നടിയെ ആക്രമിച്ച കേസ്: ദിലീപിനെ ഒഴിവാക്കില്ല; വിടുതല്‍ ഹര്‍ജി കോടതി തള്ളി

0

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ വിടുതല്‍ ഹര്‍ജി തള്ളി. പ്രഥമദൃഷ്ട്യാ വിടുതല്‍ ഹര്‍ജി അനുവദിക്കാനുള്ള സാഹചര്യമില്ലെന്ന് വ്യക്തമാക്കിയായാണ് വിചാരണ കോടതി ഹര്‍ജി തള്ളിയത്. കേസിന്റെ പ്രാഥമിക ഘട്ടത്തിൽ പ്രതിയുടെ ഭാഗത്തു നിന്നുള്ള ഒരാവശ്യവും പരിഗണിക്കാനാവില്ലെന്നും പ്രതിക്ക് ആവശ്യമുണ്ടെങ്കിൽ മേൽകോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

കുറ്റപത്രത്തില്‍ തനിക്കെതിരായ വ്യക്തമായ തെളിവുകളില്ലെന്നായിരുന്നു ദിലീപിന്റെ വാദം. പ്രതിസ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ വാദങ്ങളെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. ഇരയുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിലുള്ള കാര്യങ്ങളും ആരോപണങ്ങളും ഹര്‍ജിയിലുണ്ടായിരുന്നു. അതിനാല്‍ അടച്ചിട്ട കോടതിയിലാണ് ഹര്‍ജിയില്‍ വാദം നടന്നത്.