കുഞ്ഞനുജത്തിയുടെ പിറന്നാൾ ആഘോഷിക്കാൻ മീനാക്ഷിക്കൊപ്പം നമിത പ്രമോദും സംഘവും; വൈറലായി ചിത്രം

0

ദിലീപ്-കാവ്യ മാധവന്‍ താരദമ്പതിമാരുടെ മകള്‍ മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. പിറന്നാളാഘോഷത്തിന് ശേഷമായാണ് ദിലീപ് ഇളയമകളുടെ ആദ്യചിത്രം പങ്കുവെച്ചത്. ഫേസ്ബുക്കിലൂടെ നിമിഷനേരം കൊണ്ടായിരുന്നു ചിത്രം തരംഗമായി മാറിയത്.

ഇപ്പോള്‍ പിറന്നാളാഘോഷങ്ങളില്‍ പങ്കെടുത്ത നടി നമിത പ്രമോദ് പങ്കുവച്ച ചിത്രങ്ങൾ ശ്രദ്ധേയമാവുകയാണ്. അച്ഛന്‍ പ്രമോദിനും സഹോദരിക്കുമൊപ്പമാണ് നമിത എത്തിയത്. താരപുത്രിയായ മീനാക്ഷിയുടെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് നമിത പ്രമോദ്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരം ചിത്രം പങ്കുവെച്ചത്. ആയിഷ നാദിര്‍ഷ ചടങ്ങ് മിസ്സ് ചെയ്‌തെന്നും താരം കുറിച്ചിരുന്നു. ദിലീപിനും കാവ്യയ്ക്കും മഹാലക്ഷ്മിക്കും മീനാക്ഷിക്കുമൊപ്പമുള്ള ചിത്രമാണ് നമിത പോസ്റ്റ് ചെയ്തത്. നമിത പങ്കുവെച്ച ചിത്രങ്ങളും ഇതിനകം വൈറലായി മാറിയിട്ടുണ്ട്.

ദിലീപും കാവ്യയും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് മകളുടെ ചിത്രം ആദ്യമായി പുറത്തു വിട്ടത്. ദിലീപ്, കാവ്യ, മൂത്ത മകള്‍ മീനാക്ഷി, ദിലീപിന്റെ അമ്മ എന്നിവര്‍ക്കൊപ്പമുള്ള മഹാലക്ഷ്മിയുടെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ‘ഒന്നാം പിറന്നാള്‍ ദിനത്തില്‍ മഹാലക്ഷ്മി അച്ഛനും അമ്മയ്ക്കും,ചേച്ചിക്കും മുത്തശ്ശിക്കും ഒപ്പം.’ദിലീപ് ചിത്രത്തിനൊപ്പം കുറിച്ചു.

2018 ഒക്ടോബര്‍ 19-നാണ് ദിലീപിനും കാവ്യയ്ക്കും പെണ്‍കുഞ്ഞ് ജനിക്കുന്നത്. ”പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തില്‍ എന്റെ കുടുംബത്തില്‍ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ സ്‌നേഹവും പ്രാര്‍ഥനയും എന്നും ഞങ്ങള്‍ക്കൊപ്പമുണ്ടാവണം”, കുഞ്ഞു മകളുടെ ജനനം അറിയിച്ചു കൊണ്ട് ദിലീപ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് മഹാലക്ഷ്മി എന്നാണ് പേര് നല്‍കിയത്.