പാക് ബോട്ടിൽ ലഹരി പിടികൂടിയ സംഭവം: അഫ്ഗാൻ പൗരനുൾപ്പെടെ നാല് പേർ കൂടി അറസ്റ്റിൽ

0

ഗുജറാത്ത് തീരത്ത് പാക് ബോട്ട് പിടികൂടിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നാല് പേർ കൂടി അറസ്റ്റിൽ. അഫ്ഗാൻ പൗരനുൾപ്പെടെയാണ് അറസ്റ്റിലായത്. ഗുജറാത്തിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡും നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയും സംയുക്തമായി നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് നാല് പേരും അറസ്റ്റിലായിരിക്കുന്നത്.

ഡൽഹിയിലെ ഒഖ്‌ല ഏരിയയിൽ നിന്നാണ് പ്രതികളെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. ഇവരുടെ പക്കൽ നിന്നും 36 കിലോ ഗ്രാം ഹെറോയിനും പിടികൂടി. ഇതിന് വിപണിയിൽ 175 കോടി രൂപ വിലമതിക്കും.
കേസുമായി ബന്ധപ്പെട്ട് നേരത്തെ ഒമ്പത് പാക് സ്വദേശികളെ പിടികൂടിയിരുന്നു.

പ്രതികൾക്ക് തീവ്രവാദ ഫണ്ടിംഗ് ഉണ്ടായിരുന്നോയെന്ന കാര്യവും ഏതെങ്കിലും ഭീകരസംഘടനകളുമായി ബന്ധമുണ്ടോയെന്നും പരിശോധിച്ച് വരികയാണ്. നിലവിൽ പ്രതികൾ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ കസ്റ്റഡിയിലാണ്.കഴിഞ്ഞ ഞായറാഴ്ചയായിരുന്നു പാക് ബോട്ട് പിടികൂടിയത്. ബോട്ടിനോടൊപ്പം ഒൻപത് പാക് പൗരന്മാരെയും ഗുജറാത്ത് തീരത്ത് നിന്ന് പിടികൂടിയിരുന്നു.