നടൻ രാജീവ് കപൂർ അന്തരിച്ചു

0

മുംബൈ ∙ വിഖ്യാത നടൻ രാജ് കപൂറിന്റെ ഇളയ മകനും നടനും സംവിധായകനുമായ രാജീവ് കപൂർ (58) അന്തരിച്ചു. ചെമ്പൂരിലെ വസതിയിൽ ഹൃദയാഘാതത്തെത്തുടർന്നാണു മരണം. പ്രശസ്ത നടൻ ഋഷി കപൂർ രൺധീർ കപൂർ സഹോദരനാണ് അന്തരിച്ച വ്യവസായി റിതു നന്ദ, റീമ ജെയിൻ എന്നിവർ സഹോദരങ്ങളാണ്. ബോളിവുഡ് നടിമാരായ കരിഷ്മ കപൂർ, കരീന കപൂർ എന്നിവരുടെ പിതൃസഹോദരനാണ്. സംസ്കാരം നടത്തി. . സഹോദരഭാര്യ നീതു കപൂറാണ് ഇദ്ദേഹത്തിന്റെ മരണ വിവരം അറിയിച്ചത്.

നടൻ എന്നതിനൊപ്പം സംവിധായകൻ, നിർമ്മാതാവ്, എഡിറ്റർ എന്ന നിലയിലും രാജീവ് കപൂർ തൻ്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 1983 ൽ ‘ഏക് ജാൻ ഹേ ഹം’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ രാജീവ് കപൂർ, പിതാവ് രാജ് കപൂർ അവസാനമായി സംവിധാനം ചെയ്ത ‘രാം തേരി ഗംഗാ മൈലി’ എന്ന ചിത്രത്തിലാണ് ആദ്യമായി നായകനായത്. ആസ്മാൻ, ലവർ ബോയ്, സബർദസ്ത്, മേരാ സാത്തി, ഹം തോ ചലേ പർദേശ് തുടങ്ങിയവയാണു മറ്റു ശ്രദ്ധേയ ചിത്രങ്ങൾ. 1990 ൽ പുറത്തിറങ്ങിയ ‘സിമ്മേദാർ’ ആണ് നായകനായ അവസാനചിത്രം. സഞ്ജയ് ദത്തിനൊപ്പം പുതിയ സിനിമയിൽ അഭിനയിക്കുന്നതിനുള്ള ഒരുക്കത്തിലായിരുന്നു.

രൺധീർ കപൂർ സംവിധാനം ചെയ്ത ‘ഹെന്ന’യാണ് രാജീവ് കപൂർ നിർമിച്ച ആദ്യ ചിത്രം. 1996 ൽ‍ മാധുരി ദീക്ഷിത്–ഋഷി കപൂർ ജോടികളെ മുഖ്യകഥാപാത്രങ്ങളാക്കി ‘പ്രേംഗ്രന്ഥ്’ എന്ന ചിത്രത്തിലൂടെ സംവിധാനത്തിലേക്കു കടന്നു. ആർക്കിടെക്ട് ആരതി സബർവാളിനെ 2001 ൽ വിവാഹം കഴിച്ചെങ്കിലും 2003 ൽ പിരിഞ്ഞു.