വ്യോമസേന പൈലറ്റ് അഭിനന്ദനെ സുരക്ഷിതനായി തിരിച്ചയയ്ക്കണമെന്ന് പാകിസ്താനോട് ഇന്ത്യ

0

ന്യൂഡല്‍ഹി ∙ ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥൻ അഭിനന്ദനെ ഉടന്‍ തിരിച്ചയയ്ക്കണമെന്നു പാക്കിസ്ഥാനോട് ഇന്ത്യ. പരിക്കേറ്റ പൈലറ്റിനെ മോശമായ രീതിയില്‍ പ്രദര്‍ശിപ്പിച്ചതും ദൃശ്യങ്ങള്‍ പുറത്തുവിട്ടതും രാജ്യാന്തര നിയമങ്ങളുടെയും ജനീവ കണ്‍വെന്‍ഷന്റെയും ലംഘനമാണ്.

സ്വന്തം മണ്ണിൽ ഭീകരരുടെ പ്രവർത്തനം നിയന്ത്രിക്കാതെയാണ് പാകിസ്താൻ ഇന്ത്യയെ ആക്രമിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. അതിനിടെ, ഇന്ത്യയിലെ പാകിസ്താന്റെ ആക്ടിങ് ഹൈക്കമ്മീഷണറെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി പാക് നടപടികളിലുള്ള ശക്തമായ പ്രതിഷേധം അറിയിച്ചു.

അപമാനകരവും അപകടകരവുമായ രീതിയില്‍ ആണ് പാകിസ്താനില്‍ നിന്നും പുറത്തു വന്ന വീഡിയോകളിലും ചിത്രങ്ങളിലും അദ്ദേഹത്തെ കണ്ടത്. പാകിസ്ഥാന്‍ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥന് എല്ലാ സുരക്ഷയും നല്‍കേണ്ട ഉത്തരവാദിത്തം പാകിസ്ഥാനുണ്ടെന്നും അദ്ദേഹം സുരക്ഷിതനാിയ മടങ്ങിയെത്തുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നതെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സൈനികനെ കസ്റ്റഡിയിൽ ലഭിച്ച വിവരം പാക്കിസ്ഥാൻ ഇന്ത്യയെ ഔദ്യോഗികമായി അറിയിച്ചില്ലെന്നതും വീഴ്ചയാണെന്നു സൈനീക വൃത്തങ്ങൾ പറയുന്നു.

ഇന്ന് രാവിലെയോടെ വ്യോമാതിര്‍ത്തി കടന്നു വന്ന പാക് പോര്‍വിമാനങ്ങളെ തുരത്തിയോടിക്കുന്നതിനിടയിലാണ് ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്-21 വിമാനം അതിര്‍ത്തിയില്‍ തകര്‍ന്നു വീണത്. അപകടത്തില്‍ നിന്നും പൈലറ്റ് അഭിനന്ദ് വര്‍ധന്‍ രക്ഷപ്പെട്ടെങ്കിലും അദ്ദേഹവും വിമാനവും ചെന്നു പതിച്ചത് പാക് അധീന കശ്മീരിലാണ്.