ഹോളിവുഡ് നടന്‍ ആന്റണ്‍ യെല്‍ചിന്‍ കാറപകടത്തില്‍ മരിച്ചു

0

സ്റ്റാര്‍ ട്രെക്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് നടന്‍ ആന്റണ്‍ യെല്‍ചിന്‍(27) വാഹനാപകടത്തില്‍ മരിച്ചു. സ്റ്റാര്‍ ട്രെക്ക് പരമ്പരയിലെ പുതിയ ചിത്രം സ്റ്റാര്‍ ട്രക്ക് ബിയോണ്ട് അടുത്ത മാസം 22-ന് പുറത്തിറങ്ങാനിരിക്കെയാണ് താരത്തിന്റെ അകാലവിയോഗം.ലോസ് ആഞ്ചലസില്‍ വച്ചായിരുന്നു അപകടം.

ഞായറാഴ്ച പുലര്‍ച്ചെ 1.10-ഓടെ ലോസ് ഏഞ്ചല്‍സിലെ സ്റ്റുഡിയോ സിറ്റി ഹോമിലുള്ള കയറ്റത്തില്‍ കാര്‍ പാര്‍ക്ക് ചെയ്ത ശേഷം തിരികെ വരുന്നതിനിടെ സ്വന്തം കാര്‍ തന്നെ കയറ്റത്തില്‍ നിന്നും പിന്നോട്ട് വന്ന് ആന്റണെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിനൊപ്പം പിന്നോട്ട് പോയ ആന്റണ്‍ കാറിനും മതിലിനും ഇടയില്‍പ്പെട്ടാണ് മരിച്ചത്. സയന്‍സ് ഫിക്ഷന്‍ ആക്ഷനായ പുതിയ സ്റ്റാര്‍ ട്രെക്ക് പരമ്പരയിലെ സ്റ്റാര്‍ ട്രെക്ക്(2009), സ്റ്റാര്‍ ട്രെക്ക് ഇന്‍ടു ഡാര്‍ക്‌നെസ്(2013) എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനാകുന്നത്. പഴയ സിനിമകളില്‍ വാള്‍ട്ടര്‍ കോയിംഗ് അഭിനയിച്ച് അനശ്വരമാക്കിയ ‘പാവെല്‍ ചെകോവ്’ എന്ന വേഷമാണ് യെല്‍ചിനു പ്രേക്ഷകശ്രദ്ധ നേടി കൊടുത്തത്. ഇതിനു പുറമെ ലൈക്ക് ക്രേസി(2011), ഗ്രീന്‍ റൂം(2015) തുടങ്ങിയ ചലച്ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.ബാലതാരമായി സിനിമയില്‍ എത്തിയ ആന്റണ്‍ നിരവധി ടെലിവിഷന്‍ ഷോകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. റഷ്യയില്‍ ജനിച്ച ആന്റണ്‍ 1990-കളിലാണ് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് കുടിയേറുന്നത്.