
ദുബായ്: ഭാരതത്തിനാകുമെങ്കില്‍ ചൊവ്വാ ദൗത്യം തങ്ങള്‍ക്കും ഒരുകൈ നോക്കാമെന്ന പ്രത്യാശയുമായി യു എ ഇ. അവരുടെ ചൊവ്വാദൗത്യത്തിന്റെ പ്രഖ്യാപനം 'എമിറേറ്റ്‌സ് മാര്‍സ് മിഷന്‍' ആസ്ഥാനത്ത് നടന്നു. അറബ് രാജ്യങ്ങള്‍ക്കെല്ലാം അഭിമാനിക്കാവുന്ന ചരിത്രപ്രധാനമായ ഈ പ്രഖ്യാപനം നടത്തിയത്, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ്. "അല്‍ അമല്‍" എന്നാണ് പേടകത്തിന് നാമകരണം നിര്‍ദേശിച്ചിട്ടുള്ളത്. അതിന് "പ്രതീക്ഷ" എന്നാണര്‍ത്ഥം.
ഒരുപിടി രാജ്യങ്ങളുടെ പ്രതീക്ഷകളുമായി അന്തരീക്ഷത്തെക്കുറിച്ചുള്ള സമഗ്രപഠനം ലക്ഷ്യമിട്ടുകൊണ്ടുള്ള ചൊവ്വാ പേടകം 2020 ജൂലായിലായിരിക്കും അതിന്‍റെ പര്യവേക്ഷണമാരംഭിക്കുക. മണിക്കൂറില്‍ 1,26,000 കിലോമീറ്റര്‍ എന്ന വേഗത്തില്‍ 200 ദിവസം സഞ്ചരിച്ചുകൊണ്ടായിരിക്കും അല്‍ അമല്‍ ചൊവ്വയിലെത്തുക. ഏകദേശം ആറുകോടി കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് ഏഴുമാസത്തിനകം നിര്‍ദ്ദിഷ്ട ഭ്രമണപഥത്തില്‍ എത്തിച്ചേരുമെന്നാണ് "പ്രതീക്ഷി"ക്കുന്നത്..
ചൊവ്വാദൗത്യ പ്രഖ്യാപന ചടങ്ങില്‍ മന്ത്രിമാരായ ശൈഖ് സെയ്ഫ് ബിന്‍ സായിദ്, ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ്, ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് എന്നിവരും സംബന്ധിച്ചു. തുടര്‍ന്ന് പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്ന വീഡിയോ പ്രദര്‍ശിപ്പിക്കുകയുണ്ടായി. മറ്റു രാജ്യങ്ങളുടെ ചൊവ്വാ ദൌത്യങ്ങളെപ്പോലെതന്നെ, ചൊവ്വയിലെ അന്തരീക്ഷത്തെക്കുറിച്ച് സമഗ്രവിവരം നല്‍കുന്ന ദൗത്യമായിരിക്കും തങ്ങളുടേതുമെന്ന് അദ്ദേഹമറിയിച്ചു. പദ്ധതിയില്‍ ഏകദേശം 150 എന്‍ജിനീയര്‍മാരും ഗവേഷകരുമടങ്ങുന്ന സംഘമാണ് ഉണ്ടായിരിക്കുക. ഇവരെല്ലാം തന്നെ യു എ ഇ പൌരന്മാരായിരിക്കും. സമയബന്ധിതമായി 2020 ജൂലായില്‍ത്തന്നെ പേടകത്തിന്റെ വിക്ഷേപണം നടത്താനാണ് പദ്ധതിയിടുന്നത്.
ചൊവ്വാഗ്രഹത്തിലെ അന്തരീക്ഷം സമഗ്രപഠനത്തിനു വിധേയമാക്കുന്നത് ഭൂമിക്ക് ഭാവിയിലുണ്ടായേക്കാവുന്ന അന്തരീക്ഷവ്യതിയാനം മനസ്സിലാക്കാന്‍ സഹായകമാകുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി. അന്യഗ്രഹങ്ങളിലെ ജീവസാന്നിധ്യം കണ്ടെത്തുന്നതിനും ഇതു സഹായകമാകും. ചൊവ്വാ പേടകത്തില്‍നിന്നു ലഭിക്കുന്ന വിവരങ്ങള്‍ വിദഗ്ധപഠനതിന് ശേഷം വസ്തുതകള്‍ ലോകത്തിന്റെ നാനാ ഭാഗങ്ങളിലുള്ള സര്‍വകലാശാലകള്‍ക്കും ഗവേഷണസ്ഥാപനങ്ങള്‍ക്കും പഠനാവശ്യങ്ങള്‍ക്കായി ലഭ്യമാക്കും. 2021- ല്‍ ആണ് ഐക്യ അറബ് നാടുകള്‍ രൂപവത്കരിച്ചതിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്നത്. ആ ആഘോഷവേളയ്ക്ക് മാറ്റുകൂട്ടുന്നതായിരിക്കും ചൊവ്വാദൗത്യം.