പ്രിയപ്പെട്ടവന്റെ വേര്‍പാടിന്റെ നടുക്കത്തില്‍ നിന്ന് ഇനിയെന്ത് എന്നുപോലും അറിയാതെ നെഞ്ചുപൊട്ടി കരയുന്നൊരു പെണ്‍കുട്ടിയുടെ വായില്‍ മൈക്ക് കുത്തിതിരുകാന്‍ നോക്കുന്നതിന്റെ പേരോ മാധ്യമപ്രവര്‍ത്തനം ?

0

ചോദ്യങ്ങള്‍ ചോദിക്കുന്നതാണ് മാധ്യമപ്രവര്‍ത്തനം എങ്കില്‍ ചിലനേരത്ത് മനുഷത്തത്തിനൊപ്പം നില്‍ക്കേണ്ടവര്‍ കൂടിയാണ് മാധ്യമപ്രവര്‍ത്തകര്‍. പക്ഷെ ഇന്ന് കെവിന്റെ വീട്ടില്‍ ഹൃദയം നുറുങ്ങുന്ന വേദനയില്‍ കരഞ്ഞു തളര്‍ന്നു കിടക്കുന്ന നീനുവിനു മുന്നിലേക്ക്‌ മൈക്ക് നീട്ടി അവള്‍ക്ക് സ്വസ്ഥത നല്‍കാതെ ചോദ്യങ്ങള്‍ ചോദിച്ച സ്വകാര്യ ചാനലിന്റെ നടപടി കണ്ടാല്‍ ഈ മനുഷത്തം അവര്‍ക്ക് തൊട്ടുതീണ്ടിയിട്ടില്ല എന്ന് തോന്നിപോകും. ഇന്നത്തെ  ഈ  റിപ്പോര്‍ട്ടിംഗിന് എതിരെ  സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

ഹൃദയം പൊട്ടി കരഞ്ഞ് തളര്‍ന്ന് കിടക്കുന്ന നീനുവിനു നേരെ മറ്റ് ചാനലുകളുടെയും മൈക്കുകളും നീളുന്നുണ്ടെങ്കിലും ആഷയാണ് നീനുവിനെ കരയാന്‍ പോലും അനുവദിക്കാതെ ചോദ്യങ്ങള്‍ ചോദിച്ചു വശംകെടുത്തിയത്. പലപ്പോഴും സംസാരിക്കാന്‍ പോലും കഴിയാതെ നീനു കെവിന്റെ പിതാവിന്റെ തോളിലേക്ക് ചായുന്നുണ്ടായിരുന്നു.  ഈ സമയത്ത് ധൈര്യമായി നില്‍ക്കണമെന്ന് പറഞ്ഞ് വീണ്ടും നിര്‍ബന്ധിക്കുമ്പോഴാണ് നിയമപരമായിട്ടല്ലെങ്കിലും താന്‍ കെവിന്‍ ചേട്ടന്റെ ഭാര്യയാണെന്നും അങ്ങനെ തന്നെ ഇനി ജീവിക്കുമെന്നും ആ പെണ്‍കുട്ടി കരച്ചിലിനിടയിലൂടെ പറയുന്നത്.

പ്രതികരിക്കാന്‍ താല്പര്യമില്ലാത്ത, അല്ലെങ്കില്‍ അപ്പോഴത്തെ അവസ്ഥയില്‍ എന്ത് പറയണമെന്ന് അറിയാത്ത ഒരു പെണ്‍കുട്ടിയോട് ‘ഭര്‍ത്താവിന്റെ കൊലയെ കുറിച്ചും അത് അതിദാരുണമായാണ് അവര്‍ നടത്തിയത് എന്നും അതുകൊണ്ട് ഇപ്പോള്‍ ധൈര്യപൂര്‍വ്വം നില്‍ക്കേണ്ട സമയമാണ്’ എന്നുമൊക്കെ പറയുന്നത്‌ എന്ത് മാധ്യമപ്രവര്‍ത്തനമാണ് എന്നാണ് ഇപ്പോള്‍ വിമര്‍ശനം ഉയരുന്നത്. ഇതിനെതിരെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലും മറ്റും രൂക്ഷ പ്രതികരണവുമായി വന്നിരിക്കുന്നത്.

‘പ്രണയിച്ച പുരുഷന്റെ കൊലപാതക വാര്‍ത്തയുടെ നടുക്കത്തില്‍ നിന്ന് ഇനിയെന്ത് എന്നുപോലും അറിയാതെ ശൂന്യതയില്‍ നോക്കി നെഞ്ചുപൊട്ടുമാറുച്ചത്തില്‍ അലമുറയിടുന്ന പെണ്‍കുട്ടിയോട് വായില്‍ മൈക്ക് കുത്തി വാര്‍ത്താ വിശേഷം ചോദിക്കുന്ന ആ അളിഞ്ഞ മനസുണ്ടല്ലോ ജാതിക്കൊല നടത്തിയ നികൃഷ്ട ജീവികളേക്കാള്‍ ഭീകരമാണ്’ എന്ന് അനില്‍ പള്ളൂര്‍ എന്നയാള്‍  തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഇത്തരം നിരവധി വിമര്‍ശനങ്ങളാണ് ഇപ്പോള്‍ ഈ സംഭവത്തിനെതിരെ ഉയരുന്നത്.