അടുത്ത് പുഞ്ചിരി തൂകി നില്‍ക്കുന്ന കണ്ണനെ കാണാം. മുന്നില്‍ നിറയെ വിളവുകള്‍. പറനിറയെ   അരി, ഫല വര്‍ഗ്ഗങ്ങള്‍. കണി വെള്ളരിയും കണി മാങ്ങയും കണിക്കൊന്നയും പ്രധാനം. കോടി മുണ്ട്, സ്വര്‍ണ്ണം, പണം, വെറ്റില അടക്ക, ദൈവീക ഗ്രന്ഥം, കണ്ണാടി, വിഷുഅട ഇത്രയുമായാല്‍ വിഷു കണിയായി.

കണി കണ്ടു കഴിഞ്ഞാല്‍ വീട്ടില്‍ മുതിര്‍ന്നയാള്‍ എല്ലാവര്‍ക്കും വിഷു കൈനീട്ടവും, കൂടെ വിഷു കോടിയും നല്‍കും.  ഗ്രന്ഥത്തിലെ വരികള്‍ വായിച്ചു വിഷു ഫലം നോക്കുന്ന ചടങ്ങുമുണ്ട്.
 
പിന്നെ കുട്ടികളുടെ പ്രധാന വിനോദമായി. പൂത്തിരി, മത്താപ്പൂ, നില ചക്രം, ഓല പടക്കം തുടങ്ങി പലതരം പടക്കങ്ങള്‍ക്ക് തിരി കൊളുത്തലാകും. ഇത് അന്തരീക്ഷത്തിലെ അണുക്കളെ നശിപ്പിക്കാന്‍ കഴിവുള്ളവയാണെന്നാണ് പറയുന്നത്.

വിഷു ദിവസം പ്രഭാത ഭക്ഷണം വിഷുക്കട്ടയും, ചെറുപയര്‍ ഉലര്‍ത്തുമാണ്. വേവിച്ചെടുത്ത അരിയില്‍ ശര്‍ക്കരയും, തേങ്ങാപാലും, ഏലയ്ക്ക പൊടിയും, നെയ്യും ഒക്കെ ചേര്‍ത്തുള്ള രുചികരമായ ഒരു പലഹാരമാണ് വിഷുക്കട്ട. അതേപോലെ ശര്‍ക്കര ചേര്‍ക്കാത്ത വിഷുക്കട്ടയും ഉണ്ടാകും.

പ്രാതല്‍ കഴിയുമ്പോഴേക്കും സ്ത്രീകള്‍ അടുക്കളയില്‍ വിഷു സദ്യയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരിക്കും. പാലട, അടപ്രഥമന്‍, അച്ചാര്‍, പച്ചടി, കിച്ചടി, ഓലന്‍, കാളന്‍, അവിയല്‍, കൂട്ടുകറി,പുളിശ്ശേരി, എരിശ്ശേരി, തോരന്‍, ഇഞ്ചിക്കറി, രസം, മോര്, നെയ്യ്, പരിപ്പ് കറി, സാമ്പാറ്, പപ്പടം, പഴം, ഉപ്പേരികള്‍ ഒക്കെ ചേര്‍ന്ന സദ്യ. പാട്ടും, നൃത്തവും, ഓല പന്തുകളികളുമൊക്കെയായി കുട്ടികള്‍ കളി തിരക്കിലും.

ഇന്ത്യയില്‍ തമിഴ് നാട്, കര്‍ണാടക, പഞ്ചാബ്,ബംഗാള്‍ തുടങ്ങി പല സംസ്ഥാനങ്ങളിലും പുത്താണ്ട്, ഉഗാധി, വൈശാഖി, ബിഹു, ബിസു തുടങ്ങിയ പേരുകളില്‍ വിഷു, പുതു വര്‍ഷ പിറവിയായും കൊയ്ത്തുത്സവമായും ആഘോഷിക്കാറുണ്ട്. നരകാസുര വധവുമായി ബന്ധപ്പെടുത്തിയും വിഷു ആഘോഷത്തെക്കുറിച്ച് പറയാറുണ്ട്. ഹിന്ദു, ബുദ്ധിസ്റ്റ് സോളാര്‍ കലണ്ടര്‍ വച്ച് വിഷു, സംക്രാന്‍ (സംക്രാന്തി) എന്ന പേരില്‍ തായ് ലാന്റിലും മറ്റും പുതുവര്‍ഷമായി ആഘോഷിക്കാറുണ്ട്. പാപങ്ങള്‍ കഴികുക എന്ന അര്‍ത്ഥത്തില്‍ മേലാകെ വെള്ളം തളിക്കുന്ന ആചാരമാണ് അവിടെ പ്രധാനം. അതുപോലെ മലേഷ്യയിലും സിംഗപൂരും പലരും സംക്രാന്‍ ആഘോഷിക്കാറുണ്ട്.

കുടുംബാംഗങ്ങളും സുഹൃത്തുക്കളും എല്ലാം ജാതി മത ഭേദമന്യേ ഒത്തു ചേര്‍ന്ന് ആഘോഷിക്കുന്ന വിഷു ദിനത്തിന് ഇന്ന് ഒരുപാട് മങ്ങല്‍ എറ്റിരിക്കുന്നു. അത് പോലെ തന്നെ പാടങ്ങളോ കൃഷികളോ ഒന്നുമില്ല വിളവെടുക്കാനും, അതില്‍ നിന്നെടുത്തു കണി വയ്ക്കാനും. പേപ്പര്‍ വാഴയിലയില്‍ ഒതുങ്ങുന്ന സദ്യ മാത്രമായി മാറി വിഷു ആഘോഷം. എങ്കിലും നന്മയുടെ വിഷുക്കാലം ഇനിയുമിനിയും ഉണ്ടാകട്ടെയെന്ന്  പ്രത്യാശയോടെ…

വായനക്കാര്‍ക്കെല്ലാം പ്രവാസി എക്സ്പ്രസിന്റെ ഹൃദയം നിറഞ്ഞ വിഷുദിനാശംസകള്‍ നേരുന്നു.