നടനും തിരക്കഥാകൃത്തുമായ പി.ബാലചന്ദ്രന്‍ അന്തരിച്ചു

0

വൈക്കം: നടനും എഴുത്തുകാരനുമായ പി.ബാലചന്ദ്രന്‍(70) അന്തരിച്ചു. പുലര്‍ച്ചെ അഞ്ചുമണിയോടെ വൈക്കത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. എട്ടുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു ബാലചന്ദ്രന്‍. സംസ്‌കാരം വൈകീട്ട് മൂന്നുമണിക്ക് സ്വവസതിയില്‍ നടക്കും.

തിരക്കഥാകൃത്ത്, നാടക– സിനിമാ സംവിധായകൻ, നാടക രചയിതാവ്, അധ്യാപകൻ, അഭിനേതാവ്, നിരൂപകൻ തുടങ്ങിയ നിലകളിളെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച അതുല്യ പ്രതിഭയായിരുന്നു അദ്ദേഹം. കേരള സാഹിത്യ അക്കാദമി അവാർഡ്, കേരള ചലച്ചിത്ര അക്കാദമി അവാർ‍ഡ്, കേരള സംഗീതനാടക അക്കാദമി അവാർഡ് തുടങ്ങ ങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിലാണ് ജനനം. അച്‌ഛൻ പരേതനായ പത്മനാഭപിള്ള. അമ്മ സരസ്വതിഭായി. ശാസ്‌താംകോട്ട ദേവസ്വം ബോർഡ് കോളജ്, പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്, കൊല്ലം കർമലറാണി ട്രെയിനിങ് കോളേജ്, തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമ എന്നിവിടങ്ങളിൽ പഠനം. എംജി സർവ്വകലാശാലയിലെ സ്കൂൾ ഓഫ് ലെറ്റേർസിൽ ലക്ചറർ ആയാണ് തുടക്കം. സ്കൂൾ ഓഫ് ഡ്രാമയിൽ കുറച്ചു കാലം അദ്ധ്യാപകൻ ആയിരുന്നു. സ്കൂൾ ഓഫ് ഡ്രാമയുടെ റെപെർടറി തിയേറ്റർ ആയ ‘കൾട്’ൽ പ്രവർത്തിച്ചു. “മകുടി (ഏകാഭിനയ ശേഖരം), പാവം ഉസ്മാൻ, മായാസീതങ്കം, നാടകോത്സവം” എന്ന് തുടങ്ങി നിരവധി നാടകങ്ങൾ രചിച്ചു. ഏകാകി, ലഗോ, തീയറ്റർ തെറാപ്പി, ഒരു മധ്യവേനൽ പ്രണയരാവ്, ഗുഡ് വുമൻ ഓഫ് സെറ്റ്സ്വാൻ തുടങ്ങിയ നാടകങ്ങൾ സംവിധാനം ചെയ്തു.

ഉള്ളടക്കം, അങ്കിൾ ബൺ, പവിത്രം, തച്ചോളി വർഗ്ഗീസ് ചേകവർ, അഗ്നിദേവൻ, മാനസം, പുനരധിവാസം, പോലീസ്, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയും സംഭാഷണവുമെഴുതി. ഇതിൽ അ​ഗ്നിദേവൻ വേണുനാഗവള്ളിയുമൊത്തായിരുന്നു രചിച്ചത്. വക്കാലത്ത് നാരായണൻ കുട്ടി, ശേഷം, പുനരധിവാസം , ശിവം, ജലമർമ്മരം, ട്രിവാൻഡ്രം ലോഡ്ജ്, ഹോട്ടൽ കാലിഫോർണിയ, കടൽ കടന്നൊരു മാത്തുക്കുട്ടി, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2012-ൽ കവി പി. കുഞ്ഞിരാമൻ നായരുടെ ജീവിതത്തെ ആസ്പദമാക്കി ഇവൻ മേഘരൂപൻ എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു.

വിദ്യാർഥികളും സഹപ്രവർത്തകരും സ്നേഹപൂർവം ബാലേട്ടൻ എന്നാണ് വിളിച്ചിരുന്നത്. 1989 ലെ മികച്ച നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് (പാവം ഉസ്മാൻ), 1989ൽ കേരള സംസ്ഥാന പ്രഫഷനൽ നാടക അവാർഡ് (പ്രതിരൂപങ്ങൾ), 1999 ലെ കേരള ചലച്ചിത്ര അക്കാദമി അവാർഡ് (തിരക്കഥ –പുനരധിവാസം), മികച്ച നാടക രചനയ്ക്കുള്ള 2009 ലെ കേരള സംഗീതനാടക അക്കാദമി അവാർഡ് തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചു.ഭാര്യ: വൈക്കം നഗരസഭ മുൻ അധ്യക്ഷ ശ്രീലത ചന്ദ്രൻ. മക്കൾ: ശ്രീകാന്ത്‌
ചന്ദ്രൻ, പാർവതി ചന്ദ്രൻ.