ആയിരങ്ങള്‍ വീണ്ടും നടുക്കടലിലേക്ക്, ആംനെസ്റ്റിയുടെ മുന്നറിയിപ്പ്

0

മണ്‍സൂണ്‍ അവസാനിച്ചു തുടങ്ങിയപ്പോഴേക്കും വീണ്ടും മനുഷ്യക്കടത്തിനായുള്ള ശ്രമങ്ങള്‍  തുടങ്ങുന്നു. ബംഗ്ലാദേശില്‍ നിന്നും, മ്യാന്മാറില്‍ നിന്നുമുള്ള നിരവധി രോഹിന്‍ഗ്യാ മുസ്ലിം വിഭാഗക്കാരാണ് ബോട്ടുകളില്‍ മലേഷ്യാ, ഇന്തോനേഷ്യ, തായ് ലാന്റ് എന്നിവിടങ്ങള്‍ ലക്ഷ്യം വെച്ച് യാത്ര തിരിക്കുന്നത്. വര്‍ഗ്ഗീയ കലാപവും, ഗവണ്മെന്റ് സിറ്റിസണ്ഷിപ്പ് കൊടുക്കാത്തതുമാണ് പലരും നാട് കടക്കുന്നതിനു ഇടയാക്കുന്നത്. കൂടാതെ പട്ടിണിയും, തൊഴിലില്ലായ്മയും കൊണ്ടുള്ള ദുരിതവും. രാജ്യം അഭയാര്‍ത്ഥികളും, ന്യൂനപക്ഷക്കാരുമായി കരുതുന്ന ഈ വിഭാഗക്കാര്‍ പലവിധ അടിച്ചമര്‍ത്തലുകള്‍ക്കും, പീഡനങ്ങള്‍ക്കുമാണ് വിധേയരായിക്കൊണ്ടിരിക്കുകയാണ്. അതു തന്നെയാവാം മനുഷ്യക്കടത്തുകാരുടെ മോഹവലയത്തില്‍പെട്ട് നാടുകടക്കാന്‍ ഇവര്‍ തയ്യാറാകുന്നതും.

ഈ വര്‍ഷം ആദ്യ പകുതിയോടെ നിരവധി ബോട്ടുകള്‍ യാത്ര പുറപ്പെട്ടത്തില്‍ അഞ്ചോളം ബോട്ടുകള്‍ മാത്രമേ തീരത്ത് എത്തിച്ചേര്‍ന്നിട്ടുള്ളൂ. ഇന്തോനേഷ്യന്‍ അഭയാര്‍ഥി കേന്ദ്രങ്ങളില്‍ എത്തിച്ചേര്‍ന്നവരുമായുള്ള അഭിമുഖത്തില്‍ നിന്നും അറിഞ്ഞതാണ് ഇത്. വെള്ളവും, ആഹാരവും, മരുന്നും ഒന്നും കിട്ടാതെ അനേകം പേരാണ് ജനുവരി മുതല്‍ ജൂണ് വരെയുള്ള യാത്രയില്‍ കടലില്‍ വച്ച് തന്നെ മരണമടഞ്ഞത്. ഇതിനു പുറമേ അന്യോന്യമുള്ള ഏറ്റുമുട്ടലില്‍ പരിക്കുകള്‍ ഏറ്റവരും, മരണമടഞ്ഞവരും ധാരാളം. നാട്ടില്‍ നിന്നും രക്ഷ നേടാന്‍ യാത്ര തിരിക്കുന്നവര്‍ അതിലും വലിയ അപകടത്തിലാണ് എത്തിച്ചേരുന്നത്. കടത്തുകാര്‍ മോചനദ്രവ്യം ആവശ്യപ്പെടുകയും അത് നല്കാന്‍ കഴിയാതെ പലരും പീഡിപ്പിക്കപ്പെടുകയുമായിരുന്നു  നടുക്കടലില്‍.

തായ് ലാന്റിലെ അഭയാര്‍ത്ഥി ക്യാന്പില്‍ എത്തിച്ചേര്‍ന്ന ഒരു പെണ്‍കുട്ടിയുടെ വാക്കുകളിലൂടെ.  “പലരും ഭക്ഷണം കിട്ടാതെ കടലില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട് . അവരെ വീണ്ടും വലിച്ചിഴച്ചു കൊണ്ടുപോയി കെട്ടിയിടും. മരിച്ചാല്‍ കടലിലോ, കാട്ടിലോ തള്ളിയിടും. കള്ളക്കടത്തുകാരുടെ പീഡനങ്ങള്‍ക്ക് വിധേയരാകുന്ന പെണ്‍കുട്ടികളും നിരവധി. ഭക്ഷണമോ, വെള്ളമോ കിട്ടാത്ത യാത്രക്കാര്‍ക്ക് ഇവര്‍ക്കെതിരെ പ്രതികരിക്കാന്‍ പോലും ശക്തി കിട്ടുന്നില്ല. എന്നെങ്കിലും ജന്മനാട്ടില്‍ തിരിച്ചു പോകാനോ, തന്റെ മാതാപിതാക്കളെ കാണാനോ ഇനി കഴിയുമോ എന്ന് അറിയില്ല”. തനിക്കു ജീവിതം തിരിച്ചു കിട്ടാന്‍ സഹായിച്ച, വധുവായി തന്നെ ഒപ്പം ചേര്‍ത്ത ആളിന്റെ കൂടെയിരുന്നു കഴിഞ്ഞ ദിവസങ്ങള്‍ പെണ്‍കുട്ടി പേടിയോടെ ഓര്‍ത്തു.

“രോഹിന്‍ഗ്യാ മുസ്ലിം അഭയാര്‍ത്ഥികള്‍ക്ക് അഭയസ്ഥാനവും, സുരക്ഷിതത്വവും നല്കേണ്ട അതാതു ഭരണ കൂടങ്ങള്‍ മൗനം പാലിക്കാതെ നടപടികള്‍ എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഇത്തരം കടത്തുകളില്‍ വശീകരിക്കപ്പെടാതെ ഇവര്‍ക്ക് സംരക്ഷണവും, സുരക്ഷിതത്വവും നല്‍കിയില്ലെങ്കില്‍ ഇനിയും പല ജീവനുകളും നടുക്കടലില്‍ ഇല്ലാതാകും”. ആംനെസ്റ്റി മനുഷ്യാവകാശ സംഘടന മുന്നറിയിപ്പ് നല്‍കുന്നു.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.