കണ്ണേ മടങ്ങുക….

0
മാലിന്യക്കൂമ്പാരത്തിനരികെ നായ്ക്കളോട് മല്ലിട്ട് ചീഞ്ഞളിഞ്ഞ ഭക്ഷണം വാരിത്തിന്നുന്ന ഒരു രണ്ടര വയസുകാരന്‍. കേള്‍ക്കുമ്പോള്‍ തന്നെ ഹൃദയം നുറുങ്ങുന്ന ഈ വിധി നേരിട്ടതു നൈജീരിയയിലെ ഒരു പിഞ്ചുകുഞ്ഞിനാണ്.
 
സ്വന്തം അച്ഛനും അമ്മയും ചേര്‍ന്ന് ചെകുത്താന്‍ എന്ന് മുദ്രകുത്തി ഉപേക്ഷിച്ച പിഞ്ചുകുഞ്ഞിനു ഒടുവില്‍ സഹയവുമായി എത്തിയത് ഒരു ഡാനിഷ് വനിത. കരള്‍ അലിയിപ്പിക്കുന്ന ഈ കാഴ്ച ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കളില്‍ നിറഞ്ഞു നില്‍കുന്നത്. കുട്ടി ചെകുത്താന്‍ ആണെന്നുള്ള വീടുകാരുടെ അന്തവിശ്വാസം  ആണ് കുഞ്ഞിന്‍റെ ഈ ദുര്‍വിധിയുടെ കാരണം. വിശന്നു വലഞ്ഞു എല്ലും തോലുമായി തെരുവില്‍ അലഞ്ഞ കുട്ടിയെ ആൻജ റിൻഗ്റെൻ ലോവൻ എന്ന ഡാനിഷ് വനിത ആണ് കണ്ടെത്തിയത്. ആഫ്രിക്കൻ ചിൽഡ്രൻസ് എയ്ഡ് എജ്യുക്കേഷൻ ആൻഡ് ഡെവലപ്മെന്റ് ഫൗണ്ടേഷനന്‍റെ സ്ഥാപക ആണ് ആൻജ. കുട്ടികളെ ചെകുത്താന്മാരായി കാണുന്ന ചില വിഭാഗക്കാരുടെ  നാടായ നൈജീരിയയില്‍ കുട്ടികളെ നിഷ്കരുണം തെരുവിലേക്ക് വലിച്ചെറിയുന്നത് നിത്യസംഭവം ആണ്. അവർക്ക് യാതൊരുവിധ സംരക്ഷണവും കൊടുക്കരുതെന്നാണു വിശ്വാസം. വിശന്നുകരഞ്ഞാൽ ജനം കുട്ടികള്‍ക്ക് നേരെ കല്ലും മറ്റും വലിച്ചെറിയും. മാലിന്യക്കൂമ്പാരത്തില്‍ നിന്നേ അവർക്ക് ഭക്ഷണം കഴിക്കാനാകൂ. വഴിയിൽ ഇവരെ കണ്ടാൽ ദു:ശകുനം എന്ന് കരുതുന്നവര്‍ ആണ് ഇവിടുത്തുകാര്‍.ഇത്തരത്തിൽ ഭക്ഷണവും വെള്ളവും സംരക്ഷണവുമില്ലാതെ അലയുന്ന കുട്ടികൾക്കു വേണ്ടിയാണ് അൻജ തന്‍റെ ചാരിറ്റി ഫൗണ്ടേഷൻ ആരംഭിച്ചത്.
 
