ആണ്ടിലൊരു ആഗസ്റ്റ് പതിനഞ്ച്

0

കത്തി ജ്വലിച്ചിരുന്ന വിപ്ലവ സ്മരണകളാണ് ആഗസ്ത് മാസം ഇന്ത്യൻ ജനതയുടെ മനസ്സിൽ പ്രഭ ചൊരിയുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ പോരാട്ടത്തിൻ്റെ പുതിയ അദ്ധ്യായം എഴുതി ചേർത്ത ദിപ്തമായ ഓർമ്മകളുടെ വിപ്ലവ വസന്തം പൂത്തുലഞ്ഞ മാസം തന്നെ ആഗസ്ത് .

“ക്വിറ്റ് ഇന്ത്യ ” സമരം അരങ്ങേറിയ മാസം. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിൻ്റെ അധികാരത്തിൻ്റെ കോട്ടകൊത്തളങ്ങളിൽ ജനകീയ മുന്നേറ്റത്തിൻ്റെ ആരവങ്ങൾ പ്രകമ്പനം കൊള്ളിച്ച ധീരമായ പോരാട്ടത്തിൻ്റെ തിരമാലകളുയർന്ന മഹാപ്രസ്ഥാനം ചരിത്രം രചിച്ച സംഭവ വികാസങ്ങൾ’ ബ്രിട്ടീഷ് ഭരണാധികാരികൾക്ക് ഇന്ത്യയുടെ ഭരണം തുടർന്നു കൊണ്ടുപോകാൻ സാദ്ധ്യമല്ലെന്ന് ബോദ്ധ്യപ്പെടുത്തിയ സമര വീര്യത്തിൻ്റെ നാളുകൾ. ഇന്ത്യ എല്ലാ ചങ്ങലക്കെട്ടുകളും വലിച്ചെറിയാൻ പോകുകയാണെന്ന് അധികാരി വർഗ്ഗത്തെ ബോധ്യപ്പെടുത്തിയ നാളുകൾ. സ്വാതന്ത്ര്യത്തെക്കാൾ കുറഞ്ഞതൊന്നും സ്വീകാര്യമല്ലെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ച് രംഗത്ത് വന്ന ദേശീയ നേതാക്കളുടെ ഉറച്ച ആത്മവിശ്വാസം.

ബ്രിട്ടീഷ് ഭരണാധികാരികൾ യാഥാർത്ഥ്യം തിരിച്ചറിഞ്ഞ കാലം. തങ്ങൾക്ക് മുന്നിൽ മറ്റ് വഴികളൊന്നുമില്ലെന്ന തിരിച്ചറിവിൽ ഇന്ത്യയെ ശക്തമായ ഒരു രാഷ്ട്രമായി ലോകത്തിന് നൽകാതെ ഭിന്നിപ്പിച്ച് വിഭജിച്ച് ശക്തി ക്ഷയിപ്പിച്ച് നൽകുക എന്ന സാമ്രാജ്യത്ത അജണ്ട നടപ്പിലാക്കിയ ആഗസ്ത് പതിനഞ്ച്. പിളർന്ന് പോയാലും സ്വാതന്ത്ര്യം തന്നെ വലുതെന്ന ബോദ്ധ്യത്തിൽ വേദനയോടെ സ്വാതന്ത്ര്യം ഏറ്റുവാങ്ങേണ്ടി വന്ന ജനത. വിധിയുമായുള്ള ആ അഭിമുഖത്തിന് ഇന്ത്യ തയ്യാറായ ആഗസ്ത് പതിനഞ്ച് ”’ വന്നെത്തുന്ന ഓരോ ആഗസ്റ്റ് പതിനഞ്ചും ഓരോ ഭാരതീയനും പകർന്ന് നൽകുന്നത് സ്വാതന്ത്ര്യത്തിൻ്റെ, സ്വാശ്രയത്തിൻ്റെ, ദേശാഭിമാനത്തിൻ്റെ അഭിമാന സ്മൃതികൾ തന്നെയാണ്. കഴിഞ്ഞ എഴുപത്തി അഞ്ചു വർഷങ്ങളായി നാം പിന്നിടുകയായിരുന്നു, നിലനിൽപ്പിൻ്റെ, വികസനത്തിൻ്റെ, ജനാധിപത്യ പരീക്ഷണങ്ങളുടെ, വെല്ലുവിളികളുടെ കാലം.

നാം ലോകത്തിന് കാണിച്ചു കൊടുക്കുകയായിരുന്നു – ജനാധിപത്യത്തിൻ്റെ ശക്തിയും മഹത്വവും’ ‘ഇതിനിടയിൽ അകത്തും പുറത്തുമുള്ള ശത്രുക്കൾ നമുക്കെതിരെ രംഗത്ത് വരാൻ തക്കം പാർത്തിരിക്കുകയായിരുന്നു. എല്ലാ പരീക്ഷണങ്ങളെയും വെല്ലുവിളികളെയും നാം അതിജീവിക്കുക തന്നെ ചെയ്തു. ഓരോ സ്വാതന്ത്ര്യ ദിനവും നമ്മെ ഓർമ്മിപ്പിക്കുന്നത് അതിജീവനത്തിൻ്റെ ഈ മഹത്വപൂർണമായ പാഠം തന്നെയാണ്. ജാഗ്രതയുടെ വിലപ്പെട്ട സന്ദേശമാണ് ഓരോ സ്വാതന്ത്ര്യ ദിനവും നമ്മെ ഓർമ്മിപ്പിക്കുന്നത് ‘ ഈ സ്വാതന്ത്ര്യ ദിനത്തിൽ നമുക്ക് പ്രതിജ്ഞ ചെയ്യാം രാഷ്ട്രത്തിൻ്റെ സ്വാതന്ത്ര്യ സംരക്ഷണത്തിന് ഉണർന്നിരിക്കാമെന്ന്, ഒരുമയോടെ, കരുതലോടെ നമ്മുടെ രാഷ്ട്രത്തിന്നായി പുനരർപ്പണം നടത്താമെന്ന്.