ഇന്ത്യന്‍ ബാഡ്മിന്‍റണ്‍ സുവര്‍ണകാലത്തിലൂടെ..

0
ഇന്ത്യന്‍ ബാഡ്മിന്‍റണ് ചരിത്രത്തില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി. ഈ വര്‍ഷത്തെ കാനഡ ഓപണ്‍ ചാമ്പ്യന്‍ഷിപ്പില്‍  വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ അശ്വിനി പൊന്നപ്പ- ജ്വാല ഗട്ട സഖ്യം കിരീടം ചൂടി. കലാശക്കളിയില്‍ ടൂര്‍ണമെന്റിലെ ഒന്നാം സീഡുകാരായ ഡച്ച് സഖ്യത്തെയാണ് അവര്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചത്.
 
ടൂര്‍ണമെന്റില്‍ ഭാരത സഖ്യം മൂന്നാം സീഡുകാരായിരുന്നു. ഇഞ്ചോടിഞ്ച് പൊരുതി ഒന്നാം സെറ്റ് 21-19 എന്ന സ്കോറില്‍ അശ്വിനി പൊന്നപ്പ- ജ്വാല ഗട്ട സഖ്യം കരസ്ഥമാക്കി. ആദ്യ സെറ്റിലെ എതിരാളികളുടെ മിന്നുന്ന പ്രകടനത്തില്‍ കളി മറന്നു പോയ ഡച്ച് കളിക്കാര്‍ക്ക്‌ രണ്ടാം സെറ്റില്‍ ഒരിക്കല്‍പോലും കളിയില്‍ ആധിപത്യം നേടാന്‍ സാധിച്ചില്ല. 21-16 എന്ന സ്കോറില്‍ ഇന്ത്യ രണ്ടാം സെറ്റും കയ്പ്പിടിയില്‍ ഒതുക്കിയപ്പോള്‍ ഫൈനല്‍ മത്സരം വെറും മുപ്പത്തഞ്ച് മിനിട്ടുകള്‍ക്കുള്ളില്‍ അവസാനിച്ചു.
 
സൈന നെഹ്വാള്‍ എന്ന ചെറുപ്പക്കാരി ലോക സൂപ്പര്‍സീരീസുകളില്‍ തിളങ്ങുന്ന വിജയങ്ങള്‍ കൈവരിച്ചുകൊണ്ടാണ് ഇന്ത്യന്‍ ബാഡ്മിന്‍റണ്‍ ന്‍റെ സുവര്‍ണകാലം ആരംഭിച്ചത്. അതില്‍ നിന്നും പകര്‍ന്നുകിട്ടിയ ഊര്‍ജ്ജവുമായി പരുപ്പള്ളി കശ്യപ് (കോമണ്‍ വെല്‍ത്ത് ഗെയിംസ് സ്വര്‍ണം -2014), കിടംബി ശ്രീകാന്ത് (ചൈന ഓപണ്‍ സ്വര്‍ണം -2014) എന്നിവരും ലോക ബാഡ്മിന്‍റണ് ഭൂപടത്തില്‍ ത്രിവര്‍ണ്ണപതാക പാറിച്ചു. ഇക്കഴിഞ്ഞ ഇന്തോനേഷ്യന്‍ ഓപണ്‍ മത്സരത്തില്‍ ലോക ഒന്നാം നമ്പര്‍ താരം ചെന്‍ ലോംഗ് നെ അട്ടിമറിച്ചു പരുപ്പള്ളി കശ്യപ് നേടിയ ക്വാര്‍ട്ടര്‍ ഫൈനല്‍ വിജയം എക്കാലവും ഓര്‍മ്മിക്കപ്പെടുന്നതാണ്. ഇപ്പോഴിതാ, വനിതാ ഡബിള്‍സില്‍ കൂടി കിരീടം ചൂടിക്കൊണ്ട് ഇന്ത്യന്‍ ബാഡ്മിന്‍റണ് താരങ്ങള്‍ ജൈത്രയാത്ര തുടരുന്നു.