പള്‍സര്‍ സുനിക്ക് ദിലീപ് ഒരുലക്ഷംരൂപ നല്‍കിയതിന് തെളിവുണ്ട് – പ്രോസിക്യൂഷന്‍

0

കൊച്ചി: 2015-ല്‍ പള്‍സര്‍ സുനിക്ക് ദിലീപ് ഒരുലക്ഷംരൂപ കൈമാറിയതിന്റെ തെളിവുകള്‍ കിട്ടിയതായി പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍. 2018 മേയ് ഏഴിന് പള്‍സര്‍ സുനി ദിലീപിനെഴുതിയ കത്ത് കണ്ടെടുത്തിട്ടുണ്ട്. ദിലീപിന്റെ സഹോദരീഭര്‍ത്താവ് സുരാജും സുഹൃത്ത് ശരത്തും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദസാംപിളും പരിശോധിക്കേണ്ടതുണ്ട്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പലതവണ കണ്ടുവെന്ന് ദിലീപ് പറയുന്നതിന്റെ ശബ്ദസാംപിളും പരിശോധിക്കേണ്ടതുണ്ട്. പള്‍സര്‍ സുനി കാവ്യാമാധവന്റെ ഡ്രൈവറായിരുന്നതിനും തെളിവുണ്ട്. ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ മൊബൈല്‍ഫോണില്‍നിന്ന് നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളുടെ ഫോട്ടോ കിട്ടിയിട്ടുണ്ടെന്നും പ്രോസിസിക്യൂഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

96 നമ്പര്‍ മൊബൈല്‍ഫോണ്‍ താന്‍ ഉപയോഗിച്ചതല്ലെന്നാണ് കാവ്യാമാധവന്‍ ചോദ്യംചെയ്തപ്പോള്‍ പറഞ്ഞത്. എന്നാല്‍, ഇത് കാവ്യാമാധവന്‍ ഉപയോഗിച്ചതാണെന്നതിനു തെളിവ് കിട്ടിയിട്ടുണ്ട്. വിവാഹത്തിനുമുമ്പ് കാവ്യാമാധവന്‍ ദിലീപിനെ ബന്ധപ്പെടാന്‍ ഉപയോഗിച്ചിരുന്നത് ഈ ഫോണാണ്. കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതുമായി ഇതിന് ബന്ധമുണ്ട്. കാവ്യാമാധവന്റെ അമ്മയുടെ പേരിലുള്ള ഫോണാണ് ഇതെന്നാണ് സേവനദാതാക്കള്‍ അറിയിച്ചിരിക്കുന്നത്.