അക്ഷര പ്രവാസം ചരിത്ര താളുകളിലേക്ക്

0

കേരള സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സിംഗപ്പൂരില്‍ സാഹിത്യ ശില്‍പ ശാല സംഘടിപ്പിച്ചു.. പ്രവാസി എക്സ്പ്രസ് സിംഗപ്പൂര്‍, ആയിരുന്നു “അക്ഷര പ്രവാസം”  എന്ന പരിപാടിയുടെ മുഖ്യ സംഘാടകര്‍. കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട്‌ പെരുമ്പടവം ശ്രീധരന്‍ ശില്‍പശാല ഉത്ഘാടനം ചെയ്തു . സിംഗപ്പൂര്‍ ചരിത്രത്തില്‍ ഇതാദ്യമായാണ്‌ സാഹിത്യ അക്കാദമിയുടെ പരിപാടി നടക്കുന്നത്. അക്കാദമി വൈസ് പ്രസിഡണ്ട്‌ അക്ബര്‍ കക്കട്ടില്‍, എഴുത്തുകാരായ പി.കെ പാറക്കടവ്, സുഭാഷ് ചന്ദ്രന്‍, ഷാജി കൈനകരി,  എം.കെ ഭാസി  എന്നിവര്‍ പങ്കെടുത്തു.

കല സിംഗപ്പൂര്‍, എം.ഐ.എസ് സിംഗപ്പൂര്‍ എന്നിവര്‍ ആയിരുന്നു സംഘാടന സഹായം.

സര്‍ഗ്ഗാത്മക സാഹിത്യവും മാധ്യമങ്ങളും, മലയാള സാഹിത്യത്തിലെ പ്രവാസ ജീവിതം എന്നീ വിഷയങ്ങളില്‍ ശില്‍പശാലാ ക്ലാസുകള്‍ നടന്നു.

എഴുത്ത് എല്ലാവരിലും ഉള്ള ഒരു കഴിവ് ആണെന്നും അതിനെ സ്വയം തിരിച്ചറിഞ്ഞ് തേച്ചു മിനുക്കി പൂര്‍ണ്ണമായ നിലയില്‍ കൊണ്ട് വരേണ്ടത് ഓരോ ആളുടെയും കടമ ആണെന്നും അതിനു എഴുത്തിനെ സ്നേഹിക്കുകയും അല്‍പ്പം സമര്‍പ്പണം നല്‍കുകയും ആണ് വേണ്ടത് എന്ന് പെരുമ്പടവം ശ്രീധരന്‍ പറഞ്ഞു. ഓരോ വ്യക്തിക്കും ഒരു ഇരിപ്പിടം ഉള്ള മേഖല ആണ് സാഹിത്യ രചന. അവിടെ പ്രയത്നം കൊണ്ട് എത്തിച്ചേരുക എന്നതാണ് ആവശ്യം.

കേരള സാഹിത്യ അക്കാദമി ഇന്ന് ഒട്ടനവധി പരിപാടികള്‍ നടത്തി കൂടുതല്‍ പേരെ എഴുത്തിലേക്ക്‌ കൊണ്ടുവരാന്‍ ശ്രമം നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസികള്‍ കൂടുതല്‍ ഇത്തരം പരിപാടികള്‍ക്ക് പിന്തുണ നല്‍കുന്നു എന്നത് സന്തോഷവും അതിശയവും നല്‍കുന്നു എന്ന് അദ്ദേഹം പറഞ്ഞു.

അക്ബര്‍ കക്കട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. എഴുത്തിന്‍റെ അനിവാര്യതകള്‍ പല എഴുത്തിലും പലതാണ്, എഴുത്തുകാരന്‍ ആണ് തന്‍റെ നില തിരെഞ്ഞെടുക്കേണ്ടത് എന്ന് കക്കട്ടില്‍ പറഞ്ഞു. തിരകഥ സാഹിത്യവും, കത്ത് സാഹിത്യവും, മാപ്പിള സാഹിത്യവും ഉള്‍പ്പെടെ എഴുത്തിന്‍റെ ലോകം വലുതാണ്‌ എന്നും,  നല്ല എഴുത്ത് എന്നത് കൂടുതല്‍ ആസ്വാദനം കൊടുക്കുന്ന പ്രക്രിയ ആണ് അതില്‍ വിജയിക്കുക എന്നതാണ് പ്രധാനം എന്നും അദ്ദേഹം പറഞ്ഞു.

