2015ലെ ജ്ഞാനപീഠം അവാര്‍ഡ് ഗുജറാത്തി സാഹിത്യകാരന്‍ രഘുവീര്‍ ചൗധരിയ്ക്ക്. സാഹിത്യമേഖലയിലെ ഇന്ത്യയുടെ പരമോന്നത പുരസ്‌കാരമാണ് ജ്ഞാനപീഠം. എഴുത്തുകാരനും സാഹിത്യവിമര്‍ശകനുമായ പ്രൊഫ. നംവാര്‍ സിംഗ് അദ്ധ്യക്ഷനായ പുരസ്‌കാര നിര്‍ണ്ണയ സമിതിയാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. ഗുജറാത്തി സാഹിത്യത്തില്‍ വിശിഷ്ട സ്ഥാനം വഹിക്കുന്ന ചൗധരി നോവലിസ്റ്റ്, കവി, സാഹിത്യവിമര്‍ശകന്‍ എന്നീ നിലകളില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.അമൃത, ഉപര്‍വാസ്, സഹ്‌വാസ്, അന്തര്‍വാസ്(നോവലുകള്‍), പുരുഷ്, സിക്കന്തര്‍ സാനി, ഡിം ലൈറ്റ്(നാടകങ്ങള്‍). തമാശ, വഹേത വൃക്ഷ പവന്മാ(കവിതകള്‍), അകാസ്മിക് സ്പര്‍ശ്, ഗര്‍സമാജ്(ചെറുകഥാസമാഹാരങ്ങള്‍) എന്നിവയാണ് പ്രമുഖ കൃതികള്‍. ദിവ്യഭാസ്‌കര്‍, സന്ദേശ്, ജന്മഭൂമി ഉള്‍പ്പെടെ പത്രങ്ങളില്‍ നിരന്തരം കോളങ്ങളും എഴുതിയിരുന്നു. ഹിന്ദി ഭാഷയിലും എഴുതിയ അദ്ദേഹത്തെ തേടി 1977ലാണ് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡെത്തിയത്.
പ്രൊഫ.ഷമീം ഹന്‍ഫി, ഹരീഷ് ത്രിവേദി, പ്രൊഫ. സുരഞ്ജന്‍ ദാസ്, രമാകാന്ത് രഥ്, ചന്ദ്രകാന്ത് പാട്ടീല്‍, പ്രൊഫ. അലോക് റായ്, ദിലേഷ് മിശ്ര, ലീലാന്ധര്‍ മന്ദ്‌ലോയ് എന്നിവര്‍ അംഗങ്ങളായ സമിതിയാണ് 51-മത് ജ്ഞാനപീഠ ജേതാവിനെ തിരഞ്ഞെടുത്തത്. 2014ല്‍ മറാത്തി സാഹിത്യകാരന്‍ ബാലചന്ദ്ര നമാഡെയാണ് പുരസ്‌കാരത്തിനര്‍ഹനായത്.
നവനിര്‍മാണ്‍ പ്രസ്ഥാനത്തില്‍ പങ്കാളിയായിരുന്ന ഇദ്ദേഹം അടിയന്തരാവസ്ഥക്കെതിരെ ശബ്ദമുയര്‍ത്തിയ എഴുത്തുകാരിലൊരാളാണ്. 1998ല്‍ ഗുജറാത്ത് യൂനിവേഴ്സിറ്റി ഹിന്ദി വിഭാഗം തലവനായി വിരമിച്ചു. ഗുജറാത്തിക്ക് പുറമേ ഹിന്ദിയിലും ഇദ്ദേഹത്തിന്‍െറ രചനകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.1938ല്‍ ജനിച്ച രഘുവീര്‍ ചൗധരി 80 ലധികം പുസ്തകങ്ങളുടെ കര്‍ത്താവും സാഹിത്യ പരിഷത്ത് പ്രസിഡന്‍റുമായിരുന്നു.