രാജ്യത്ത് 5ജി സേവനം ഒക്ടോബര്‍ 1 മുതല്‍; ആദ്യ സേവനം 13 നഗരങ്ങളിൽ

0
5G.

ന്യൂഡല്‍ഹി: രാജ്യത്ത് ഒക്ടോബര്‍ 1 മുതല്‍ 5ജി സേവനം ലഭ്യമാകും. ഒക്ടോബര്‍ 1ന് ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി 5ജി സേവനം ലോഞ്ച് ചെയ്യുമെന്ന് ദേശീയ ബ്രോഡ്ബാന്‍ഡ് മിഷന്‍ ട്വീറ്റ് ചെയ്തു.

5 ജി സേവനങ്ങള്‍ രാജ്യത്ത് ഘട്ടം ഘട്ടമായിട്ടാകും നടപ്പിലാക്കുകയെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ഘട്ടത്തില്‍ 13 നഗരങ്ങളിലാകും 5 ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാകുക. അഹമ്മദാബാദ്, ബെംഗളൂരു, ചണ്ഡീഗഡ്, ചെന്നൈ, ഡല്‍ഹി, ഗാന്ധിനഗര്‍, ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗര്‍, കൊല്‍ക്കത്ത, ലഖ്‌നൗ, മുംബൈ, പൂനെ എന്നിവിടങ്ങളിലാണ് ആദ്യം 5ജി സേവനം ലഭ്യമാക്കുക. ഈ നഗരങ്ങളിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ മാത്രമായിരിക്കും ആദ്യം 5ജി സേവനം നൽകുകയെന്ന് വിവിധ ടെലികോം കമ്പനികൾ അറിയിച്ചിട്ടുള്ളത്.

അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും 5ജി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് താങ്ങാനാവുന്ന വിലയില്‍ ലഭ്യമാകും എന്നും കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കി.നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരു പോലെ 5ജി എത്തിക്കാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാഗാദാനം. 4ജി-യെക്കാള്‍ 100 മടങ്ങ് വേഗത്തില്‍ വേഗത നല്‍കാന്‍ 5ജി-ക്ക് കഴിയും. അതിനാല്‍ ബഫറിംഗ് ഇല്ലാതെ വീഡിയോകള്‍ കാണാനും വേഗത്തില്‍ ഉള്ളടക്കം ഡൗണ്‍ലോഡ് ചെയ്യാനും ഹൈ-സ്പീഡ് ഇന്റര്‍നെറ്റ് ആളുകളെ സഹായിക്കും.