ജിഷയുടെ അമ്മയോട് മറുപടി പറയാന്‍ നാമോരോരുത്തരും ബാധ്യസ്ഥരാണ്

0
ഡല്‍ഹിയില്‍ നടന്ന കൂട്ടബലാല്‍സംഗത്തെ ‘വിവരമില്ലാത്ത ഉത്തരേന്ത്യക്കാരുടെ വൈകല്യമായി ‘ കുറ്റപ്പെടുത്തിയ ഓരോ മലയാളിയും ഇന്ന് വീര്‍പ്പുമുട്ടുകയാണ്.പട്ടിണിയിലും അരക്ഷിതാവസ്ഥയിലും പൊന്നുപോലെ നോക്കിയ മകളെ കഴുകന്മാര്‍ കൊണ്ട് പോയതറിഞ്ഞു പൊട്ടിക്കരയുന്ന ആ അമ്മയോട് മറുപടി കൊടുക്കാന്‍ നാമോരോരുത്തരും ബാധ്യസ്ഥരാണ്.രാഷ്ട്രീയക്കാരെ കുറ്റം ചുമത്തി കൈയൊഴിയാന്‍ നൂറു ശതമാനം സാക്ഷരത നേടിയ മലയാളക്കരയ്ക്ക് ഒരിക്കലും കഴിയില്ല ,കാരണം അനേകം ജിഷമാര്‍ ഈ നാട്ടില്‍ വളര്‍ന്നുവരുന്നുണ്ട് ,അവരുടെ സുരക്ഷിതത്വം ഉറപ്പു നല്‍കാന്‍ ഭാരതത്തിലെ മികച്ച സംസ്ഥാനമെന്ന് പറയപ്പെടുന്ന കേരളത്തിന്‌ കഴിയുന്നില്ലെങ്കില്‍ കുറ്റപ്പെടുത്തേണ്ടത് ആരെയാണ്.
 
വെറുമൊരു ശരീരമാണ് സ്ത്രീ എന്ന ചിന്ത സമൂഹത്തില്‍ കടന്നുകൂടിയാല്‍ സംഭവിക്കാവുന്ന വിപത്ത് പ്രവചനീതമാണ്.അത്തരമൊരു അവസ്ഥയെ സമൂഹത്തില്‍ നിന്ന് പിഴുതെറിയുവാന്‍ പുസ്തകം മാത്രം പഠിപ്പിക്കുന്ന ഒരു വിദ്യാഭ്യാസരീതിയ്ക് സാധ്യമല്ല.അത് നമ്മുടെ ഓരോ കുടുംബത്തില്‍ നിന്ന് തന്നെ തുടങ്ങണം.വിദ്യാലയം അതിനുള്ള മറ്റൊരു ചുവടുകൂടിയാകട്ടെ. മണ്ണില്‍ കൂടി പോകുന്ന ഉറുമ്പിനെ കാണുമ്പോള്‍ സൂക്ഷിച്ചു ഓരോ ചുവടും വെയ്ക്കുന്ന കുട്ടികളെ നിങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലേ ,ചോദിച്ചാല്‍ അവര്‍ പറയും ‘ ഞാന്‍ ചവിട്ടി ഉറുമ്പ് ചത്ത്‌ പോകാതിരിക്കാനാണ്‌ ‘.ആ ബാല്യത്തിന്റെ നൈര്‍മല്യം ,സഹജീവികളോടുള്ള സ്നേഹം ,സംരക്ഷിക്കാനുള്ള മനസ്സ് ,ഇവയെല്ലാം വളരുമ്പോള്‍ എവിടെയോ നഷ്ടമാകുന്നു.മനുഷ്യന്‍ ഒരു നിമിഷത്തെ ചിന്തയ്ക്ക് സുഖത്തിനും അടിമപ്പെട്ട് ചെയ്തുകൂട്ടുന്ന പ്രവര്‍ത്തികളെ ന്യായീകരിക്കാന്‍ പിശാചിന് പോലും കഴിയുമെന്ന് തോന്നുന്നില്ല.
 
