മരക്കാറിന് ആമസോൺ പ്രൈം നൽകിയത് 90 കോടി രൂപയ്ക്ക് മുകളിലെന്ന് റിപ്പോർട്ട്

0

മോഹൻലാൽ നായകനായി പ്രിയദർശൻ്റെ സംവിധാനത്തിലൊരുങ്ങിയ ബിഗ് ബഡ്ജറ്റ് ചിത്രം ‘മരക്കാർ; അറബിക്കടലിൻ്റെ സിംഹം’ എന്ന സിനിമയ്ക്ക് ആംസോൺ പ്രൈം നൽകിയത് 90 കോടി രൂപയ്ക്ക് മുകളിലെന്ന് റിപ്പോർട്ട്. 90- 100 കോടി രൂപയ്ക്ക് ഇടയിൽ ചിത്രത്തിനു ലഭിച്ചെന്നാണ് വിവരം. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ രാജ്യത്ത് ഒരു സിനിമയ്ക്ക് ഒടിടി പ്ലാറ്റ്ഫോം നൽകുന്ന ഏറ്റവും ഉയർന്ന തുകയാണ് ഇത്.

90 കോടിയോളം മുതൽമുടക്കിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ആമസോൺ നൽകുന്നത് മുതലും കഴിഞ്ഞ് ലാഭമാണ്. സാറ്റലൈറ്റ് അവകാശത്തിനു ലഭിക്കുന്ന തുകയും കൂടിയാവുമ്പോൾ ചിത്രത്തിൻ്റെ ലാഭം വർധിക്കും. ഈ തുക നിർമാതാവിനാണ്.

മരക്കാർ മാത്രമല്ല, ആശിർവാദ് സിനിമാസ് നിർമിക്കുന്ന നാല് മോഹൻലാൽ ചിത്രങ്ങൾ കൂടി ഒടിടിയിൽ റിലീസ് ചെയ്യുമെന്ന് ആന്റണി പെരുമ്പാവൂർ അറിയിച്ചിരുന്നു. പൃഥ്വിരാജിൻ്റെ സംവിധാനത്തിലൊരുങ്ങുന്ന ബ്രോ ഡാഡി, ജീത്തു ജോസഫ് അണിയിച്ചൊരുക്കുന്ന ട്വൽത് മാൻ എന്നീ ചിത്രങ്ങൾ ഡിസ്നി ഹോട്ട്‌സ്റ്റാറിലൂടെ റിലീസാവും. ഈ ചിത്രങ്ങൾക്കൊപ്പം ഷാജി കൈലാസിൻ്റെ എലോൺ, പുലിമുരുകന് ശേഷം മോഹൻലാലിനെ നായകനാക്കി ഉദയകൃഷ്‍ണയുടെ സംവിധാനത്തിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയും ഒടിടി റിലീസ് ആയിരിക്കുമെന്നാണ് ആൻ്റണി അറിയിച്ചത്.

സിനിമ ഒടിടിയിൽ റിലീസ് ചെയ്യാനുള്ള നിർമാതാവ് ആൻറണി പെരുമ്പാവൂരിൻ്റെ തീരുമാനത്തിനെതിരെ തീയറ്റർ ഉടമകൾ രംഗത്തു വന്നിരുന്നു. പ്രശ്ന പരിഹാരത്തിന് സിനിമാ സംഘടനകൾ തമ്മിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സാംസ്കാരിക മന്ത്രി സജി ചെറിയാനും ഇടപെട്ടു.ഫിലിം ചേംബറിൻറെ മധ്യസ്ഥതയിൽ തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കും നിർമ്മാതാവ് ആൻറണി പെരുമ്പാവൂരും നടത്തിയ ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞിരുന്നു.

പലതവണയാണ് ചിത്രം തീയറ്ററിൽ പ്രദർശിപ്പിക്കാനുള്ള ചർച്ചകൾ നടന്നത്. 15 കോടി വരെ അഡ്വാൻസ് നൽകാം എന്ന് ഫിയോക്ക് നിലപാട് എടുത്തെങ്കിലും കൂടുതൽ തുക വേണമെന്ന് നിർമാതാവ് ആൻ്റണി പെരുമ്പാവൂർ അറിയിച്ചു. പക്ഷേ അത്രയും തുക നൽകാൻ സാധിക്കില്ലെന്ന് തീയറ്റർ ഉടമകൾ അറിയിക്കുകയും ചെയ്തു. തുടർന്ന് ചിത്രം ഒടിടി റിലീസിലേക്ക് നീങ്ങുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.