പോകാം അഗുംബയിലെക്കൊരു മഴയാത്ര

1

മഴയും മഞ്ഞും മലകളും കാടും നിറഞ്ഞ അഗുംബയെ കുറിച്ചു കേട്ടിട്ടുണ്ടോ ? ആധുനികതയുടെ ഒരടയാളങ്ങളും ഇനിയുമെത്താത്ത ആറ് മാസം തുടര്‍ച്ചയായി മഴ പെയ്യുന്ന നാട്.  അഗുംബയ്ക്ക് ഇനി മറ്റൊരു വിശേഷണം കൂടിയുണ്ട്, ദക്ഷിണേന്ത്യയുടെ സ്വന്തം ചിറാപുഞ്ചി.

കര്‍ണാടകയിലെ ഷിമോഗയിലാണ് തെക്കേ ഇന്ത്യയിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന അഗുംബെ. എപ്പോഴും പെയ്തിറങ്ങുന്ന നനുത്ത മഴയാണ് ഇവിടുത്തെ പ്രത്യേകത. മടിക്കേരിയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയാണ് അഗുംബെ. ഇരുട്ട് പറന്നാല്‍ അഗുംബയിലെക്കുള്ള വഴികള്‍ മഞ്ഞു മൂടും. കര്‍ണ്ണാടകത്തിലെ ഷിമോഗ ജില്ലയിലെ തീര്‍ത്ഥഹളളി താലൂക്കിലാണ് പ്രകൃതി കനിഞ്ഞനുഗ്രഹിച്ച അഗുംബ.

മഴക്കാര്‍ എപ്പോഴും അവിടെ ചുറ്റിപറ്റി നില്‍ക്കുന്ന നാടാണ് അഗുംബ. അഗുംബെ സമുദ്ര നിരപ്പില്‍ നിന്ന് 826 മീറ്റര്‍ ഉയരത്തിലാണ്. രാജവെമ്പാലകളുടെ സാന്നിധ്യം കൊണ്ട് ഏറെ പ്രസിദ്ധമാണ് അഗുംബയിലെ കാടുകള്‍. രാജവെമ്പാല പാമ്പുകളുടെ തലസ്ഥാനമെന്നു വേണമെങ്കില്‍ അഗുംബയെ കുറിച്ചു പറയാം. ആര്‍ കെ നാരായണന്റെ ‘മാല്‍ഗുഡി ഡേയ്സി’ലെ മാല്‍ഗുഡിക്ക് ദൃശ്യഭംഗി പകര്‍ന്നതും ഈ അഗുംബെ തന്നെയാണ്.  7640 മില്ലിമീറ്റര്‍ മഴയാണ് ഒരു വര്‍ഷം ശരാശരി അഗുംബെയില്‍ പെയ്തിറങ്ങുന്നത്. 

അഗുംബയില്‍ നിന്ന് പത്തു മിനിറ്റ് നടന്നാല്‍ സൂര്യാസ്തമയം കാണാവുന്ന മലഞ്ചെരുവിലെത്താം. മഞ്ഞില്ലാത്ത ദിവസങ്ങളിലേ ഉദയവും അസ്തമയവും കാണാന്‍ പറ്റു. ഇവിടെനിന്നു നോക്കിയാല്‍ അറബിക്കടല്‍ കാണാം.  മഴയും മഞ്ഞും മലകളും കാടും നിറഞ്ഞ പ്രദേശത്തിന് സഞ്ചാരിയെ കാണിക്കാന്‍ നിരവധി അത്ഭുതങ്ങള്‍ ഉണ്ടാവും. വെള്ളച്ചാട്ടങ്ങളാണ് അവയിലൊന്ന്. നാലു കിലോമീറ്റര്‍ കാട്ടിലൂടെ സഞ്ചരിച്ചാല്‍ 400 അടി ഉയരത്തില്‍ നിന്നും വീഴുന്ന ഒനാകെ അബ്ബി വെള്ളച്ചാട്ടത്തിലെത്തും. രാജവെമ്പാലകളും വേഴാമ്പലുകളും സിംഹവാലന്‍ കുരങ്ങുകളും നിറഞ്ഞ കാട്. വനപാലകരില്‍ നിന്നും അനുമദി വാങ്ങിയാലെ കാടിനകത്ത് പ്രവേശിക്കാന്‍ പറ്റു.
 
അബ്ബിയെ കൂടാതെ ജോഗിഗുണ്ടി വെള്ളച്ചാട്ടം, കൂടലു തീര്‍ത്ഥ വെള്ളച്ചാട്ടം, ബര്‍ക്കാന വെള്ളച്ചാട്ടം എന്നിവയും അഗുംബയിലുണ്ട്. അഗുംബയില്‍ നിന്ന് പതിനേഴു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കുടജാത്രി മലയിലെത്താം. മഴവീണ് തഴമ്പിച്ച നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജൈന ക്ഷേത്രമുണ്ടിവിടെ.