വിവാഹമോചന ഫോട്ടോഷൂട്ട് നടത്തി നടി

0

സേവ് ദി ഡേറ്റ്, പ്രി, പോസ്റ്റ് വെഡിംഗ് ഫോട്ടോഷൂട്ടുകൾ ഇന്ന് സർവസാധാരണമായി മാറിയിരിക്കുകയാണ്. എന്നാൽ വിവാഹമോചന ഫോട്ടോഷൂട്ട് നടത്തി പുതിയ ട്രെൻഡിന് തുടക്കം കുറിച്ചിരിക്കുകയാണ് തമിഴ് സീരിയൽ നടി ശാലിനി. ശബ്ദമില്ലാത്തവരായി തോന്നുന്നവർക്കായി വിവാഹമോചനം നേടിയ ഒരു സ്ത്രീയുടെ സന്ദേശം എന്ന കുറിപ്പോടെയാണ് ശാലിനി ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ പങ്കുവച്ചത്. ഇന്ത്യയിലെ ആദ്യ ഡിവോഴ്‌സ് ഫോട്ടോഷൂട്ടെന്നും നടി അവകാശപ്പെടുന്നു. ഭർത്താവുമൊത്തുള്ള ചിത്രം വലിച്ചുകീറുകയും, ചില്ലിട്ട മറ്റൊരു ചിത്രം കാലുകൊണ്ട് ചവിട്ടി മെതിക്കുകയുമാണിവർ.

‘മുള്ളും മലരും’ എന്ന തമിഴ് സീരിയലിലൂടെ ശ്രദ്ധ നേടിയ താരമാണ് ശാലിനി. താൻ കരുത്തയായ ഒരു സിംഗിൾ മദർ കൂടിയാണ് എന്ന് ശാലിനി തെളിയിക്കാൻ ശ്രമിക്കുന്നു. ഇവർക്ക് ഒരു മകളുണ്ട്. സ്റ്റൈലിഷ് ചിത്രങ്ങളുമായാണ് ശാലിനിയുടെ ഫോട്ടോഷൂട്ട് .

ചുവപ്പു നിറമുള്ള റെഡ് സ്ലിറ്റ് ഡ്രസ്സ് ആണ് ശാലിനി ധരിച്ചത്. ഡിവോഴ്സ് എന്ന ഇംഗ്ലീഷ് വാക്കിലെ ഓരോ അക്ഷരങ്ങൾ മാല പോലെ കോർത്തു കയ്യിൽ പിടിച്ചിരിക്കുന്നതും കാണാം. പ്രയാസകരമായ വിവാഹ ജീവിതം അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് ശാലിനിയുടെ വാക്കുകൾ.

ഒരു മോശം ദാമ്പത്യം ഉപേക്ഷിക്കുന്നത് ശരിയായ കാര്യമാണ്. നിങ്ങൾക്ക് സന്തോഷമായിരിക്കാൻ അർഹതയുണ്ട്. നിങ്ങളുടെ ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് നിങ്ങൾക്കും നിങ്ങളുടെ കുട്ടികൾക്കും നല്ലൊരു ഭാവിയുണ്ടാകുന്നതിന് ആവശ്യമായ മാറ്റങ്ങൾ വരുത്തുക. വിവാഹമോചനം പരാജയമല്ല. നല്ല മാറ്റങ്ങളിലേയ്ക്ക് നയിക്കാൻ സഹായിക്കുന്ന ജീവിതത്തിലെ പുതിയൊരു വഴിത്തിരിവാണത്. ഒരു ദാമ്പത്യം ഉപേക്ഷിക്കാനും ഒറ്റയ്ക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോകാനും വളരെ ധൈര്യം ആവശ്യമാണ്. ഇത്തരത്തിൽ എല്ലാ ധൈര്യവതികളായ സ്ത്രീകൾക്കും ഈ ചിത്രങ്ങൾ സമർപ്പിക്കുന്നു’- ശാലിനി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

‘ഒരിക്കലും പിന്തിരിയരുത്. കാരണം മഹത്തായ കാര്യങ്ങൾക്ക് സമയം വേണ്ടിവരും. ഇന്ത്യയിലാദ്യമായി വിവാഹമോചന ആഘോഷ ഫോട്ടോഷൂട്ട്. എല്ലാ അവസാനവും പുതിയൊരു തുടക്കത്തിലേയ്ക്ക് നയിക്കും. നിങ്ങൾക്ക് പറന്നുയരണമെങ്കിൽ പിന്നോട്ട് വലിക്കുന്ന ഭാരം ഉപേക്ഷിക്കൂ’- ചില ചിത്രങ്ങൾക്ക് ശാലിനി നൽകിയ കുറിപ്പ് ഇങ്ങനെയാണ്.