അബുദാബി – തിരുവനന്തപുരം വിമാനത്തിൽ പോകാനായി നിന്നവർക്ക് അനുഭവിക്കേണ്ടി വന്നത് ദുരിത പർവ്വം; എയര്‍ ഇന്ത്യ എക്സ്പ്രസ്സ്‌ വൈകിയത് 27 മണിക്കൂര്‍

1

അബുദാബിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ട എയര്‍ ഇന്ത്യ എക്‌സ്​പ്രസ് വിമാനത്തിനായി യാത്രക്കാര്‍ വിമാനത്താവളത്തില്‍ കാത്തിരുന്നത് ഒരുദിവസം മുഴുവന്‍. ഐ.എക്‌സ്.538 നമ്പര്‍ വിമാനം വൈകിയത് 27 മണിക്കൂര്‍.30-ന് രാത്രി 9.10-ന് 156 ആളുകളുമായി യാത്രതിരിക്കേണ്ട വിമാനമാണ് 27 മണിക്കൂർ താമസിച്ച് യാത്ര തുടങ്ങിയത്. ഒരു ദിവസം മുഴുവനായി കുട്ടികൾ അടക്കമുള്ളവരെയാണ് എയർ ഇന്ത്യ ഇത്തരം അവസ്ഥയിലേക്ക് തള്ളി വിട്ടത്.

9.10-ന് പോകേണ്ട വിമാനം രാത്രി 11.55-നുമാത്രമേ പുറപ്പെടുകയുള്ളൂവെന്ന് കമ്പനി ആദ്യം യാത്രക്കാര്‍ക്ക് വിവരം നല്‍കിയിരുന്നു. ഇത് കണക്കാക്കിയെത്തിയ യാത്രക്കാരാണ് പിന്നീട് ഒരറിയിപ്പുമില്ലാതെ വിമാനം വൈകിയതുകൊണ്ട് ബുദ്ധിമുട്ടിലായത്.യാത്രക്കാരെ വിമാനത്തിനുള്ളില്‍ കയറ്റിയെങ്കിലും പുലര്‍ച്ചെ ഒന്നരവരെ വിമാനത്തില്‍ തന്നെ ഇരിക്കേണ്ടിവന്നു. സാങ്കേതിക തകരാറാണ് കാരണമായി ആദ്യം അറിയിച്ചത്. പിന്നീട് അധികൃതരില്‍നിന്ന് ഒരു അറിയിപ്പും യാത്രക്കാര്‍ക്ക് ലഭിച്ചില്ല. ശനിയാഴ്ച രാവിലെ ആയിട്ടും യാത്ര ആരംഭിക്കാത്തതിനാല്‍ യാത്രക്കാര്‍ പരാതിയുമായി ചെന്നെങ്കിലും അധികാരികളില്‍നിന്ന് പ്രതികരണമൊന്നുമുണ്ടായില്ല.

നിരന്തരമായി യാത്രക്കാർ എയർ ഇന്ത്യ അധികൃതരെ കണ്ട് പരാതി അറിയിച്ചതോടെ പുറത്തുള്ള ഹോട്ടലിലേക്ക് മാറ്റാം എന്ന് അറിയിക്കുകയായിരുന്നു. എന്നാൽ വിസകഴിഞ്ഞ് മടങ്ങുന്നവരും വിസിറ്റ് വിസയിൽ വന്നവരുമായി നാല്പതോളം യാത്രക്കാർ വേറെയുമുണ്ടായിരുന്നതിനാൽ അവർക്ക് പുറത്ത് പോവാൻ സാധിക്കില്ലായിരുന്നു. ഇവരെ എയർ ഇന്ത്യ അധികൃതർ തിരിഞ്ഞ് നോക്കിയില്ല.

ഒടുവിൽ എല്ലാവരും വിമാനത്താവളത്തിന്റെ ലോബിയിൽ തന്നെ കഴിച്ച് കൂട്ടുകയായിരുന്നു. ഇതിൽ സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നു. കുട്ടികൾക്കോ സ്ത്രീകൾക്കോ ആവശ്യമായ ഭക്ഷണം നൽകുന്ന കാര്യത്തിലും എയർഇന്ത്യ നിരുത്തരവാദിത്വം കാണിക്കുകയായിരുന്നു. ഇവർക്ക് ഭക്ഷണമോ ആവശ്യമായ മറ്റ് സൗകര്യങ്ങളോ നൽകുന്നതിലും കമ്പനി വിമുഖത കാണിച്ചു. ഒടുവിൽ യാത്രക്കാർ ബഹളം വെച്ചതിനെത്തുടർന്ന് ഒരു ചെറിയ ബർഗറും ജ്യൂസും രാവിലെയും ഉച്ചയ്ക്കും നൽകി. വൈകീട്ടും ഇതുമാത്രമാണ് ഭക്ഷണമായി ലഭിച്ചത്.

ജോലിമതിയാക്കിയും വിസ കഴിഞ്ഞും മറ്റും പോകുന്ന യാത്രക്കാരുടെ കൈയിൽ ആവശ്യത്തിന് പണം ഇല്ലാതിരുന്നതിനാൽ ഭക്ഷണമോ വെള്ളമോ വാങ്ങിക്കഴിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു പലരും ഉണ്ടായിരുന്നത്. യാത്രികർ പരസ്പരം സഹായിച്ചതിനാൽ മാത്രമാണ് മറ്റ് പലർക്കും ആവശ്യമുള്ള ഭക്ഷണവും വെള്ളവും ലഭിച്ചത്. ഒടുവില്‍ അബുദാബി വിമാനത്താവളവകുപ്പ് മേധാവികള്‍ എത്തിയാണ് ഇവര്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കിയത്. വെറും തറയില്‍ ക്ഷീണിച്ചുറങ്ങുന്ന അമ്മമാര്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ പുതപ്പുകള്‍ നല്‍കാന്‍ പോലും എയര്‍ ഇന്ത്യ എക്‌സ്​പ്രസ് അധികൃതര്‍ തയ്യാറായില്ല. ഒടുവില്‍ ശനിയാഴ്ച 9.10ന് തിരുവനന്തപുരത്തേക്കുള്ള വിമാനത്തില്‍ ഈ 156 ആളുകളെയും കയറ്റിവിട്ടതിനുശേഷംമാത്രമേ ശനിയാഴ്ച ബുക്ക് ചെയ്തവര്‍ക്ക് യാത്രാനുമതി നല്‍കുകയുള്ളൂവെന്ന ഉറപ്പ് വിമാനത്താവളത്തിലെ പോലീസ് മേധാവിയില്‍നിന്ന് രാത്രി എട്ടരയ്ക്ക് ലഭിച്ചതോടെയാണ് യാത്രക്കാര്‍ക്ക് ആശ്വാസമായത്.