ബിഗ് ടിക്കറ്റ്; സൗജന്യമായി കിട്ടിയ ടിക്കറ്റിലൂടെ പ്രവാസി യുവാവിന് ഒരു കിലോഗ്രാം സ്വര്‍ണം സമ്മാനം

0

അബുദാബി: ബിഗ് ടിക്കറ്റിന്റെ ഈ മാസത്തെ രണ്ടാമത്തെ പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പില്‍ വീണ്ടും ഇന്ത്യക്കാരന് സമ്മാനം. യുഎഇയില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന ജയകുമാറിനാണ് ഒരു കിലോഗ്രാം 24 ക്യാരറ്റ് സ്വര്‍ണം സമ്മാനമായി ലഭിച്ചത്.

സുഹൃത്തുക്കളായ 18 പേര്‍ക്കൊപ്പം ചേര്‍ന്നാണ് ജയകുമാര്‍ ടിക്കറ്റെടുത്തത്. രണ്ട് ബിഗ് ടിക്കറ്റുകള്‍ ഒരുമിച്ച് എടുത്താല്‍ മൂന്നാമതൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കുന്ന ‘ബൈ റ്റു, ഗെറ്റ് വണ്‍ ഫ്രീ’ ഓഫറില്‍ ഒക്ടോബര്‍ 16നാണ് ജയകുമാര്‍ ടിക്കറ്റുകള്‍ വാങ്ങിയത്. തൊട്ടടുത്ത ദിവസം തന്നെ നടന്ന പ്രതിവാര നറുക്കെടുപ്പില്‍ ഒരു കിലോഗ്രാം സ്വര്‍ണം അദ്ദേഹത്തെ തേടിയെത്തി. സമ്മാനാര്‍ഹമായി മാറിയതോ ഓഫറിലൂടെ സൗജന്യമായി കിട്ടിയ ടിക്കറ്റും. ഈ മാസം പ്രതിവാര നറുക്കെടുപ്പുകളില്‍ വിജയിച്ച് ഒരു കിലോഗ്രാം സ്വര്‍ണം സ്വന്തമാക്കുന്ന രണ്ടാമത്തെയാളായി മാറുകയാണ് ജയകുമാര്‍.

കഴിഞ്ഞ മൂന്ന് വര്‍ഷമായി അബുദാബിയില്‍ താമസിക്കുന്ന സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറായ ജയകുമാര്‍, 2019 മുതല്‍ ബിഗ് ടിക്കറ്റെടുക്കുകയാണ്. എന്നെങ്കിലും ഒരിക്കല്‍ ഗ്രാന്റ് പ്രൈസ് വിജയിയായി താന്‍ തെരഞ്ഞെടുക്കപ്പെടുമെന്ന പ്രതീക്ഷയോടെ ഇനിയും ടിക്കറ്റെടുക്കുന്നത് തുടരുമെന്നാണ് അദ്ദേഹം പറയുന്നത്.

ജയകുമാറിനെപ്പോലെ ഒക്ടബോര്‍ മാസത്തില്‍ ബിഗ് ടിക്കറ്റെടുക്കുന്ന എല്ലാവരും പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പിലും ഉള്‍പ്പെടും. ഓരോ ആഴ്ചയും തെരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് ഒരു കിലോഗ്രാം സ്വര്‍ണമാണ് സമ്മാനമായി ലഭിക്കുക. ഈ പ്രൊമോഷന്‍ കാലയളവില്‍ ടിക്കറ്റുകളെടുക്കുന്നവര്‍ക്ക് എല്ലാവര്‍ക്കും നവംബര്‍ മൂന്നിന് നടക്കാനിരിക്കുന്ന ഗ്രാന്റ് ഡ്രോയില്‍ 2.5 കോടി ദിര്‍ഹം (50 കോടിയിലധികം ഇന്ത്യന്‍ രൂപ) നേടാനും അവസരമുണ്ടാകും. ബിഗ് ടിക്കറ്റ് ആരാധകര്‍ക്ക് ഒക്ടോബര്‍ 31 വരെ ഈ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ വാങ്ങാം. ഓണ്‍ലൈനായോ അല്ലെങ്കില്‍ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെയും അല്‍ ഐന്‍ വിമാനത്താവളത്തിലെയും ബിഗ് ടിക്കറ്റ് സ്റ്റോര്‍ കൗണ്ടറുകള്‍ വഴിയോ ടിക്കറ്റുകളെടുക്കാം.

ബിഗ് ടിക്കറ്റിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും ഔദ്യോഗിക വെബ്‍സൈറ്റോ അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളോ സന്ദര്‍ശിക്കാം. വലിയ വിജയം നേടാനുള്ള അവസരമാണ് ഇത്തവണ ഉപഭോക്താക്കളെ കാത്തിരിക്കുന്നതെന്ന് ബിഗ് ടിക്കറ്റ് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.