ശാന്തിയുടെ പവിഴദ്വീപ് അശാന്തിയുടെ അഗ്നിപർവതമായിത്തീരുമ്പോൾ

    0

    എത് നിമിഷവും സ്ഫോടനം സംഭവിക്കാൻ സാദ്ധ്യതയുള്ള ഒരു അഗ്നിപർവ്വതമായിത്തീർന്നിരിക്കയാണ് ഇന്ന് ലക്ഷദ്വീപ് ‘
    പ്രശാന്ത സുന്ദരമായ ഈ ദ്വീപ് സമൂഹം ഇന്നലെ വരെ സ്വസ്ഥമായ, അല്ലലുകളില്ലാത്ത ഒരു ഭൂപ്രദേശമായിരുന്നു’. ഒരു ഭരണാധികാരിക്ക് എത്ര മാത്രം ഒരു ജനതയുടെ ശാന്തിയും സമാധാനവും തകർക്കാൻ കഴിയും എന്നുള്ളതിൻ്റെ ഉത്തമ ദൃഷ്ടാന്തമാണ് ഇന്നത്തെ ലക്ഷദ്വീപും അവിടുത്തെ അഡ്മിനിസ്ട്രേറ്ററും ‘ എത്തിച്ചേർന്ന സ്ഥലങ്ങളിലെല്ലാം പ്രശ്നങ്ങൾ മാത്രം സൃഷ്ടിച്ച ഈ വ്യക്തി ഇന്ന് തകർക്കാൻ ശ്രമിക്കുന്നത് ഒരു ഗോത്ര ജനതയുടെ ജീവിതവും സംസ്കാരവും തന്നെയാണ്.

    നിഷ്കളങ്കരായ, സത്യസന്ധരായ, സമാധാനകാംക്ഷികളായ ഈ ജനതയെ ഗുണ്ടകളായി മുദ്രകുത്തി തടവറയിലടക്കാനുള്ള ഗൂഢശ്രമമാണ് പ്രഫുൽ ഖോട പട്ടേൽ എന്ന ഈ അഡ്മിനിസ്ട്രേറ്റർ നടത്തിക്കൊണ്ടിരിക്കുന്നത് ‘ ആദ്യ പ്രധാന മന്ത്രിയായ നെഹ്റുവിൻ്റെ കാലത്ത് നിയമിക്കപ്പെട്ട മൂർക്കോത്ത് രാമുണ്ണി മുതൽ ഇന്നലെ വരെയുണ്ടായിരുന്ന എല്ലാ പ്രധാനമന്ത്രിമാരുടെയും കാലത്തും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർമാർ എല്ലാവരും ഉദ്യോഗസ്ഥ മേധാവികളായിരുന്നു – എന്നാൽ ഇപ്പോൾ ചരിത്രത്തിലാദ്യമായി ഒരു രാഷ്ട്രീയക്കാരനെ, അതും ഏത് പദവിയിലിരുന്നാലും പ്രശ്നങ്ങൾ മാത്രം സൃഷ്ടിക്കുന്ന ഒരു സ്ഥിരം തലവേദനയെ തലവനായി നിയമിച്ചതാണ് നിലവിലെ പ്രശ്നങ്ങൾക്കെല്ലാം കാരണമായിത്തീർന്നത്.

    രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പായി ഇദ്ദേഹം കേവലം ഒരു റോഡ്‌ കോൺടാക്റ്റർ ആയിരുന്നു. ഒരു കരാറുകാരൻ്റെ മാനസിക അവസ്ഥയിലാണ് ഈ മനുഷ്യൻ ലക്ഷദ്വീപിലെ കാര്യങ്ങളെയെല്ലാം കാണുന്നത്. അതിൻ്റെ വ്യക്തമായ തെളിവാണ് അദ്ദേഹത്തിൻ്റെ നടപടികൾ ‘ ഇതിൻ്റെ ഭാഗമായി നിരവധി ജോലിക്കാരെ അദ്ദേഹം ജോലിയിൽ നിന്നും പിരിച്ചുവിടുകയും കരാർജോലിക്കാരെ നിയമിക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. നാട്ടുകാരെ പൂർണമായും ഒഴിവാക്കിക്കൊണ്ട് ഗുജറാത്തിൽ നിന്നുമാണ് ഇദ്ദേഹം കരാറുകാരെ ലക്ഷദ്വീപിൽ ഇറക്കുമതി ചെയ്തു കൊണ്ടിരിക്കുന്നത്. ഇതിൻ്റെയെല്ലാം പരിണിത ഫലമാണ് ഇന്ന് ലക്ഷദ്വീപിൽ കാണുന്നത്.

    ഭാരതം ഭരിച്ചു കൊണ്ടിരിക്കുന്ന ഭരണാധികാരിയുടെ കക്ഷിയുടെ ഗൂഢോദ്ദേശ്യങ്ങളാണ് ഇദ്ദേഹത്തിൻ്റെ പിൻബലം ‘ സമാധാനം മാത്രം അറിയാവുന്ന ജനതയുടെ പ്രതിഷേധത്തിൻ്റെ ഉച്ചസ്ഥായിയിലുള്ള ശബ്ദമാണ് ഇന്ന് ഉയർന്നു കേൾക്കുന്നത്. പകയുടെയും പ്രതികാരത്തിൻ്റെയും ഭാഷയിൽ സംസാരിക്കുന്ന കേന്ദ്ര ഭരണാധികാരികളുടെ സമീപനം പ്രശ്നങ്ങൾ വഷളാക്കി കൊണ്ടിരിക്കയാണ്. ക്ഷമയുടെയും സഹനത്തിൻ്റെയും പരിധി കഴിയുമ്പോൾ വരാനിരിക്കുന്നത് ഒരു പൊട്ടിത്തെറി തന്നെയായിരിക്കും. അധികാരത്തിൻ്റെയും ആയുധത്തിൻ്റെയും ബലത്തിൽ അടിച്ചമർത്താൻ കഴിഞ്ഞേക്കാം. എന്നാൽ അതിലൂടെ തകരുന്നത് ഇന്ത്യ എന്ന രാഷ്ട്രം ഇന്നോളം ഉയർത്തിപ്പിടിച്ചു വന്നിരുന്ന മഹത്തായ ജനാധിപത്യ സങ്കൽപ്പം തന്നെയായിരിക്കും. അധികാരികൾ വിവേകത്തിൻ്റെ ഭാഷയിലാണ് സംസാരിക്കേണ്ടത്. തീരുമാനങ്ങളും വിവേകപൂർണമായിരിക്കണം. നാം ഇന്നുവരെയും പിൻതുടർന്നു വന്നതും ഈ സമചിത്തതയുടെ പാത തന്നെയാണ്. ഒരു രാഷ്ടീയ സുനാമിയിൽ നിന്നും ദ്വീപ് ജനതയെ, അത് വഴി നമ്മുടെ നാടിൻ്റെ തകർച്ചയെ തടയാനുള്ള മാർഗ്ഗം അത് മാത്രമാണ്.