പതിവുപോലുള്ള തന്‍റെ ഒരു യാത്രയ്ക്കിടെയില്‍ അപ്രതീക്ഷിതമായാണ് അൻജ ഈ കുഞ്ഞിനെ കാണുന്നത്. വിശന്നു വലഞ്ഞു, നടക്കാന്‍ പോലും ആകാതെ തറയില്‍ കുത്തിയിരുന്ന കുഞ്ഞിനു അവര്‍ വെള്ളവും ഭക്ഷണവും നല്‍കി. കുപ്പിയിൽ വെള്ളം കൊടുത്തപ്പോൾ അത് കുടിക്കാൻ പോലും അശക്തനായിരുന്നു അവൻ.കുട്ടിയെ പെട്ടെന്ന് തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. പിന്നീടറിഞ്ഞു എട്ടുമാസമായി അവൻ ആ തെരുവിലൂടെ അങ്ങനെ അലയുന്നു എന്ന്.
ആശുപത്രിയിലെത്തിച്ച് രണ്ടാഴ്ചയ്ക്കൊടുവിൽ ഒരു കൂട്ടം ചിത്രങ്ങൾ അൻജ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു. അവയ്ക്കൊപ്പം ഏതാനും വാക്കുകളും അവര്‍ കുറിച്ചിട്ടു .
 
‘കഴിഞ്ഞ മൂന്നുവർഷമായി ഇത്തരം ഒരുപാട് കാഴ്ചകള്‍ ഞാൻ കാണുന്നു നൈജീരിയയിൽ. ആയിരക്കണക്കിന് കുട്ടികളെയാണ് പിശാചിന്‍റെ ജന്മമാണെന്നാരോപിച്ച് നിഷ്കരുണം തെരുവിലേക്ക് തള്ളിവിടുന്നത്. കുട്ടികളെ അതിദാരുണമായി മർദിക്കുന്ന കാഴ്ചകൾ, മരിച്ചുകിടക്കുന്ന കുട്ടികൾ, പേടിച്ചരണ്ട കുരുന്നുകൾ…ഈ ചിത്രങ്ങൾ പറയും എന്തുകൊണ്ടാണ് ഞാനിന്നും ഈ പോരാട്ടം തുടരുന്നതെന്ന്. എന്തുകൊണ്ടാണ് ഞാനെന്‍റെ സ്വന്തമായിട്ടുള്ളതെല്ലാം വിറ്റതെന്ന്, എന്തുകൊണ്ടാണ് ഭൂമിയില്‍ അധികമാരും വരാനിഷ്ടമില്ലാത്ത ഒരിടത്തേക്ക് വരാൻ തീരുമാനിച്ചതെന്ന്…’ ലോകമൊന്നാകെ അൻജയുടെ ആ വാക്കുകൾക്കൊപ്പം കണ്ണുനനയിച്ചു.
 
ഒരു ആയുസിന്‍റെ മുഴുവന്‍ ദുരിതം ഈ ചെറു പ്രായത്തിലേ അനുഭവിച്ച ആ കുഞ്ഞു  ഇപ്പോള്‍ ചികിത്സയൊക്കെ കഴിഞ്ഞു ജീവിതത്തിലേക്കു തിരിച്ചുവരുകയാണ്.സ്വയം ഭക്ഷണമൊക്കെ കഴിക്കാമെന്നായെങ്കിലും പോഷകാഹാരക്കുറവും വിളർച്ചയുമെല്ലാം പ്രശ്നമാണ്.ഈ കണ്ണീര്‍ ചിത്രങ്ങള്‍ കണ്ടു ലോകം അൻജയുടെ ഫൗണ്ടേഷനു 10 ലക്ഷം ഡോളറാണ് ഏതാനും ദിവസങ്ങൾ കൊണ്ട് നല്‍കിയതു .ഈ തുക എല്ലാം താൻ രക്ഷിച്ചെടുത്ത കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഭക്ഷണത്തിനുമായി ഉപയോഗിക്കും എന്നും അൻജ ഉറപ്പു നല്‍കുന്നു. ഹോപ്പ് എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിനെ പോലെ ഇനിയും ഒരു ബാല്യത്തിനും തെരുവില്‍ അലയാനിടവരാത്ത ഒരു കാലത്തിന്‍റെ പ്രതീക്ഷയുമായാണ് അൻജയുടെ യാത്ര.