നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരെ കെട്ടിച്ചമച്ച കേസ് ആണെന്ന് ശ്രീനിവാസൻ

0

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടൻ ദിലീപിനെതിരെ കെട്ടിച്ചമച്ച കേസാണെന്ന് നടന്‍ ശ്രീനിവാസന്‍. പൾസർ സുനിക്ക് ഒന്നരക്കോടി രൂപയുടെ ക്വട്ടേഷൻ നൽകിയെന്നത് വിശ്വസിക്കാന്‍ കഴിയില്ല. താൻ അറിയുന്ന ദിലീപ് ഒന്നര പൈസ പോലും ഇത്തരം കാര്യത്തിനായി ചെലവാക്കില്ലെന്നും ശ്രീനിവാസൻ പറഞ്ഞു. പുതിയ ചിത്രമായ ‘കുട്ടിമാമ’യുടെ പ്രചാരണാര്‍ഥം ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് ശ്രീനിവാസന്‍റെ വെളിപ്പെടുത്തല്‍.

അസുഖബാധിതനായി ചികില്‍സകഴി‍‍ഞ്ഞ് ഇതാദ്യമായി ക്യാമറയ്ക്ക് മുന്നിലേക്കെത്തിയ ശ്രീനിവാസന്‍ ഡബ്ല്യുസിസി ക്ക് (വിമൻ ഇൻ സിനിമാ കലക്ടീവ്) എതിരെയും തുറന്നവിമര്‍ശനം ഉന്നയിച്ചു. തുല്യവേതനമെന്ന ആവശ്യവും സിനിമാംഗത്ത് സ്ത്രീകള്‍ക്കുനേരെയുള്ള ചൂഷണവും സംബന്ധിച്ച് വിമന്‍ ഇന്‍ സിനിമ കലക്ടീവ് ഉന്നയിച്ച വിമര്‍ശനങ്ങളെ ശ്രീനിവാസന്‍ തള്ളി.

“ആണും പെണ്ണും തുല്യരാണ്. പ്രതിഫലം നിർണയിക്കുന്നത് താര–വിപണിമൂല്യമാണെന്നും ശ്രീനിവാസൻ പറഞ്ഞു.” നയൻതാരയ്ക്കു ലഭിക്കുന്ന വേതനം എത്ര നടന്മാർക്ക് ലഭിക്കുന്നുണ്ടെന്ന് ശ്രീനിവാസന്‍ ആരാഞ്ഞു. ഒരു സംഘടനയേയും നശിപ്പിക്കാനല്ല സംസാരിക്കുന്നതെന്നും ചില കാര്യങ്ങള്‍ക്ക് അതിര്‍വരമ്പുകളുള്ളതുകൊണ്ട് കൂടുതല്‍ പറയുന്നില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.