കാത്തിരിപ്പുകൾക്ക് വിരാമം: കോവിഷീൽഡ് വാക്സിൻ കൊച്ചിയിലെത്തി; വിതരണം 113 കേന്ദ്രങ്ങളില്‍

0

കൊച്ചി: നീണ്ട നാളത്തെ കാത്തിരിപ്പുകൾക്ക് ഇനി വിരാമം… സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽനിന്നുള്ള കോവിഡ് വാക്സിനുമായി കേരളത്തിലേയ്ക്കുള്ള ആദ്യ വിമാനം കൊച്ചിയിലെത്തി. രാവിലെ 10.55 ഓടെയാണ്‌ വാക്സീനുമായുള്ള വിമാനം നെടുമ്പാശേരിയിലെത്തിയത്. വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരത്തുമെത്തും. ഗോ എയർ വിമാനത്നാതിലെത്തുന്ന വാക്സിൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം ജില്ലാ സംഭരണ കേന്ദ്രങ്ങളിലേക്ക് മാറ്റും.

സംസ്ഥാനത്ത് ആദ്യഘട്ട കോവിഡ് വാക്സിൻ കുത്തിവെപ്പിനുള്ള മരുന്നാണ് കൊച്ചിയിലെത്തിച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും കോവിഡ് വാക്സിൻ എറണാകുളം ജനറൽ ആശുപത്രിയിലെ റീജനൽ വാക്സിൻ സ്റ്റോറിൽ എത്തിക്കും. അവിടെ നിന്നും ഉച്ചക്ക് തന്നെ മറ്റ് സമീപ ജില്ലകളായ പാലക്കാട്, കോട്ടയം, തൃശൂർ, ഇടുക്കി, എറണാകുളം വാക്സിൻ റീജനൽ സ്റ്റോറിൽ നിന്ന് അയക്കും.

1.80 ലക്ഷം ഡോസ് വാക്സിൻ പ്രത്യേക താപനില ക്രമീകരിച്ച 25 ബോക്സുകളിലായാണ് എത്തിച്ചിട്ടുള്ളത്. ഒരു ബോക്സിൽ 12000 ഡോസ് വീതം 25 ബോക്സുകൾ ഉണ്ടാവും. ഇതിൽ 15 ബോക്സുകൾ എറണാകുളത്തിനാണ്. എറണാകുളത്താണ് കൂടുതൽ പേർക്കുള്ള കുത്തിവെപ്പ് എടുക്കുന്നത്. 4,35,500 ഡോസ് മരുന്നാണ് കേരളത്തിന് അനുവദിച്ചിട്ടുള്ളത്. 1100 ഡോസ് മാഹിയിൽ വിതരണം ചെയ്യാനുള്ളതാണ്. തിരുവനന്തപുരത്ത് 1,34,000 ഡോസും എറണാകുളത്ത് 1,80,00 ഡോസും കോഴിക്കോട്ട് 1,19,500 ഡോസും വാക്സിനുകളാണ് എത്തിക്കുന്നത്.

എറണാകുളം ജില്ലയിൽ ജനറൽ ആശുപത്രി എറണാകുളം, പിറവം താലൂക്കാശുപത്രി, ചെങ്ങമനാട് സാമൂഹിക ആരോഗ്യ കേന്ദ്രം, കുട്ടമ്പുഴ കുടുംബാരോഗ്യ കേന്ദ്രം, ചെല്ലാനം പ്രാഥമികാരോഗ്യ കേന്ദ്രം, കളമശേരി മെഡിക്കൽ കോളജ്, ആസ്റ്റർ മെഡിസിറ്റി, എംഒഎസ്‍സി മെഡിക്കൽ കോളജ് ആശുപത്രി കോലഞ്ചേരി, മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ കോതമംഗലം, എറണാകുളം ജില്ലാ ഹോമിയോ ആശുപത്രി, ജില്ലാ ആയുർവേദ ആശുപത്രി, തമ്മനം നഗര കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലൂടെയാണ് വാക്സീൻ കുത്തിവയ്പ്പ് നടക്കുക.

വൈകീട്ട് ആറോടെ രണ്ടാമത്തെ ബാച്ചായി ബാക്കി മരുന്ന് തിരുവനന്തപുരത്ത് എത്തിക്കും. തിരുവനന്തപുരത്തെ റീജണൽസ്റ്റോറിലേക്ക് മാറ്റുന്ന ഇത് 14-ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്ക് നൽകും. സംസ്ഥാനമെമ്പാടുമായി 113 കേന്ദ്രങ്ങളിലാണ് പ്രതിരോധമരുന്ന് നൽകും. 3,59,549 ആരോഗ്യപ്രവർത്തകരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സർക്കാർ മേഖലയിലെ 1,70,259 പേരും സ്വകാര്യ മേഖലയിലെ 1,92,611 പേരുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.