അക്ഷയ് കുമാറിൻ്റെ ‘രാം സേതു’ ടീസർ പുറത്ത്

0

അക്ഷയ് കുമാർ നായകനാവുന്ന ഏറ്റവും പുതിയ ചിത്രം രാം സേതുവിൻ്റെ ടീസർ പുറത്ത്. ആക്ഷന് പ്രാധാന്യം കൊടുത്ത് ഒരുക്കിയിരിക്കുന്ന സിനിമയാണ് ഇതെന്ന സൂചനയാണ് ടീസർ നൽകുന്നത്. അടുത്ത മാസം 25ന് സിനിമ തീയറ്ററുകളിലെത്തും. അഷയ് കുമാറിനൊപ്പം ജാക്വലിൻ ഫെർനാണ്ടസും നുസ്റത് ബറൂച്ചയും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തും.

ലൈക്ക പ്രൊഡക്ഷൻസ്, കേപ് ഓഫ് ഗുഡ് ഫിലിംസ്, അബുണ്ടാന്റിയ എൻ്റർടൈന്മെൻ്റ് എന്നിവർക്കൊപ്പം ആമസോൺ പ്രൈം വിഡിയോയും ചിത്രത്തിൻ്റെ നിർമാതാവാണ്. ഇത് ആദ്യമായാണ് പ്രൈം വിഡിയോ സിനിമാ നിർമാണ മേഖലയിലേക്ക് കടക്കുന്നത്. പരമാണു, തേരേ ബിൻ ലാദൻ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ അഭിഷേക് ശർമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നായകൻ അക്ഷയ് കുമാർ അടക്കം 45 അണിയറ പ്രവർത്തകർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതിനു പിന്നാലെ സിനിമാ ചിത്രീകരണം നിർത്തിയിരുന്നു. മുംബൈയിലെ പുതിയ ലൊക്കേഷനിൽ ചിത്രീകരണം ആരംഭിക്കുന്നതിനു മുന്നോടി ആയി ഏപ്രിൽ അഞ്ചിന് നടത്തിയ കൊവിഡ് ടെസ്റ്റിലാണ് 45 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്.