കേവലം ഇലക്ഷനുള്ള ആയുധമാണ് ഓരോ പാര്‍ട്ടിക്കും ജിഷയുടെ മാനം.ജിഷയെ വിറ്റ് വോട്ടാക്കി മാറ്റാന്‍ ഒരു പാര്‍ട്ടിയേയും സമ്മതിക്കരുത് .ഇലക്ഷന്‍ കഴിഞ്ഞു അവര്‍ അവരുടെ വഴിക്ക് പറക്കും.ഒരു ചെറിയ പനി വന്നാല്‍ ചികിത്സിക്കാന്‍ അവര്‍ വിദേശങ്ങളിലേക്ക് ചേക്കേറും.അവരുടെ കുടുംബത്തെ ഏറ്റവും വലിയ സുരക്ഷ നല്‍കി സംരക്ഷിക്കും .അപ്പോഴും ഓരോ സാധാരണക്കാരനും അതെ അവകാശം ഈ ഭൂമിയില്‍ ലഭിക്കാത്ത കാലത്തോളം ഈ അരാജകത്വത്തെ നമ്മള്‍ എതിര്‍ക്കണം .നാമോര്‍ക്കേണ്ടത് സാധാരണക്കാരായ ഒരാള്‍ക്ക്‌ ജനിച്ചു പോയെങ്കില്‍ ജീവിച്ചേ മതിയാകൂ.അതിനു സുരക്ഷ നല്‍കാന്‍ കഴിയാത്ത ഒരു രാഷ്ട്രീയക്കാരെയും  നമുക്ക് വേണ്ട എന്ന ഉറച്ച തീരുമാനം നമെടുക്കേണ്ട സമയമായി.
 
ജിഷയുടെ ആത്മാവിന് വേണ്ടി നമുക്ക് പ്രാര്‍ഥിക്കാം .ഘാതകരെ ഉടന്‍ കണ്ടെത്തുമെന്ന ശുഭപ്രതീക്ഷയിലാണ് നാമെല്ലാവരും .തക്കതായ ശിക്ഷ നല്‍കാന്‍ ഭരണകൂടത്തെ നിര്‍ബന്ധിക്കാന്‍ നമ്മുടെതായ രീതിയില്‍ നമുക്ക് പ്രവര്‍ത്തിക്കാം .ആ ശിക്ഷ സമൂഹത്തിനു ഒരു പാഠമാകണം.ഇത്തരം കുറ്റങ്ങള്‍ ചെയ്യാന്‍ വെമ്പല്‍ കൊള്ളുന്ന ഏതൊരാളും ഇനിയൊന്നു പേടിക്കണം. അലമുറയിട്ടു കരയുന്ന ജിഷയുടെ അമ്മയ്ക്ക് നമുക്ക് നല്‍കാന്‍ സാധിക്കുന്നത് അതേയുള്ളൂ . 
മണ്ണും മലയും ഇടിച്ചുണ്ടാക്കുന്ന വികസനത്തിന്‌ പിന്നാലെ പായുന്നതിനു മുന്‍പേ തല ചായ്ക്കാന്‍ ഇടമില്ലത്തവര്‍ , അടച്ചുറപ്പുള്ള ഭാവനമില്ലാത്ത സഹോദരര്‍ ഇല്ലാത്ത , ദാരിദ്ര്യത്താല്‍ വലയുന്നവരില്ലാത്ത ഒരു സമൂഹത്തെ നമുക്ക് വാര്‍ത്തെടുക്കേണ്ടതുണ്ട് .നമ്മുക്ക് ശിരസ്സുയര്‍ത്തി ലോകത്തോട്‌ പറയാന്‍ കഴിയണം .നമ്മുടെ കേരളം , ദരിദ്രരില്ലാത്ത കേരളം, ഭവനരഹിതരില്ലാത്ത കേരളം, സ്ത്രീസൗഹാര്‍ദ കേരളം