ഇറുകിയ വസ്ത്രം ധരിച്ചവര്‍ക്ക് സൗദി എയര്‍ലൈന്‍സില്‍ വിലക്ക്; മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് എതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപകവിമര്‍ശനം

0

ഇറുകിയതും ശരീരം പ്രദര്‍ശിപ്പിക്കുന്നതുമായ വസ്ത്രങ്ങള്‍ ധരിച്ച്‌ സ്ത്രീകള്‍ വിമാനയാത്രയ്ക്ക് എത്തരുതെന്ന് സൗദി എയര്‍ലൈന്‍. ഷോര്‍ട്ട്സ് ധരിക്കുന്നതിൽ പുരുഷന്‍മാര്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കമ്പനിയുടെ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ട ഈ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് എതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം വ്യാപകമാണ്.

നിർദേശങ്ങൾ ലംഘിക്കുന്നവരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് എയര്‍ലൈന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സൗദി എയര്‍ലൈന്‍സ് വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ട നിര്‍ദേശങ്ങള്‍ ഇതാണ് –

സഹയാത്രികര്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്നതും മോശമായി തോന്നുന്നതുമായ ഡ്രസ് കോഡ് ഒഴിവാക്കണം. കാലുകളും കൈകളും പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രം, ഇറുകിയ വസ്ത്രം തുടങ്ങിയവ ഉദാഹരണമായിട്ട് പറയുന്നു. പുരുഷന്‍മാര്‍ ഷോര്‍ട്ട്സ് ധരിക്കുന്നതും മോശമായി കമ്ബനി കാട്ടുന്നു.

സൗദി വിനോദസഞ്ചാര, ആരോഗ്യ വകുപ്പിലെ മുന്‍ മേധാവി അലി അല്‍ ഖാംദി, ഈ വിഷയത്തില്‍ ഒരു മാധ്യമത്തിന് നല്‍കിയ പ്രതികരണം ഇങ്ങനെ – ഇത് ഒരു വിമാനക്കമ്ബനിയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന നിയമമല്ല. ലോകത്തിലെ എല്ലാ വിമാനക്കമ്ബനികളും വിവിധ രീതിയിലുള്ള വസ്ത്രധാരണ രീതി നടപ്പിലാക്കുന്നു.

സൗദി എയര്‍ലൈന്‍സിന്റെ ഭാഗത്തുനിന്നുള്ള നല്ലൊരു നടപടിയാണിതെന്ന അഭിപ്രായം സമൂഹമാധ്യമത്തിലൂടെ ഒരു കൂട്ടര്‍ അറിയിച്ചു. എന്നാല്‍ വിദേശത്തുനിന്ന് വരുന്നവര്‍ക്ക് ഉള്‍പ്പെടെ ഇതൊരു ബുദ്ധിമുട്ടായിരിക്കുമെന്ന് മറ്റൊരു കൂട്ടരും ആരോപിച്ചു. നിയമത്തെ കുറിച്ച്‌ അറിവില്ലാത്തവര്‍ വിമാനത്താവളത്തില്‍ വെച്ച്‌ പുതിയ വസ്ത്രം വാങ്ങേണ്ട അവസ്ഥ ഉണ്ടാകുന്നുണ്ട്. ചിലര്‍ യാത്ര പോലും റദ്ദാക്കുന്നു. അതേസമയം, പല വിദേശയാത്രികരുടെ കാര്യത്തിലും ഈ വസ്ത്രധാരണ നിയമം നടപ്പിലാക്കുന്നില്ല എന്ന് ഫോട്ടോകള്‍ സഹിതം പോസ്റ്റ് ചെയ്തവരുമുണ്ട്.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.