തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ശക്തമായതിനെ തുടർന്ന് സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഇന്നും(ചൊവ്വാഴ്ച) മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ബുധനാഴ്ചയും. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ 20 സെന്റിമീറ്ററിലധികം മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ അറിയിച്ചു.

ന്യൂനമര്‍ദം ശക്തിപ്രാപിച്ച് പശ്ചിമ ബംഗാള്‍ -ഒഡീഷാ തീരത്തേക്ക് അടുത്തിട്ടുണ്ട്. ഇത് അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്. പതിനേഴിനു ശേഷം മഴ കുറയാനാണ് സാധ്യത. ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളിൽ 20 സെന്റീമീറ്ററിന് മുകളിൽ മഴ പെയ്യുമെന്നാണ് ഏറ്റവുമൊടുവിൽ കാലവസ്ഥാകേന്ദ്രം പ്രവചിക്കുന്നത്.

റെഡ് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ അതിതീവ്ര (Extremely Heavy 24 മണിക്കൂറില്‍ 204 mm ല്‍ കൂടുതല്‍ മഴ) മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെപ്പെട്ടിരിക്കുന്നത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത വര്‍ധിക്കും.

കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നാളെ റെഡ് അലർട്ടുണ്ട്. ന്യൂനമർദ്ദത്തിന്റെ പ്രഭാവം മൂലം അടുത്ത രണ്ട് ദിവസത്തേക്ക് ശക്തമാകുന്ന മഴ വെളളിയാഴ്ചയോടെ ദുർബലമാകും. മഴ ശക്തമായെങ്കിലും സംസ്ഥാനത്ത് ഡാമുകളുടെ ജലനിരപ്പ് ആശങ്കപ്പെടുത്തുന്ന നിലയിലല്ല. മുൻകരുതലെന്നോണം നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകൾ ഒരിഞ്ച് വീതം തുറന്നു.