നാഷണല്‍ യൂണിവേര്‍‌സിറ്റി ഓഫ് സിംഗപ്പൂരിന് ഏഷ്യയില്‍ ഒന്നാം സ്ഥാനം ,ലോകറാങ്കിങ്ങില്‍ പന്ത്രണ്ടാമത്

0

ലോകത്തിലെ ഏറ്റവും മികച്ച 200 സര്‍വകലാശാലകളുടെ പട്ടികയില്‍ സിംഗപ്പൂര്‍ യൂണിവേര്‍‌സിറ്റികള്‍ക്ക് നേട്ടം .ലോകറാങ്കിങ്ങില്‍ 22-മതായിരുന്ന നാഷണല്‍ യൂണിവേര്‍‌സിറ്റി ഓഫ് സിംഗപ്പൂര്‍ (NUS) ക്യൂഎസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗില്‍ ഈ വര്‍ഷം നിലമെച്ചപ്പെടുത്തി പന്ത്രണ്ടാം സ്ഥാനത്തെത്തി.ഏഷ്യയിലെ മികച്ച യൂണിവേര്‍‌സിറ്റിയും സിംഗപ്പൂരിലെ തന്നെ നാഷണല്‍ യൂണിവേര്‍‌സിറ്റിയാണ് .അതോടൊപ്പം സിംഗപ്പൂരിലെ മറ്റൊരു യൂണിവേഴ്സിറ്റിയായ നാന്യന്ഗ് ടെക്നോളജിക്കല്‍ യൂണിവേര്‍‌സിറ്റി 39-ല്‍ നിന്ന് പതിമൂന്നാം സ്ഥാനത്തേക്ക്‌ മുന്നേറി ഏഷ്യയിലെ മികച്ച രണ്ടാമത്തെ യൂണിവേര്‍‌സിറ്റിയായി മാറി .ഇതോടെ ലോകവിദ്യാഭ്യാസ ഭൂപടത്തില്‍ സിംഗപ്പൂര്‍ എന്ന കൊച്ചുരാജ്യത്തിന്‍റെ പ്രാധാന്യം കൂടുതല്‍ മുന്നേറുന്ന കാഴ്ചയാണ് കാണുന്നത് .

കൂടാതെ ലോകത്തിലെ ഏറ്റവും മികച്ച 200 സര്‍വകലാശാലകളുടെ പട്ടികയില്‍ ഇടം നേടി രണ്ട് ഇന്ത്യന്‍ സര്‍വകലാശാലകള്‍. ഇതാദ്യമായിട്ടാണ് ഇന്ത്യയില്‍നിന്നുള്ള സര്‍വകലാശാലകള്‍ മികച്ച സര്‍വകലാശാലയുടെ പട്ടികയില്‍ ഇടംനേടുന്നത്.147ാം സ്ഥാനത്തുള്ള ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, 179ാം സ്ഥാനത്തുള്ള ഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്നീ ഇന്‍സ്റ്റിറ്റ്യൂട്ടുകളാണ് മികച്ച സര്‍വകലാശാലകളായി ക്യൂഎസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗില്‍ ഇടം നേടിയിരിക്കുന്നത്.

എംഐടി എന്നറിയപ്പെടുന്ന മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയാണ് ലോകത്തിലെ ഏറ്റവും മികച്ച സര്‍വകലാശാല. ഹാര്‍വര്‍ഡ് സര്‍വകലാശാല രണ്ടാം സ്ഥാനത്തും, കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയും സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും മൂന്നാം സ്ഥാനത്തുമാണ്. ക്യുഎസ് റാങ്കിംഗിന്റെ ആദ്യ 200 സര്‍വകലാശാലകള്‍ 34 രാജ്യങ്ങളില്‍നിന്നുള്ളവയാണ്. ഇതില്‍ 49 എണ്ണം അമേരിക്കയില്‍നിന്നും 30 എണ്ണം യുകെയില്‍നിന്നുമാണ്. ഏറ്റവും കൂടുതല്‍ സര്‍വകലാശാലകള്‍ ഇടംനേടിയിരിക്കുന്നത് അമേരിക്കയില്‍നിന്നാണ്.പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്‌ എന്നീ രാജ്യങ്ങളില്‍ നിന്ന്‌ ആദ്യ 500 ല്‍ ഒരു യൂണിവേഴ്‌സിറ്റിയും ഇടംപിടിച്ചിട്ടില്ല.