വിദേശികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് കുവൈത്ത് നികുതി ഏര്‍പ്പെടുത്തിയേക്കും

0

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ വിദേശികളില്‍ നിന്ന് റെമിറ്റന്‍സ് ടാക്സ് ഈടാക്കുന്നത് നിയമവിരുദ്ധമല്ലെന്നാണ് പാര്‍ലമെന്റിലെ സാമ്പത്തികകാര്യ സമിതി കണ്ടെത്തിയിരിക്കുന്നത്. സ്വദേശികൾക്കും വിദേശികൾക്കുമിടയിൽ നികുതി വിഷയത്തിൽ തുല്യനീതി പാലിക്കണമെന്ന് ഭരണഘടന പറയുന്നില്ലെന്നും സമിതി വ്യക്തമാക്കി. നികുതി നിർദേശം കഴിഞ്ഞ ജനുവരിയിൽ പാർലമെൻറിലെ നിയമകാര്യ സമിതി ഭരണഘടനക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടി തള്ളിയിരുന്നു.

കുവൈത്ത് ഭരണഘടനയുടെ ആർട്ടിക്കിൾ 48 ചൂണ്ടിക്കാട്ടിയാണ് റെമിറ്റൻസ് ടാക്സ് നീതിക്കും സമത്വത്തിനും എതില്ലെന്നു സാമ്പത്തികകാര്യ സമിതി വ്യക്തമാക്കിയത്. വിദേശികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് ഒരു ശതമാനം മുതല്‍ അഞ്ച് ശതമാനം വരെ നികുതി ഏര്‍പ്പെടുത്തണമെന്നാണ് സാമ്പത്തികകാര്യ സമിതിയുടെ നിര്‍ദ്ദേശം. എന്നാല്‍ വിദേശികള്‍ക്ക് മാത്രം നികുതി ഏര്‍പ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധവും വിവേചനപരവുമാണെന്ന് നിയമകാര്യ സമിതി അഭിപ്രായപ്പെട്ടു. നികുതിയുടെ കാര്യത്തില്‍ ഇത്തരമൊരു തുല്യത വേണമെന്ന് ഭരണഘടന പറയുന്നില്ലെന്നാണ് ഇതിന് സാമ്പത്തികകാര്യ സമിതിയുടെ മറുപടി.

ഇത്തരമൊരു നികുതി വന്നാല്‍ അത് സമ്പദ്ഘടനയെത്തന്നെ ബാധിക്കുമെന്നും വിദഗ്ധരായ തൊഴിലാളികള്‍ രാജ്യം വിടുമെന്നുമാണ് പാര്‍ലമെന്റില്‍ വാദമുയര്‍ന്നിരുന്നത്. അങ്ങനെ സംഭവിചാൽ വിദേശ നിക്ഷേപ സാധ്യത ഇല്ലാതാക്കുമെന്നും ആണ് മന്ത്രിസഭയുടെ വിലയിരുത്തൽ കള്ളപ്പണം ഒഴുകുമെന്നു ചൂണ്ടിക്കാട്ടി സെൻട്രൽ ബാങ്കും റെമിറ്റൻസ് ടാക്സ് നടപ്പാക്കുന്നതിനെ എതിർത്തിരുന്നു.