ശ്രീരാമനും ശ്രീകൃഷ്ണനുമില്ലാതെ ഇന്ത്യൻ സംസ്കാരം അപൂർണ്ണം; അലഹബാദ് ഹൈക്കോടതി

0

ആഗ്ര : ശ്രീരാമനും ശ്രീകൃഷ്ണനും ഭഗവത് ഗീതയും സ്‌കൂളുകളിൽ നിർബന്ധിത പാഠ്യവിഷയങ്ങളാക്കണമെന്ന് അലഹബാദ് ഹൈക്കോടതി. ശ്രീരാമനും ശ്രീകൃഷ്ണനും രാമായണവും ഭഗവദ്ഗീതയും വാൽമീകിയും വേദവ്യാസനുമെല്ലാം ഇന്ത്യയുടെ പൈതൃകത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമാണെന്നും ഇവരോട് ആദരം പ്രകടിപ്പിക്കാൻ പാർലമെന്റ് നിയമം കൊണ്ടുവരണമെന്നും അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണം. ഏകാംഗബെഞ്ച് ജഡ്ജി ജസ്റ്റിസ് ശേഖർ കുമാർ യാദവിന്റേതാണ് പരാമർശം.

രാമനെയും കൃഷ്ണനെയും ആക്ഷേപിക്കുന്ന വിധത്തിൽ ഫെയ്സ്ബുക്കിൽ പരാമർശം നടത്തിയെന്ന കേസിൽ ആകാശ് ജാദവ് എന്ന സൂര്യപ്രകാശിന് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. രാജ്യത്തെ ഭൂരിപക്ഷത്തിന്റെ വിശ്വാസത്തെ ചോദ്യംചെയ്യുന്നതാണ് ആകാശ് ജാദവിന്റെ നടപടിയെന്നും ഇത്തരം ചെയ്തികൾ സമാധാനത്തിനും സാഹോദര്യത്തിനും ഭീഷണിയാണെന്നും കോടതി നിരീക്ഷിച്ചു.

ശ്രീരാമൻ ഇല്ലാതെ ഇന്ത്യയും , ഇന്ത്യയുടെയും സംസ്ക്കാരവും അപൂർണ്ണമാണ്. ഇത്തരം വിഷയങ്ങളിൽ അശ്ലീല പരാമർശങ്ങൾ നടത്തുന്നതിനുപകരം, അവർ ജീവിക്കുന്ന രാജ്യത്തിന്റെ ദൈവങ്ങളെയും സംസ്കാരത്തെയും ബഹുമാനിക്കണമെന്നും കോടതി പറഞ്ഞു.

നിരീശ്വരവാദിയാകാൻ ഭരണഘടന അനുവദിക്കുന്നുണ്ട് . എന്നാൽ അതിന് ദൈവങ്ങൾക്കെതിരെ അശ്ലീല പരാമർശം നടത്താമെന്ന് അർത്ഥമില്ല . രാജ്യത്തെ എല്ലാ സ്കൂളുകളിലും ഇത് നിർബന്ധിത വിഷയമാക്കി കുട്ടികളെ ഇന്ത്യൻ സംസ്കാരത്തെക്കുറിച്ച് ബോധവത്കരിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും കോടതി പ്രസ്താവിച്ചു.

ലോകത്ത് ഇത്തരത്തിൽ മതങ്ങളെ ആക്ഷേപിക്കുന്നതിന് കടുത്ത ശിക്ഷ നൽകുന്ന നിരവധി രാജ്യങ്ങളുണ്ട്. എന്നാൽ മിക്ക രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലാണ് കുറഞ്ഞ ശിക്ഷ നൽകുന്നതെന്നും കോടതി ഓർമ്മിപ്പിച്ചു . കഴിഞ്ഞ 10 മാസമായി ജയിലിലാണെന്ന അപേക്ഷ പരിഗണിച്ച് കോടതി പ്രതിയ്‌ക്ക് ജാമ്യം അനുവദിച്ചു. നേരത്തേ പശുവിനെ അറത്തെന്ന കേസിൽ പ്രതിക്ക് ജാമ്യം നിഷേധിച്ച ഇതേ ജഡ്ജി പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.