നടിയെ ആക്രമിച്ച കേസ്: ദിലീപും അഭിഭാഷകനും ദൃശ്യങ്ങൾ നേരത്തെ കണ്ടെന്ന് ശബ്ദരേഖ; നിർണായക തെളിവുകൾ

0

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് രണ്ട് നിർണായക സംഭാഷണങ്ങൾ പുറത്ത്. ഡോകട്ർ ഹൈദരലിയെ ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജ് സ്വാധീനിക്കാൻ ശ്രമിക്കുന്നതിന്റെ ശബ്‌ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. പ്രോസിക്യൂഷൻ സാക്ഷിയായ ഡോക്ടർ ഹൈദരലി നേരത്തെ മൊഴി മാറ്റിപറഞ്ഞിരുന്നു. പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം ഈ ശബ്‌ദ സന്ദേശം കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതുവരെ നടന്ന തുടരന്വേഷണത്തില്‍ ലഭിച്ച നിര്‍ണായക തെളിവുകളെന്ന് വ്യക്തമാക്കിയാണ് പെന്‍ഡ്രൈവ് കോടതിക്ക് സമര്‍പ്പിച്ചത്.

ഇതിൽ ആദ്യത്തെ സംഭാഷണം ദിലീപും ദിലീപിന്റെ അഭിഭാഷകൻ സുജേഷ് മേനോനും തമ്മിലുള്ളതാണ്. നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങൾ ദിലീപും അഭിഭാഷകരും നേരത്തെ കണ്ടു എന്നത് സാധൂകരിക്കുന്നതാണ് ആദ്യത്തെ ശബ്ദ സംഭാഷണത്തിലുള്ളത്. ‘നമ്മൾ ഇത് നേരത്തെ കണ്ടതാണല്ലോ’ എന്ന് ശബ്ദ സന്ദേശത്തിൽ അഭിഭാഷകൻ പറയുന്നുണ്ട്. ഇതായിരിക്കും അന്വേഷണസംഘം പ്രധാനമായും കോടതിയിൽ സൂചിപ്പിക്കുക. ‘

നമുക്ക് ചില കാര്യങ്ങൾ കോടതിയെ ബോധിപ്പിക്കേണ്ടതുണ്ട്. അതിനാണ് തന്ത്രപരമായ നീക്കങ്ങൾ നടത്തിയത്. അത്തരത്തിൽ ചില തന്ത്രങ്ങൾ പ്രയോഗിച്ചത് കൊണ്ട് പതിയെ പതിയെ കാര്യങ്ങൾ വിശ്വസിപ്പിക്കാൻ സാധിക്കും’ എന്നാണ് ശബ്ദ സന്ദേശത്തിൽ വ്യക്തമാക്കുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലാണ് ഈ ദൃശ്യങ്ങൾ നമ്മൾ നേരത്തെ കണ്ടിട്ടുണ്ടല്ലോ എന്ന സംഭാഷണം കൂടി വരുന്നത്. നേരത്തെ തന്നെ ഇവർ ദൃശ്യങ്ങൾ കണ്ടിട്ടുണ്ട് എന്നതിന് തെളിവാണ് ഇതെന്ന് അന്വേഷണ സംഘം കോടതിയെ ബോധിപ്പിക്കും.

ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജും സുഹ്യത്ത് ശരത്തുമായുള്ള 22 മിനിറ്റ് സംഭാഷണം, ആലുവയിലെ ഡോക്ടറും സൂരജും തമ്മിലുള്ള 5.44 മിനിറ്റ് സംഭാഷണം, അഡ്വ. സുജേഷ് മേനോനും ദിലീപും നടത്തിയ 4.33 മിനിറ്റ് സംഭാഷണം എന്നിവയാണ് പെന്‍ ഡ്രൈവിലുള്ളത്. ഇതിന് പുറമെ മൂന്ന് ശബ്ദ ക്ലിപ്പുകളും കൈമാറിയിട്ടുണ്ട്.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവന്‍ ചോദ്യം ചെയ്യലിന് ഹാജരായേക്കും. തിങ്കളാഴ്ച ആലുവ പൊലീസ് ക്ലബിലെത്തണമെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രൈം ബ്രാഞ്ച് നടിയ്ക്ക് നോട്ടിസ് നല്‍കിയിരിക്കുന്നത്. നോട്ടിസ് ലഭിച്ച സാഹചര്യത്തില്‍ കാവ്യ അഭിഭാഷകരുടെ സഹായം തേടിയതായാണ് വിവരം. കാവ്യക്കെതിരായ ഓഡിയോ ക്ലിപ്പുകള്‍ ക്രൈബ്രാഞ്ച് കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ ഡിജിറ്റല്‍ തെളിവുകള്‍ അടിസ്ഥാനപ്പെടുത്തിയായിരിക്കും കാവ്യയെ ചോദ്യം ചെയ്യുക.

കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നതോടെ നിര്‍ണായക തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. സുരാജിന്റെ ഫോണില്‍ നിന്നും ലഭിച്ച ഓഡിയോ ക്ലിപ്പിന്റെ അടിസ്ഥാനത്തിലാണ് കാവ്യയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.