പ്രവാസികള്‍ക്ക് ആശങ്ക: ഒക്ടോബറോടെ വിമാന ടിക്കറ്റ് നിരക്ക് ഇരട്ടിയാവുമെന്ന് റിപ്പോര്‍ട്ടുകള്‍

0

ദുബായ്: ദസറ, ദീപാവലി ആഘോഷങ്ങള്‍ വരാനിരിക്കവെ ഒക്ടോബറില്‍ വിമാന ടിക്കറ്റ് നിരക്കുകള്‍ വീണ്ടും ഇരട്ടിയാവുമെന്ന് റിപ്പോര്‍ട്ടുകള്‍. ഈ സീസണിന് മുന്നോടിയായി ദുബായ് ഉള്‍പ്പെടെയുള്ള പ്രധാന ഡെസ്റ്റിനേഷനുകളിലേക്കുള്ള ബുക്കിങ് അന്വേഷണങ്ങള്‍ ലഭിച്ചു തുടങ്ങിയതായി ട്രാവല്‍ ഏജന്റുമാര്‍ പറയുന്നു.

ഒക്ടോബര്‍ 24ന് ദീപാവലി ആഘോഷങ്ങള്‍ക്ക് തുടക്കമാവുമ്പോള്‍ ഒക്ടോബര്‍ 24നാണ് ഉത്തരേന്ത്യയിലെ ദസറ. ഉത്സവ സീസണുകളില്‍ ടിക്കറ്റ് നിരക്ക് പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുകയെന്ന ശീലം വിമാനക്കമ്പനികള്‍ ഈ സീസണിലും ആവര്‍ത്തിക്കും. വിമാന ടിക്കറ്റ് നിരക്ക് ഇരട്ടിയായെങ്കിലും വര്‍ദ്ധിക്കുമെന്നാണ് യുഎഇയിലെ ട്രാവല്‍ ഏജന്‍സികള്‍ അഭിപ്രായപ്പെടുന്നത്. പൊതുവെ ഉത്തരേന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വരുന്ന വിനോദ സഞ്ചാരികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സമയാണിത്.

ഇന്ത്യയ്‍ക്കും യുഎഇക്കും ഇടയില്‍ ഈ കാലയളവിനിടയില്‍ വിമാന സര്‍വീസുകളുടെ എണ്ണം കൂടാന്‍ സാധ്യതയില്ലാത്തിതിനാല്‍ യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനനുസരിച്ച് വിമാന ടിക്കറ്റ് നിരക്ക് മുകളിലേക്ക് നീങ്ങിത്തുടങ്ങും. ഉത്തരേന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്നായിരിക്കും വിമാന യാത്രക്കാരുടെ തിരക്കേറുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഒക്ടോബറിലേക്ക് നാട്ടിലേക്കും തിരിച്ചുമുള്ള യാത്രകള്‍ ആലോചിക്കുന്നവര്‍ പരമാവധി നേരത്തെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യുകയാണ് വില വര്‍ദ്ധനവില്‍ നിന്ന് രക്ഷപെടാനുള്ള വഴി. അവസാന നിമിഷം യാത്ര തീരുമാനിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ ഒരുപക്ഷേ വന്‍തുക തന്നെ ടിക്കറ്റിനായി മുടക്കേണ്ടി വരും.

പൊതുവേ തിരക്കേറിയ ഇന്ത്യ – യുഎഇ സെക്ടറില്‍ എല്ലാ ഉത്സവ കാലങ്ങളിലും ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നത് പുതുമയല്ല. ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളം അധികൃതര്‍ പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ദുബൈയില്‍ നിന്ന് ഏറ്റവുമധികം പേര്‍ യാത്ര ചെയ്യുന്നത് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കാണ്. 2022ലെ ആദ്യ പകുതിയില്‍ മാത്രം 40 ലക്ഷത്തോളം പേരാണ് ദുബൈയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്തത്.

വിമാന സര്‍വീസുകള്‍ക്ക് പുറമെ ഹോട്ടല്‍ ബുക്കിങുകളും വര്‍ദ്ധിച്ചുതുടങ്ങിയിട്ടുണ്ട്. ബര്‍ ദുബൈയിലെ ഏതാനും ഹോട്ടലുകള്‍ വരുന്ന ആഘോഷ സീസണില്‍ രണ്ടാഴ്‍ചയിലേക്ക് ഇതിനോടകം തന്നെ നൂറ് ശതമാനം ബുക്കിങ് പൂര്‍ത്തീകരിച്ചുകഴിഞ്ഞു.