നാടകാചാര്യന് കലാകേരളത്തിന്റെ വിട

0

കവിയായും കലാകാരനായും സംഗീത സംവിധാകയകനായും നിറഞ്ഞു നിന്ന കാവാലത്തിനു കലാകേരളത്തിന്റെ വിട .. ലളിതസുന്ദരമായ വരികളിലൂടെ ആസ്വാദകരുടെ മനംകവര്‍ന്ന കവിയും ഗാനരചയിതാവുമായിരുന്നു കാവാലം. കുറച്ചുനാളായി രോഗബാധിതനായി കിടപ്പിലായിരുന്നു. തിരുവനന്തപുരം തൃക്കണ്ണാപുരത്തെ ഹരിശ്രീ വീട്ടില്‍വെച്ചായിരുന്നു അന്ത്യം.88 വയസ്സായിരുന്നു.സംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് സംസ്ഥാന ബഹുമതികളോടെ കാവാലത്ത് നടക്കും.

1928 ഏപ്രില്‍ 28ന് കുട്ടനാട്ടിലെ കാവാലത്തെ പ്രമുഖ തറവാടായ ചാലയില്‍ വീട്ടിലാണ് ജനിച്ചത്. ശ്രീമൂലം തിരുനാളിന്റെ കൊട്ടാരത്തിലെ കാര്യക്കാരിലൊരാളായിരുന്ന ഗോദവര്‍മയായിരുന്നു പിതാവ്. മാതാവ് കുഞ്ഞുലക്ഷ്മിയമ്മ. സര്‍ദാര്‍ കെ.എം. പണിക്കരുടെ അനന്തരവനാണ്. കാവാലത്തെ മലയാമ്പള്ളിക്കൂടത്തിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പുളിങ്കുന്ന് ഗോമേന്ത സ്‌കൂളിലായിരുന്നു ഹൈസ്‌കൂള്‍ വിദ്യാഭ്യാസം. കോട്ടയം സി.എം.എസ് കോളജില്‍ പഠിച്ച കാവാലം നിയമബിരുദം നേടി 1955 മുതല്‍ 61 വരെ ആലപ്പുഴ ജില്ലാ കോടതിയില്‍ അഭിഭാഷകനായും തിളങ്ങി. പിന്നീട്, സാംസ്‌കാരികരംഗത്ത് തിളങ്ങുന്ന നക്ഷത്രമായി. 1961 മുതല്‍ പത്തുവര്‍ഷം കേരള സംഗീത നാടക അക്കാദമി സെക്രട്ടറിയായി.  അവനവന്‍ കടമ്പ, ദൈവത്താര്‍, തെയ്യത്തെയ്യം, പൊനാടി തുടങ്ങി ഇരുപത്തിയാറോളം നാടകങ്ങള്‍ സൃഷ്ടിച്ച കാവാലം ഭാസന്റെയും കാളിദാസന്റെയും വിഖ്യാത സംസ്‌കൃതനാടകങ്ങളും ഇന്ത്യയിലെമ്പാടും അവതരിപ്പിച്ചു.

ഷേക്‌സ്പിയറുടെ ടെംപെസ്റ്റ്, സംസ്‌കൃതനാടകമായ ഭഗവദജ്ജുകം തുടങ്ങിയവ മലയാളത്തില്‍ അവതരിപ്പിച്ചു. ഭാസന്റെ ‘മധ്യമ വ്യായോഗം:, ‘കര്‍ണഭാരം’, ‘ഊരുഭംഗം’, ‘സ്വപ്നവാസവദത്തം’ കാളിദാസന്റെ ‘ശാകുന്തളം’,’വിക്രമോര്‍വശീയം’, തുടങ്ങിയവ സംസ്‌കൃതത്തില്‍ തന്നെ അരങ്ങിലെത്തിച്ചു.ഭാര്യ: ശാരദാ മണി. പിന്നണി ഗായകന്‍ കാവാലം ശ്രീകുമാര്‍, പരേതനായ കാവാലം ഹരികൃഷ്ണന്‍ എന്നിവര്‍ മക്കളാണ്. ഇന്നും നാളെയുമായി മൃതദേഹം തിരുവനന്തപുരത്ത് പൊതുദര്‍ശനത്തിന് വെയ്ക്കും.