ഗൂഢാലോചനക്കേസ്: ദിലീപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷൻ; വാദം ഇന്ന്

0

കൊച്ചി: ന‌ടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോ​ഗസ്ഥരെ വധിക്കാൻ ​ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ ഇന്ന് പ്രോസിക്യൂഷൻ വാദം നടക്കും. പ്രതിഭാഗത്തിന്റെ വാദം ഏറെക്കുറെ പൂർത്തിയായ ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷന്റെ വാദമാണ് ഇന്ന് നടക്കുക. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളണമെന്നും കസ്റ്റഡി അനിവാര്യമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടും.

ഉച്ചയ്ക്ക് 1.45നാണ് ജസ്റ്റീസ് പി ഗോപിനാഥിന്‍റെ ബെഞ്ച് ഹർജികൾ പരിഗണിക്കുന്നത്. നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയ കേസ് നിലനിൽക്കില്ലെന്നും കെട്ടിച്ചമച്ച തെളിവുകളാണ് പ്രോസിക്യൂഷന്‍റെ കൈവശമുളളതെന്നും പ്രതിഭാഗം ഇന്നലെ നിലപാടെടുത്തിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥർ തനിക്കെതിരെ കെട്ടിച്ചമച്ച കേസാണിതെന്ന് ദിലീപ് ഇന്നലെ ഹൈക്കോടതിയിൽ വാദിച്ചു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്റെ കത്ത് പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. 2017 ലെ നടിയെ ആക്രമിച്ച കേസിൽ തന്നെ കുടുക്കാൻ സാധിക്കില്ലെന്ന് മനസിലായതോടെ അന്വേഷണം സംഘം കെട്ടിച്ചമച്ചതാണ് ഈ ഗൂഢാലോചന കേസ്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയിലില്ലാത്ത പല കാര്യങ്ങളും എഫ്ഐആറിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. പോലീസുകാരുടെ പേരും എഫ്ഐആറിൽ കൂട്ടിച്ചേർത്തു. ബാലചന്ദ്രകുമാറിന്റെ മൊഴി കെട്ടിച്ചമച്ചതാണെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു.

നടിയെ ആക്രമിച്ച കേസിലെ വീഴ്ച്ചകൾ മനസ്സിലാക്കി തനിക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്ത് കൃത്രിമ തെളിവുണ്ടാക്കുകയായിരുന്നു അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. ബൈജു പൗലോസിനെതിരെ ഡിജിപിക്ക് പരാതി നൽകിയതിലുള്ള വൈരാഗ്യവും കേസിനു കാരണമായെന്നും ദിലീപ് കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കേസിൽ പ്രോസിക്യൂഷൻ കൂടുതൽ തെളിവുകളും ഹാജരാക്കാൻ സാധ്യതയുണ്ട്.