പൃഥ്വിയും സംഘവും വെള്ളിയാഴ്ച കൊച്ചിയിലെത്തും; വരുന്നത് പ്രത്യേക വിമാനത്തിൽ

0

ആടുജീവിതം’ സിനിമാ പ്രവർത്തകർ മറ്റന്നാൾ കൊച്ചിയിലെത്തും. ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണത്തിനായി ജോർദാനിൽ പോയി ലോക്ഡൗൺ മൂലം അവിടെ കുടുങ്ങിപ്പോയ നടൻ പൃഥ്വിരാജും സംഘവും 22–ന് കൊച്ചിയിൽ മടങ്ങിയെത്തും. സംവിധായകൻ ബ്ലെസ്സി ഉൾപ്പെടുന്ന സംഘം എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് എത്തുക. തുടർന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശപ്രകാരം ക്വാറന്റീനിൽ പോകും.

മൂന്നു മാസത്തിലേറെ നീണ്ടുനിന്ന ചിത്രീകരണം പൂർത്തിയാക്കി ആടുജീവിതം സിനിമ പ്രവർത്തകർ നാട്ടിലേക്ക് തിരിക്കുകയാണ്. മാർച്ച് 15 ഓടെയാണ് സിനിമ പ്രവർത്തകർ ജോർദാനിൽ എത്തിയത്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കവേയാണ് കൊവിഡ് ഭീഷണി ആരംഭിച്ചതും പ്രതിസന്ധി തുടങ്ങിയതും. തുടർന്ന് സംഘം ജോർദാനിൽ കുടുങ്ങുകയായിരുന്നു. വിദേശത്ത് കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്നതിനായുള്ള വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി എയർ ഇന്ത്യ വിമാനം നാളെയാണ് ജോർദാനിലെത്തുക.

ജോർദാനിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും ഉണ്ട്. ജോർദാനിൽ നിന്ന് ഡൽഹി വഴിയാണ് സംഘം കൊച്ചിയിലെത്തുക. ജോർദാനിലെ വാദിറമ്മിലാണ് ആടുജീവിതത്തിന്റെ ടീം. ആദ്യ നാളുകളിൽ തന്നെ ആടുജീവിതത്തിലെ സംഘാംഗങ്ങളെല്ലാം സുരക്ഷിതരാണ് എന്ന് പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.

ആടുജീവിതത്തിന്‍റെ ഷൂട്ടിങ്ങ് പൂർത്തിയാക്കി ജോർദാനിലെ ഹോട്ടലിലാണ് ഇപ്പോൾ പൃഥ്വിയും സംഘവും. സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാ​ഗങ്ങൾ ഷൂട്ട് ചെയ്യാനാണ് 58 അം​ഗ സംഘം ജോർദാൻ മരുഭൂമിയിൽ എത്തിയത്.