പാർവ്വതി ഇനി ഉറൂബിന്റെ രാച്ചിയമ്മ; വെെറലായി മെയ്ക്ക് ഓവര്‍

0

പ്രശസ്ത സാഹിത്യകാരൻ ഉറൂബിന്‍റെ ചെറുകഥ രാച്ചിയമ്മ വെള്ളിത്തിരയിലേക്ക് എത്തുമ്പോൾ രാച്ചിയമ്മയായി പാർവതി തിരുവോത്ത് എത്തുന്നു. ഒരു പിടി വ്യത്യസ്ത സിനിമകൾ മലയാളിക്ക് സമ്മാനിച്ച വേണുവാണ് വേണുവാണ് ചിത്രത്തിന്റെ സംവിധായകൻ. മുന്നറിയിപ്പ്, കാർബൺ എന്നീ ചിത്രങ്ങൾക്ക് ശേഷം വേണു ഒരുക്കുന്ന ചിത്രമാണിത്.

പാർവതിയും ആസിഫ് അലിയുമാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്. ഉയരെ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും പാർവതിയും ഒരുമിച്ചെത്തുന്നു എന്ന പ്രത്യേകതയും രാച്ചിയമ്മയ്ക്കുണ്ട്. ചിത്രത്തിനു വേണ്ടി രാച്ചിയമ്മയായുള്ള പാര്‍വതിയുടെ കിടിലന്‍ മേക്കോവറാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്ന കാര്യത്തിലും നിലപാടുകൾ തുറന്നു പറയുന്ന കാര്യത്തിലും എന്നും പാർവതി മറ്റ് നടിമാരേക്കാൾ വ്യത്യസ്തയായിരുന്നു. അതുകൊണ്ട് തന്നെ പാർവതിയുടെ പുതിയ വേഷം സ്ക്രീനിൽ തകർക്കും എന്നാണ് ആരാധകരുടെ അഭിപ്രായം.

1969ൽ ഉറൂബ് രചിച്ച ചെറുകഥയാണ് രാച്ചിയമ്മ. വിശ്വസാഹിത്യത്തിന്‍റെ നടുമുറ്റത്തേക്ക് എടുത്തു വെയ്ക്കാൻ പ്രാപ്തമായ കഥ എന്നായിരുന്നു സാഹിത്യ നിരൂപകർ രാച്ചിയമ്മയെ വിശേഷിപ്പിച്ചത്. സ്ത്രീയുടെ ആത്യന്തികമായ മാതൃത്വം എന്ന ഭാവത്തെ വളരെ വ്യത്യസ്തമായാണ് ഉറൂബ് രാച്ചിയമ്മയിലൂടെ പറഞ്ഞത്. ലൈംഗികബന്ധത്തെക്കുറിച്ചുള്ള സദാചാരബോധവും രാച്ചിയമ്മയിലൂടെ ഉറൂബ് തുറന്നടിക്കുന്നുണ്ട്.