‘പോക്സോ കേസിനു പിന്നിൽ എംഎൽഎയുടെ ഭാര്യയടക്കം ആറുപേർ; വെളിപ്പെടുത്തും’

0

കൊച്ചി: തനിക്കെതിരായ പോക്സോ കേസിനു പിന്നിൽ എംഎൽഎയുടെ ഭാര്യയാണെന്ന് അഞ്ജലി റീമദേവ് മാധ്യമങ്ങളോട് പറഞ്ഞു. ഗൂഢാലോചന നടത്തിയത് എംഎൽഎയുടെ ഭാര്യ ഉൾപ്പെടെ ആറുപേരാണ്. കള്ളപ്പണം ഇടപാടിനെ എതിർത്തതാണു വിരോധത്തിനു കാരണം. ഇവരുടെ പേരുകൾ അന്വേഷണ സംഘത്തിനു മുന്നില്‍ വെളിപ്പെടുത്തുമെന്നും അഞ്ജലി പറഞ്ഞു.

നമ്പർ 18 ഹോട്ടല്‍ പോക്സോ കേസിൽ ചോദ്യം ചെയ്യലിന് അഞ്ജലി ഹാജരായി. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടലിൽ എത്തിച്ചു പീഡിപ്പിച്ചെന്ന കേസിലെ മൂന്നാം പ്രതിയാണ് അഞ്ജലി റീമദേവ്. എറണാകുളം പോക്സോ കോടതി മുൻപാകെ അഞ്ജലി കഴിഞ്ഞ ദിവസം കീഴടങ്ങിയിരുന്നു.

ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് അഞ്ജലി കോടതി മുൻപാകെ ജാമ്യക്കാർക്കൊപ്പം ഹാജരായത്. തുടർന്നു പ്രതിയുടെ പാസ്പോർട്ട് കണ്ടുകെട്ടി. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ നേരിട്ടു ഹാജരാകണമെന്ന വ്യവസ്ഥയിലാണു ജാമ്യം അനുവദിച്ചത്.