ജഹാംഗീർപുരി സംഘർഷം: സുപ്രീംകോടതി വിധി വന്നിട്ടും പൊളിക്കൽ തുടർന്നു; ജെസിബിക്ക് മുന്നിൽ കയറി നിന്ന് പ്രതിഷേധവുമായി വൃന്ദ കാരാട്ട്

0

ന്യൂഡല്‍ഹി: സുപ്രീം കോടതി വിലക്കു ലംഘിച്ചും ജഹാംഗിര്‍പുരിയിലെ ഇടിച്ചുനിരത്തലില്‍ പ്രതിഷേധവുമായി വൃന്ദാ കാരാട്ട്. ജെസിബിക്ക് മുകളില്‍ കയറി നിന്നാണ് വൃന്ദ പ്രതിഷേധക്കാര്‍ക്ക്പിന്തുണ നല്‍കിയത്. രാവിലെ വന്‍ സന്നാഹങ്ങളുമായി മുനിസിപ്പല്‍ അധികൃതര്‍ പൊളിച്ചുനീക്കല്‍ തുടങ്ങിയതിനു പിന്നാലെയാണ് തല്‍സ്ഥിതി തുടരാന്‍ ചീഫ് ജസ്റ്റിസ് എന്‍വി രമണയുടെ ഉത്തരവ് വന്നത്.

കോടതി ചേര്‍ന്നയുടന്‍ സീനിയര്‍ അഭിഭാഷകന്‍ ദുഷ്യന്ത് ദവെ വിഷയം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. എന്നാല്‍ സ്റ്റേ ഉത്തരവ് മാധ്യമങ്ങളില്‍ വന്നതിനു ശേഷവും അധികൃതര്‍ പൊളിക്കല്‍ തുടരുകയായിരുന്നു.

ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ഉച്ചയോടെ പ്രശ്നത്തില്‍ വീണ്ടും ഇടപെട്ട സുപ്രീം കോടതി സ്റ്റേ ഉത്തരവ് അടിയന്തരമായി അധികൃതര്‍ക്ക് എത്തിച്ചുനല്‍കാന്‍ സെക്രട്ടറി ജനറലിന് നിര്‍ദേശം നല്‍കി. തുടര്‍ന്ന് പൊളിക്കല്‍ നടപടികള്‍ നിര്‍ത്തിവച്ചു.

ബുള്‍ഡോസറും ജെസിബിയും മറ്റും ഉപയോഗിച്ചായിരുന്നു കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തിയത്. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. സിപിഎം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് അടക്കമുള്ളവര്‍ സ്ഥലത്തെത്തി. ഇതിനിടെ ദുഷ്യന്ത് ദവെ പ്രശ്നം വീണ്ടും ചീഫ് ജസ്റ്റിസിന്റെ മുന്നിലെത്തിച്ചു. കോടതി ഉത്തരവ് വന്നിട്ടും പൊളിക്കല്‍ തുടരുകയാണെന്ന് ദവെ പറഞ്ഞു. നിയമവാഴ്ച നിലനില്‍ക്കുന്ന സ്ഥലത്ത് ഇതെങ്ങനെ അനുവദിക്കാനാവുമെന്ന് ദവെ ചോദിച്ചു. തുടര്‍ന്ന് സ്റ്റേ ഉത്തരവ് അടിയന്തരമായി മുനിസിപ്പല്‍ അധികൃതര്‍ക്ക് എത്തിച്ചുനല്‍കാന്‍ ചീഫ് ജസ്റ്റിസ് സുപ്രീം കോടതി സെക്രട്ടറി ജനറലിന് നിര്‍ദേശം നല്‍കി.