ശ്രീമതി ദൈവാനി (കാന്‍ബെറാ സി സി, ഐ.എ.ഇ.സി),  ശ്രീ ഐസക്ക് വര്‍ഗീസ്‌ (കല), ശ്രീ കൃഷ്ണ കുമാര്‍ (സൂര്യ സിംഗപ്പൂര്‍), സത്യന്‍ പൂക്കുട്ടത് (എം ഐ എസ്), രാജീവ്‌ നായര്‍ (വേള്‍ഡ് മലയാളി കൌണ്‍സില്‍ ), എം.കെ.വി രാജേഷ്‌ (ഐ സി എ ) എന്നിവര്‍ ആശംസ അര്‍പ്പിച്ചു. പ്രവാസി എക്സ്പ്രസ് ചീഫ് എഡിറ്റര്‍ രാജേഷ്‌ ആമുഖം പറഞ്ഞു.

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും പത്ര പ്രവര്‍ത്തകനും ആയ സുഭാഷ് ചന്ദ്രന്‍,  സാഹിത്യവും മാധ്യമങ്ങളും എന്ന വിഷയത്തില്‍ സംസാരിച്ചു. കുഞ്ഞു കഥകളുടെ സുല്‍ത്താന്‍ പി കെ പാറക്കടവ്, തന്‍റെ കുഞ്ഞു കഥകള്‍ പറഞ്ഞത് പരിപാടി കൂടുതല്‍ മധുരമാക്കി. കഥയിലും എഴുത്തിലും വലിപ്പമല്ല അത് വായനക്കാരന് നല്‍കുന്ന സന്തോഷം ആണ് പ്രധാനം എന്ന് പികെ പറഞ്ഞു.

മലയാള സാഹിത്യത്തില്‍ സിംഗപ്പൂരിന്‍റെ സ്ഥാനം പ്രധാനമാണെന്ന് ശ്രീ എം കെ ഭാസി പറഞ്ഞു. വിലാസിനി ഉള്‍പ്പെടെ എഴിത്തിന്‍റെ സുവര്‍ണ്ണ കാലം സിംഗപ്പൂര്‍ എഴുത്തിനു കൂട്ട് പിടിച്ചിരുന്നു എന്നത് സന്തോഷവും അഭിമാനവും നല്‍കുന്നു എന്ന് സിംഗപ്പൂരിന്‍റെ മുതിര്‍ന്ന മലയാള കവി പറഞ്ഞു. എം.എല്‍.ഇ.എസ് പ്രസിഡന്‍റ് ജയദേവ് ഉണ്ണിത്താന്‍ ഉത്ഘാടന ചടങ്ങില്‍ മുഖ്യാഥിതി ആയിരുന്നു.

ശില്‍പശാലയോടനുബന്ധിച്ച്,  പെരുമ്പടവം ശ്രീധരന്‍ എന്‍ വി കൃഷ്ണവാര്യര്‍ ശതാബ്ദി പ്രഭാഷണം നടത്തി.
 
കവിയരങ്ങില്‍ അനൂപ്‌ വി ആര്‍, സുമിത നിഥിന്‍, പ്രോമോദ് തച്ചുകുന്നുമ്മല്‍, സവിന കുമാരി, ബിജു പ്രഹ്ലാദ്, എം.കെ.വി രാജേഷ്‌, അശ്വതി, വെണ്മണി ബിമല്‍രാജ് എന്നിവര്‍ സ്വന്തം കവിതകള്‍ അവതരിപ്പിച്ചു .

സമാപന സമ്മേളനത്തില്‍ സിംഗപ്പൂര്‍ മലയാളി അസോസിയേഷന്‍ പ്രസിഡണ്ട്‌ ജയകുമാര്‍ ബി ബി എം മുഖ്യ അതിഥി ആയിരുന്നു. ചടങ്ങില്‍ പനയം ലിജു സ്വാഗതവും വെണ്മണി ബിമല്‍രാജ് നന്ദിയും പറഞ്ഞു.