നടന്‍ പി.സി ജോര്‍ജ്ജ് അന്തരിച്ചു

0

കൊച്ചി ∙ വില്ലന്‍വേഷങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയനായ നടന്‍ പി.സി.ജോര്‍ജ്(74) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. തൃശൂര്‍ കൊരട്ടി സ്വദേശിയാണ്. സംസ്കാരം ‌ശനിയാഴ്ച കറുകുറ്റി സെന്റ് ജോസഫ് ബത്‌ലഹേം പള്ളിയില്‍.

ഔദ്യോഗിക ജീവിതത്തില്‍ പൊലീസിലായിരുന്ന ഇദ്ദേഹം സ്പെഷ്യൽ ബ്രാഞ്ച് എസ്.പിയായിട്ടാണ് വിരമിച്ചത്. പൊലീസിലിരിക്കെ ‘അംബ, അംബിക, അംബാലിക’ എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഭാര്യ: കൊച്ചു മേരി. മക്കൾ: കനകാംബലി, കാഞ്ചന, സാബൻ റിജോ.

കെ.ജി.ജോര്‍ജ്, ജോഷി തുടങ്ങി മലയാളത്തിലെ പ്രമുഖരായ നിരവധി സംവിധായകരുടെ ചിത്രങ്ങളിൽ പ്രവര്‍ത്തിച്ചു. നിരവധി പ്രഫഷനല്‍ നാടകങ്ങളിലും വേഷമിട്ടു. ‘ഇന്നലെ’, ‘ചാണക്യന്‍’, ‘ആയിരപ്പറ’, ‘സംഘം’, ‘ഇഞ്ചക്കാടന്‍ മത്തായി ആന്‍‍ഡ് സണ്‍സ്’, ‘പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍’ തുടങ്ങി 68 സിനിമകളിൽ അഭിനയിച്ചു. ‘സംഘം’ സിനിമയിലെ പ്രായിക്കര അപ്പ എന്ന കഥാപാത്രത്തിലൂടെ ഏറെ ശ്രദ്ധേയനായി.