യു. ജി.സി കരട് റിപ്പോർട്ട്: ബിരുദപഠനത്തിൽ ഇനി സയൻസ്-ആർട്‌സ് വേർതിരിവുണ്ടാകില്ല

0

ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി 2022 അധ്യയനവർഷം മുതൽ നടപ്പാക്കുന്ന നാലുവർഷ ബിരുദകോഴ്സുകളുടെ കരടുമാർഗരേഖ യു.ജി.സി. പുറത്തിറക്കി. സയൻസ്-ആർട്സ് വിഷയങ്ങൾ എന്ന വേർതിരിവ് ഇനി ബിരുദകോഴ്സിനുണ്ടാവില്ല. ബഹുമുഖപ്രതിഭകളാക്കി വിദ്യാർഥികളെ വാർത്തെടുക്കുന്നതിന്റെ ഭാഗമായി ശാസ്ത്ര, സാങ്കേതിക, ആആർട്‌സ് വിഷയങ്ങളിൽ വിദ്യാർഥികൾക്ക് പരിശീലനം നൽകും. 90 ദിവസങ്ങൾ വീതമുള്ള എട്ടുസെമസ്റ്ററുകളാകും കോഴ്‌സിലുണ്ടാവുക.

4 വർഷ ബിരുദം പൂർത്തിയാക്കിയവർ ബിരുദാനന്തര ബിരുദത്തിന് ഒരു വർഷ കോഴ്സ് പഠിച്ചാൽ മതി. നാലു വർഷ ബിരുദ പഠനത്തിലൂടെ വിദ്യാർത്ഥിക്ക് ഒന്നിലധികം വിഷയങ്ങൾ പഠിച്ച് സമഗ്രമായ അറിവുണ്ടാക്കാനും തിരഞ്ഞെടുക്കുന്ന വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാനും അവസരം ലഭിക്കും. അതേസമയം, നിലവിലെ മൂന്ന് വർഷ ബിരുദ, രണ്ടു വർഷ പി.ജി കോഴ്സുകൾ തുടരും. വിദ്യാർത്ഥികൾക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. പിഎച്ച്.ഡി കോഴ്സുകളുടെ കാലാവധി പരമാവധി ആറു വർഷമാക്കും. 60 ശതമാനം ഒഴിവുകളും നെറ്റ്/ജെ.ആർ.എഫ് യോഗ്യതയുള്ളവർക്കും ബാക്കി സർവകലാശാലകൾ വഴിയും, പ്രവേശന പരീക്ഷ, അഭിമുഖം എന്നിവ വഴിയുമാക്കും.

ആദ്യ മൂന്നുസെമസ്റ്ററുകളിൽ ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസ്, ഗണിതം, വോക്കേഷണൽ എജ്യുക്കേഷൻ എന്നിവയാണ് പ്രധാന പഠനവിഷയങ്ങൾ. ഈ സെമസ്റ്ററുകളിലെ മാർക്കിന്റെയും അടിസ്ഥാനത്തിലാകും നാല്, അഞ്ച്, ആറ് സെമസ്റ്ററുകളിലേക്കുള്ള പ്രധാന പാഠ്യവിഷയങ്ങൾ (മേജർ വിഷയങ്ങൾ) വിദ്യാർഥികൾക്ക് തിരഞ്ഞെടുക്കാനാവുക.

ബിരുദ കോഴ്സ്

 • ബിരുദ പഠനം 3 വർഷം അല്ലെങ്കിൽ 4 (3+1)
 • ഒരു വർഷം പൂർത്തിയാക്കിയാൽ സർട്ടിഫിക്കറ്റ്
 • രണ്ടു വർഷം പൂർത്തിയാക്കിയാൽ ഡിപ്ളോമ
 • മൂന്നു വർഷം പൂർത്തിയാക്കിയാൽ ബിരുദ സർട്ടിഫിക്കറ്റ്
 • നാലു വർഷം പൂർത്തിയാക്കിയാൽ ബിരുദ സർട്ടിഫിക്കറ്റ്+ഓണേഴ്സ് അല്ലെങ്കിൽ ബിരുദം+ഗവേഷണം.

പി.ജി കോഴ്സ്

 • 2 വർഷ കോഴ്സ്: 3 വർഷ ബിരുദം പൂർത്തിയാക്കിയവർക്ക്, രണ്ടാം വർഷം ഗവേഷണത്തിന് പ്രാധാന്യം
 • ഒരു വർഷ കോഴ്സ്: ഗവേഷണ പഠനത്തോടെ 4 വർഷ ബിരുദ കോഴ്സ് പൂർത്തിയാക്കിയവർക്ക്
 • പിഎച്ച്.ഡി പഠനത്തിന് രണ്ടു വർഷ പി.ജി കോഴ്സ് അല്ലെങ്കിൽ ഗവേഷണ പഠനത്തോടെയുള്ള 4 വർഷ ബിരുദ കോഴ്സ്

ഇന്റേൺഷിപ്പ്:

 • തൊഴിൽ പരിശീലനം നേടാനും, പഠിച്ചത് ഉറപ്പിക്കാനും പ്രാദേശിക വ്യവസായങ്ങളിലും ബിസിനസ് സംരംഭങ്ങളിലും ഇന്റേൺഷിപ്പ്.

സെമസ്റ്ററിലെ ക്രഡിറ്റ്

 • തിയറി ക്ളാസ്- 15 മണിക്കൂർ
 • പ്രാക്‌ടിക്കൽ, ഫീൽഡ്‌വർക്ക്, കമ്മ്യൂണിറ്റി പഠനം, സോഷ്യൽ വർക്ക് – 30 മണിക്കൂർ
 • അസൈൻമെന്റുകൾ, വായന- 30 മണിക്കൂർ.
 • ലാബ് വർക്ക് -15 മണിക്കൂർ.

യോഗ്യതകൾ

 • ഒരു വർഷ സർട്ടിഫിക്കറ്റ് കോഴ്സിനിടെ 40-44 ക്രഡിറ്റ് മണിക്കൂറുകൾ+10 ക്രഡിറ്റ്+10 ക്രഡിറ്റ് (അപ്രെന്റിസ്ഷിപ്പ് അല്ലെങ്കിൽ ഇന്റേൺഷിപ്പ് )
 • രണ്ടു വർഷ ഡിപ്ളോമ: 80-88 ക്രഡിറ്റ് മണിക്കൂർ+10 ക്രഡിറ്റ്+10 ക്രഡിറ്റ് (അപ്രെന്റിസ്ഷിപ്പ് അല്ലെങ്കിൽ ഇന്റേൺഷിപ്പ് )
 • മൂന്നുവർഷ ബിരുദം: 120-130 ക്രഡിറ്റ് മണിക്കൂറുകൾ
 • നാലു വർഷ ബിരുദം: 160-176 ക്രഡിറ്റ് മണിക്കൂറുകൾ.
 • ബിരുദാനന്തര ബിരുദം: 4 വർഷ ബിരുദത്തിൽ 40-44 ക്രഡിറ്റ് മണിക്കൂറുകൾ, 3 വർഷ ബിരുദത്തിൽ 80-88.
 • ഒരു വർഷ ബിരുദാനന്തര ബിരുദ ഡിപ്ളോമയ്‌ക്ക് 3 വർഷ ബിരുദത്തിൽ 40-44 ക്രഡിറ്റ് മണിക്കൂറുകൾ
 • ആർട്സ് വിഷയങ്ങളിൽ സ്റ്റുഡിയോ പ്രവൃത്തികൾ- 45 മണിക്കൂർ .