മോഹൻലാലിനെ ‘വെടി വെക്കാൻ’ ശ്രമിച്ച നടൻ അലൻസിയറിനെ എഎംഎംഎയിൽ നിന്നും പുറത്താക്കിയേക്കും; വെടിവെച്ചത് മോഹൻലാലിനെയല്ല, ഒപ്പിട്ടവരെയെന്നു അലന്‍സിയര്‍

0

സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര ചടങ്ങിനിടെ മോഹൻലാലിനെതിരെ ‘കൈതോക്ക്’ ഏന്തി പ്രതീകാത്മകമായി വെടിവെച്ച് പ്രതിഷേധിച്ച നടൻ അലൻസിയറിനെതിരെ നടപടിയെടുക്കാൻ എഎംഎംഎയുടെ നീക്കം. താരസംഘടനയുടെ അധ്യക്ഷനെ പരസ്യമായി പൊതവേദിയിൽ വെച്ച് അവഹേളിച്ചത് വെച്ചുപൊറുപ്പിക്കാൻ സാധിക്കാത്ത നടപടി ആണെന്നാണ് സംഘടനയുടെ ഭാരവാഹികൾ വിലയിരുത്തുന്നത്. 

മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മറ്റ് സിനിമാ പ്രവർത്തകരും വേദിയിൽ ഇരിക്കേയാണ് അലൻസിയറിന്റെ മോശം പെരുമാറ്റം. മോഹൻലാൽ പ്രസംഗിച്ചുകൊണ്ടിരിക്കെ പ്രസംഗപീഠത്തിനു താഴെയെത്തി കൈവിരലുകൾ തോക്കുപോലെയാക്കി രണ്ടുവട്ടം വെടിയുതിർക്കുകയായിരുന്നു നടൻ ചെയ്തത്. തുടർന്ന് ലാലിന്റെ പ്രസംഗ പീഠത്തിന് സമീപത്തേക്ക് എത്താനും ശ്രമം നടത്തി. ഇത് മോഹൻലാലിനെ മനപ്പൂർവ്വം അവഹേളിക്കാൻ വേണ്ടി ചെയ്തതാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത്തരത്തിൽ പ്രതീകാത്മക പ്രതിഷേധങ്ങൾ നടത്തി പ്രസിദ്ധനായ വ്യക്തിയാണ് അലൻസിയർ.

എന്നാല്‍ താന്‍  പ്രതീകാത്മകമായി തോക്ക് ചൂണ്ടിയത് മോഹൻലാലിന് നേരെയല്ലെന്നും സമൂഹത്തിന് നേരെയാണെന്നുമാണ് അലൻസിയർ പറയുന്നത്. അമ്മ എന്ന സംഘടനയുടെ പ്രസിഡന്റായതിന്റെ പേരിൽ മോഹൻലാലിനെ അവാർഡ്ദാന ചടങ്ങിൽ നിന്നും ഒഴിവാക്കണമെന്ന് സമൂഹമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ട സാംസ്കാരിക നായകർ ആ ചടങ്ങിൽ പങ്കെടുത്തതിനെയാണ് താൻ വിമർശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. “മോഹൻലാൽ എന്ന മഹാനായ ഒരു നടൻ സംഘടനയുടെ സാരഥ്യം ഏറ്റെടുത്തതിന്റെ പേരിൽ അദ്ദേഹത്തെ ചടങ്ങിൽ നിന്നും ഒഴിവാക്കണമെന്ന് പറയുന്നതിലെ സാംഗത്യം എനിക്ക് മനസിലായിട്ടില്ല. ലാലേട്ടനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഒപ്പിട്ടവരെല്ലാം എന്റെ സുഹൃത്തുക്കളാണ്. അവരിൽ പലരും ആ വേദിയിലുണ്ടായിരുന്നു. ഈ പൊള്ളത്തരത്തെ ചോദ്യം ചെയ്താണ് ഞാൻ വിരലുകൾ കൊണ്ട് തോക്ക് ചൂണ്ടിയത്” അലൻസിയർ പറയുന്നു. ആ ഒപ്പിട്ടവർക്കെതിരെയാണ് താൻ വെടിവച്ചതെന്നും അല്ലാതെ മോഹൻലാലിനെതിരെയല്ലെന്നും അലൻസിയർ കൂട്ടിച്ചേർത്തു. 

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.