സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ആലോക് വർമ വീണ്ടും പുറത്ത്

1

ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് അലോക് വര്‍മ്മയെ വീണ്ടും പുറത്താക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ ഉന്നതാധികാര സമിതിയുടെ ഭൂരിപക്ഷ തീരുമാനം കണക്കിലെടുത്താണ് പുറത്താക്കാനുള്ള തീരുമാനം എടുത്തത്. പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ യോഗത്തില്‍ നീക്കത്തെ എതിര്‍ത്തു. സിബിഐ ജോയിന്റ് ഡയറക്ടർ എം.നാഗേശ്വര റാവുവിനു വീണ്ടും ഡയറക്ടറുടെ ചുമതല നൽകി. അഴിമതിയും കൃത്യവിലോപവും അടക്കമുള്ള ആരോപണങ്ങള്‍ നേരിട്ട് ഒരു സിബിഐ ഡയറക്ടര്‍ക്ക് പുറത്തുപോകേണ്ടി വരുന്നത് ആദ്യമായാണെന്ന് പി. ടി. ഐ വാര്‍ത്താ ഏജന്‍സി റിപ്പോർട്ട് ചെയ്തു. കേന്ദ്രസര്‍ക്കാര്‍ നേരത്തെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കുകയും നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിക്കുകയും ചെയ്ത വര്‍മ്മ സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് തിരിച്ചെത്തിയത്. വർമയെ ഡയറക്ടർ സ്ഥാനത്തു നിന്നു നീക്കി കഴിഞ്ഞ ഒക്ടോബർ 23ന് കേന്ദ്ര വിജിലൻസ് കമ്മിഷനും പ്രധാനമന്ത്രിക്കു കീഴിലുള്ള പഴ്സനേൽ വകുപ്പും ഇറക്കിയ ഉത്തരവുകൾ സുപ്രീം കോടതി ചൊവ്വാഴ്ച റദ്ദാക്കിയിരുന്നു. ഡയറക്ടറെ മാറ്റണമെങ്കിൽ തീരുമാനമെടുക്കേണ്ടത് ഉന്നതാധികാര സമിതിയാണെന്നും അതല്ല സംഭവിച്ചതെന്നുമാണു ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. ഇതേത്തുടര്‍ന്നാണ് സെലക്ഷന്‍ കമ്മിറ്റി ബുധനാഴ്ച ദിവസം യോഗം ചേര്‍ന്നത്. എന്നാല്‍, യോഗത്തില്‍ തീരുമനാമുണ്ടായില്ല. കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ എതിര്‍പ്പിനെ തുടര്‍ന്നായിരുന്നു ഇത്. പിന്നാലെ ഇന്നലെ വീണ്ടും ചേര്‍ന്ന യോഗത്തിലാണ് അലോക് വര്‍മ്മയെ നീക്കാനുള്ള തീരുമാനമുണ്ടായത്.

1 COMMENT

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.