രൺവീർ സിങിന്‍റെ “83”; ടീസർ പുറത്ത്

0

ബോളിവുഡ് ഹീറോ രൺവീർ സിങ് ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരം കപിൽ ദേവായി വേഷമിടുന്ന ‘83’ സിനിമയുടെ ട്രെയിലർ എത്തി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ 1983ലെ ലോകകപ്പ് വിജയം പ്രതിപാദിക്കുന്ന ’83’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ചിത്രത്തിന്റെ അണിയറ പ്രവർത്തകർതന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്.

കബീര്‍ ഖാന്‍ സംവിധാനവും നിര്‍മാണവും നിര്‍വഹിക്കുന്ന 83 ബഹുഭാഷാ ചിത്രമായാണ് അണിയിച്ചൊരുക്കുന്നത്. രൂപം കൊണ്ടും വേഷവിധാനം കൊണ്ടും കപിൽ ദേവായി രൺവീർ നടത്തുന്ന പരകായ പ്രവേശത്തിന്റെ വിവിധ ഘട്ടങ്ങൾ ലൊക്കേഷൻ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്കു മുന്നിലെത്തിയിരുന്നു.

ഹിര്‍ രാജ് ഭാസിന്‍, ജീവ, സാഖിബ് സലീം, ജതിന്‍ സര്‍ണ, ചിരാഗ് പാട്ടില്‍, ദിന്‍കര്‍ ശര്‍മ, നിഷാന്ത് ദാഹിയ, ഹാര്‍ഡി സന്ധു, സഹില്‍ ഖട്ടര്‍, അമ്മി വിര്‍ക്, ആദിനാഥ് കോത്താരെ, ധൈര്യ കര്‍വ, ആര്‍. ബദ്രി, പങ്കജ് ത്രിപാഠി തുടങ്ങിയവരാണ് ചിത്രത്തിലെ താരനിര.

കപില്‍ ദേവിന്റെ ഭാര്യ റോമിയായി അതിഥി റോളില്‍ ദീപിക പദുകോണാണ് എത്തുന്നത്. ക്രിസ്തുമസിനോട് അനുബന്ധിച്ച് ഡിസംബര്‍ 24-ന് റിലീസ് ചെയ്യാന്‍ ഒരുങ്ങുന്ന ചിത്രം കബീര്‍ ഖാന് പുറമേ ദീപിക പദുകോണ്‍, വിഷ്ണു ഇന്ദൂരി, സാജിദ് നാദിയാദ് വാല, ഫാന്റം ഫിലിംസ്, റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ്, 83 ഫിലിം എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലായി ഡിസംബര്‍ 24 ന് ചിത്രം റിലീസ് ചെയ്യും. ചിത്രം മലയാളത്തില്‍ അവതരിപ്പിക്കുന്നത് നടന്‍ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്. ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചരിത്ര നേട്ടത്തിന്റെ കഥ പറയുന്ന 83 അവതരിപ്പിക്കുന്നതില്‍ ഏറെ അഭിമാനമുണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞു.